ചെറുതും വലുതുമായ പല കാരണങ്ങള്‍ തകര്‍ച്ചകള്‍ക്കു പിന്നിലുണ്ടാകും. ചിലപ്പോഴൊക്കെ വീണ്ടും ഒരു അവസരം ചോദിച്ച് പങ്കാളി എത്തും. ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫോണ്‍ കോളുകളും സന്ദേശങ്ങളും ലഭിക്കും. നേരിട്ട് കണ്ടും അഭ്യര്‍ഥിക്കും. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാകും പലരും എത്തിച്ചേരുക. മനസ്സിനേറ്റ മുറിവിനും അവസാനിക്കാത്ത പ്രണയത്തിനുമിടയില്‍ നില്‍ക്കുമ്പോള്‍ എങ്ങനെ തീരുമാനമെടുക്കും. ഇനി ഒരു അവസരം കൊടുക്കണോ?
തെറ്റുകള്‍ ഗുരുതരമാണോ?
ബന്ധം അവസാനിപ്പിക്കും മുന്‍പാണ് ഈ ചോദ്യത്തിന് പ്രാധാന്യമുള്ളത്. എങ്കിലും വീണ്ടും അവസരം ആവശ്യപ്പെടുമ്പോള്‍ ഈ ചോദ്യം വീണ്ടും ചോദിക്കാം. എന്തായിരുന്നു തെറ്റ്? ഒരിക്കലും ക്ഷമിക്കാനാവാത്തതാണോ? ഈ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുക. പല രീതിയില്‍ ചിന്തിക്കുക. ഗുരുതരവും ഒരിക്കലും ക്ഷമിക്കാനാവാത്തതും ഇനിയും വേദനിക്കേണ്ടി വരും എന്ന് ഉറപ്പുണ്ടെങ്കില്‍ വീണ്ടും അവസരം എന്ന ചിന്ത ആവശ്യമില്ല. അല്ലാത്ത പക്ഷം ഈ ചോദ്യങ്ങള്‍ ചോദിച്ചു മുന്നോട്ടു പോവുക.
തെറ്റുപറ്റിയെന്ന് സമ്മതിക്കുന്നുണ്ടോ?
അവസരം ചോദിക്കുന്ന പങ്കാളി തെറ്റ് ഏറ്റു പറയാന്‍ തയാറാകുന്നുണ്ടോ എന്നു നോക്കണം. തെറ്റു സമ്മതിക്കാതെ അവസരം ചോദിക്കുന്നവരുണ്ട്. അവ പരിഗണക്കുന്നതില്‍ അര്‍ഥമില്ല. ബന്ധം തകരാനിടയായ തെറ്റ് ഏറ്റുപറഞ്ഞ് ഇനി ആവര്‍ത്തിക്കില്ല എന്ന് ഉറപ്പ് നല്‍കുന്നു എങ്കില്‍ അവസരം നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കാം.
പ്രണയം കൊണ്ടു മാത്രമാകില്ല
വിശ്വാസം, ബഹുമാനം, ആത്മാര്‍ഥത എന്നിവ കൂടി ഉണ്ടെങ്കിലേ ബന്ധം മുന്നോട്ടു പോകൂ. പ്രണയം അതിലെ ഒരു ഘടകം മാത്രമാണ്. ഇതെല്ലാം വ്യക്തമായി പരിഗണിക്കുക. തെറ്റുകള്‍ ആവര്‍ത്തിക്കാനുള്ള കാരണം ഇതിലൊന്നിന്റെ അഭാവമാണ്. ഇതു കണ്ടെത്തുക. മനസ്സിലാക്കി തിരുത്തിയാല്‍ പ്രണയം കൂടുതല്‍ ശക്തമയായി മുന്നോട്ടു കൊണ്ടു പോകാനാകും. എന്നാല്‍ അവസരം കൊടുത്താല്‍ ബന്ധം മെച്ചപ്പെടുമെന്ന് ഉറപ്പുണ്ടാകണം.
സംസാരത്തിലല്ല കാര്യം
വാക്കുകള്‍ കൊണ്ട് അവസരം ചോദിക്കുന്നതില്ല, പെരുമാറ്റത്തില്‍ നിങ്ങളെ നഷ്ടപ്പെട്ടതിന്റെ വേദനയും പ്രണയം തിരിച്ചു കിട്ടണമെന്ന ആഗ്രഹവും വേണം. ഇക്കാര്യം ഉറപ്പാക്കുക.
നിങ്ങള്‍ക്കും നഷ്ടം തോന്നുന്നുണ്ടോ?
ഇനി ഒരു ആത്മപരിശോധന ആവശ്യമാണ്. ഇതെല്ലാം പരിഗണിച്ചശേഷം നിങ്ങള്‍ക്ക് ഈ പ്രണയം നഷ്ടപ്പെട്ടതില്‍ വേദനയുണ്ടോ എന്നു കണ്ടെത്തുക. ബന്ധം തുടരാന്‍ തീവ്രമായ ആഗ്രഹമുണ്ടെങ്കില്‍ മാത്രം മുന്നോട്ടു പോവുക.
ഉറപ്പാക്കുക
ഇപ്പോഴും സംശയം ബാക്കിയാണെങ്കില്‍ നേരിട്ട് സംസാരിച്ച് ഉറപ്പാക്കുക. വീണ്ടും ഒന്നിക്കുകയാണെങ്കില്‍ ഇനിയെന്ത്? എങ്ങനെ? എന്ന് ഇരുവരും അറിയണം. ആരോഗ്യകരമായ, തിരുത്തലുകളുള്ള ഒരു ബന്ധമായിരിക്കും ഇനിയെന്ന് ഉറപ്പിക്കുക. ഇനി ഒരു അവസരം ഉണ്ടാകില്ലെന്ന് തുറന്നു പറയുക.