പതിവായും തുടര്‍ച്ചയായും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ കണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വ്യാപകമായി കണ്ടുവരുന്നത്. കണ്ണ് വരളുക, തലവേദന, കാഴ്ച മങ്ങുക, ഹ്രസ്വദൃഷ്ടി, കണ്ണില്‍ വെള്ളം നിറയുക, ഇരട്ടയായി തോന്നുക തുടങ്ങിയവയാണ് പ്രധാനമായും കാണുന്ന ലക്ഷണങ്ങള്‍. രണ്ടു മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് കണ്ണ് വരളാന്‍ ഇടയാക്കും. തൊഴിലുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരിലും കാണുന്ന പ്രശ്‌നവും കണ്ണുവരള്‍ച്ചയാണ്.
കണ്ണു വരളുമ്പോള്‍
കണ്ണിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ് കണ്ണീര്. കണ്ണിന് ഈര്‍പ്പവും, സ്‌നിഗ്ദധയും, പ്രതിരോധശേഷിയും നല്‍കുന്നതിന് കണ്ണീര്‍ അനിവാര്യമാണ്. കണ്ണിമകള്‍ അടച്ചുതുറക്കുമ്പോഴാണ് കൃഷ്ണമണി കണ്ണീരില്‍ കുതിരുന്നത്. ഇങ്ങനെ കണ്ണീരില്‍ കുതിര്‍ന്നാല്‍ മാത്രമേ കണ്ണിന് തെളിമയോടെ പ്രവര്‍ത്തിക്കാനാകൂ. കംപ്യൂട്ടര്‍ ഉപഗോഗിക്കുമ്പോള്‍ മിനിറ്റില്‍ 3-4 തവണ മാത്രമേ ഇമ ചിമ്മല്‍ ഉണ്ടാകാറുള്ളു. ഇത് കണ്ണു വരളാന്‍ ഇടയാക്കും. കൂടാതെ വളരെനേരം കംപ്യൂട്ടറിനുമുമ്പില്‍ ഇരുക്കുന്നവരില്‍ കണ്ണീര്‍ വേഗം ബാഷ്പീകരിക്കുന്നതും കണ്ണു വരളാനിടയാക്കും. എയര്‍കൂളറില്‍നിന്ന് കാറ്റ് നേരിട്ട് കണ്ണിലടിക്കുന്നതും വരള്‍ച്ച കൂട്ടാറുണ്ട്. പ്രായമാകുമ്പോള്‍ പ്രത്യേകിച്ചു കാരണമൊന്നും ഇല്ലാതെയും കണ്ണു വരളാം. കണ്ണില്‍ കരട് വീണതുപോലെ തോന്നുക, ഇടയ്ക്കിടെ കണ്ണ് ചുവക്കുകയും, വേദനിക്കുകയും ചെയ്യുക, കാഴ്ച മങ്ങുക, കണ്ണില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക എന്നിവയൊക്കെ കണ്ണിലെ വരള്‍ച്ചയുടെ ലക്ഷണങ്ങളാണ്.
ഇടയ്ക്ക് ഇരിപ്പിടങ്ങളില്‍നിന്ന് മാറി കണ്ണടച്ച് കണ്ണിന് വിശ്രമം നല്‍കുന്നതും, ബോധപൂര്‍വം ഇമകള്‍ ചിമ്മുന്നതും വരള്‍ച്ച തടയും. തണുത്ത ശദ്ധജലം ഇടയ്ക്ക് കണ്ണില്‍ തെറിപ്പിക്കുന്നതും ഏറെ ഗുണംചെയ്യാറുണ്ട്. ചില ഘട്ടങ്ങളില്‍ ഔഷധങ്ങള്‍ ഉപയോഗിക്കേണ്ടിയും വരും.