ചെറുനാരങ്ങ കൊണ്ടുള്ള ഉപയോഗങ്ങള്‍ നിരവധിയാണ്. ഭക്ഷ്യയോഗ്യമായും അല്ലാതെയും നാരങ്ങ കൊണ്ടുള്ള പ്രയോജനങ്ങള്‍ ഏറെയാണ്
- അടുക്കളയിലേയും ഗ്യാസ് സ്റ്റൗവിലേയും സ്ഥിരം വില്ലനായ കറ കളയാന്‍ നാരങ്ങ ഒന്ന് മതി. വീട്ടിലെ സിങ്ക് വൃത്തിയാക്കാന്‍ നാരങ്ങ നീരൊഴിച്ച് കുറച്ചു സമയങ്ങള്‍ക്ക് ശേഷം കഴുകിക്കളയുക. വെള്ളി പോലെ തിളങ്ങുന്നത് കാണാം.
- വസ്ത്രത്തില്‍ പഴച്ചാറുകളോ മറ്റോ വീണ് കറയുണ്ടെങ്കില്‍ അല്‍പ്പം നാരങ്ങ നീര് പുരട്ടി കഴുകുക. പച്ചക്കറികള്‍ അരിഞ്ഞു കറപിടിച്ച പലകയില്‍ നാരങ്ങനീരും ഉപ്പു ചേര്‍ത്ത് തുടച്ചാല്‍ കറ ഇളകും. കസേരകളിലും മേശകളിലും പിടിച്ച കറകള്‍ അകലാന്‍ അല്‍പ്പം നാരങ്ങനീരില്‍ തുണിമുക്കി തുടച്ചാല്‍ മതിയാകും. അതു പോലെ പഴങ്ങളിലെ പുഴുക്കുത്തുകള്‍ മാറ്റാന്‍ നാരങ്ങനീര് സ്‌പ്രേ ചെയ്യാം.
- വീടിനുളളിലെ ദുര്‍ഗന്ധം ഇല്ലാതാക്കാനും നാരങ്ങ കേമനാണ്.അഞ്ചോ ആറോ ചെറുനാരങ്ങ മുറിച്ചു വച്ചതും ഒരുപിടി ഗ്രാമ്പുവും വെള്ളത്തിലേക്കു ചേര്‍ക്കുക. ഇത് വീടിനുള്ളിലെ ദുര്‍ഗന്ധം ഇല്ലാതാക്കി ശുദ്ധമായ വായു പ്രദാനം ചെയ്യുന്നു.
- ആപ്പിള്‍, അവക്കാഡോ തുടങ്ങിയ ചില പഴങ്ങള്‍ മുറിച്ചുവച്ചാല്‍ അല്‍പസമയത്തിനുള്ളില്‍ അതു നിറം മങ്ങുന്നതു കാണാം. ഈ അവസ്ഥ ഇല്ലാതാക്കാന്‍ പഴത്തിനു മുകളിലേക്ക് അല്‍പം നാരങ്ങാനീര് ഒഴിച്ചാല്‍ മതിയാകും.
- വാങ്ങുമ്പോള്‍ വൃത്തിയായിരിക്കുന്ന പല കട്ടിങ് ബോര്‍ഡുകളുടെയും പിന്നീട് പച്ചക്കറികളുടെ കറയും മറ്റും പുരണ്ട് കറുത്തിരുണ്ട് കിടക്കുന്നതു കാണാം. എത്രതന്നെ തേച്ചുരച്ചാലും പോകാത്ത ഈ കറയെ ഇല്ലാതാക്കാനും നാരങ്ങ മതി. ഒരുകഷ്ണം നാരങ്ങയെടുത്ത് കട്ടിങ് ബോര്‍ഡിനു മുകളില്‍ ഉരസുക, ശേഷം ഇരുപതു മിനിറ്റോളം കുതിര്‍ന്നതിനു ശേഷം കഴുകിക്കളയുക.
- അവശിഷ്ടങ്ങളും മാലിന്യങ്ങളും നിക്ഷേപിക്കുന്ന ബോക്‌സുകള്‍ക്ക് അരികിലൂടെ പോകുമ്പോള്‍ തന്നെ ഒരു വൃത്തികെട്ട മണമായിരിക്കും. ഇതില്ലാതാക്കാന്‍ ഒരുനാരങ്ങയുടെ പകുതിയെടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിങ് സോഡയും ചേര്‍ത്ത് ഇടുക. ദുര്‍ഗന്ധം വൈകാതെ ഇല്ലാതാകും.
- മൈക്രോവേവിനുള്ളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിനെ നീക്കം ചെയ്യാന്‍. നാലു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കാന്‍ വെക്കുക. ഈ മിശ്രിതം മൈക്രോവേവിനുള്ളില്‍ അടിഞ്ഞിരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളെ എളുപ്പത്തില്‍ ഇളകിവരാന്‍ സഹായിക്കുന്നു.