ഭാരംകുറഞ്ഞ ലാപ്‌ടോപ്പുകളുമായി ഇന്ത്യൻ വിപണിയിൽ വീണ്ടും ബലപരീക്ഷണത്തിന് എൽജി. ഭാവിയിൽ ഇന്ത്യൻ വിപണിയിൽ കൂടുതൽ ലാപ്‌ടോപ്പുകൾ വിറ്റഴിയുമെന്നും വിദ്യാർത്ഥികളിൽ കൂടുതൽ പേർ ഭാരംകുറഞ്ഞ ലാപ്‌ടോപ്പിലേക്ക് ആകൃഷ്ടരാകുമെന്നുമുള്ള വിലയിരുത്തലിലാണ് പുതിയ നീക്കം.
8th Gen എന്ന കാപ്ഷൻ നൽകിയാണ് പുതിയ ലാപ്‌ടോപ്പുകൾ വിപണിയിൽ എത്തിക്കുന്നത്. ഗെയിമിങ്, മൂവി തുടങ്ങിയ ആവശ്യങ്ങൾ പരിഗണിച്ച് കൂടുതൽ പവറും ബാക്കപ്പുമുള്ള മോഡലുകളാണ് ഇറക്കുക. 13.3 ഇഞ്ച് ,14 ഇഞ്ച് കൂടാതെ 15 ഇഞ്ച് മോഡലുകളാണ് വിപണിയിലെത്തുക. പുതിയ മോഡലുകൾക്ക് വിലക്കൂടുതൽ ഉണ്ടെങ്കിലും ഇത് ഇന്ത്യൻ വിപണിയിൽ അപ്പർക്‌ളാസ് സ്വീകരിക്കുമെന്ന വിലയിരുത്തലിലാണ് കമ്പനി.
Intel i5, i7 പ്രോസസറുകളിലാണ് പുതിയ കനംകുറഞ്ഞ ലാപ്‌ടോപ് വിപണിയിൽ എത്തുന്നത്. 19 മണിക്കൂർ മുതൽ 22.5 മണിക്കൂർ വരെ പവർ ബാക്കപ്പ് കമ്പനി വാഗ്ദാനം ചെയ്യുന്നതിനാൽ ദീർഘയാത്രയിലും മറ്റും മികച്ച ബാക്കപ്പ് ലഭിക്കുമെന്ന് കമ്പനി പറയുന്നു.
8GB റാം ഉള്ളതിനാൽ അതിവേഗത്തിൽ മികവാർന്ന ഗെയിമിങ് അനുഭവവും ലഭിക്കും. ഇത്രയൊക്കെ സൗകര്യമുണ്ടെങ്കിലും ഭാരക്കുറവ് തന്നെയാണ് എടുത്തുപറയാവുന്ന മേന്മ. എന്നാൽ വില അൽപം കൂടുതലല്ലേ എന്ന ആശങ്കയും ഈ രംഗത്തുള്ളവർ പങ്കുവയ്ക്കുന്നു. 80,000-ഒരുലക്ഷം റേഞ്ചിലാണ് വില.