നടന്‍ മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും കെ.എസ്.ആര്‍.ടി.സി.യുടെ പുതിയ പരസ്യചിത്രത്തിനായി ഒന്നിച്ചതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇരുവരും ഒരു കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ ഒരുമിച്ചുള്ള വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് ഉയര്‍ന്ന അഭ്യൂഹങ്ങള്‍ക്കാണ് മന്ത്രിയുടെ വെളിപ്പെടുത്തലോടെ അവസാനമായത്.
മോഹന്‍ലാല്‍ കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ യാത്ര ചെയ്യുന്നതും പ്രിയദര്‍ശന്‍ ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതുമായ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രിയദര്‍ശന്റെ നൂറാമത്തെ സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍, ഈ ചിത്രീകരണം പുതിയ സിനിമയുടേതാണോ എന്നതായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. എന്നാല്‍, പ്രചരിച്ച വിഡിയോ കെ.എസ്.ആര്‍.ടി.സി.യുടെ പുതിയ പരസ്യചിത്രീകരണത്തിന്റെ ഭാഗമായിരുന്നുവെന്ന് മന്ത്രി തന്റെ സാമൂഹിക മാധ്യമത്തിലൂടെ വ്യക്തമാക്കി.
കെ.എസ്.ആര്‍.ടി.സി.യുടെ ഗുഡ്വില്‍ അംബാസഡര്‍ കൂടിയായ മോഹന്‍ലാല്‍ അഭിനയിച്ച ഈ പരസ്യചിത്രം സംവിധാനം ചെയ്തത് പ്രിയദര്‍ശനാണ്. തൊടുപുഴയിലാണ് ചിത്രീകരണം നടന്നത്. 'കെ.എസ്.ആര്‍.ടി.സി.യുടെ ഗുഡ്വില്‍ അംബാസഡറായ നമ്മുടെ സ്വന്തം മോഹന്‍ലാല്‍ കെ.എസ്.ആര്‍.ടി.സി.യുടെ പരസ്യ ചിത്രത്തില്‍ അഭിനയിച്ചു കഴിഞ്ഞു. പ്രിയദര്‍ശന്റെ സംവിധാനത്തിലാണ് പരസ്യചിത്രം ചിത്രീകരിച്ചിരിക്കുന്നത്,' മന്ത്രി കുറിച്ചു.
ഇതൊരു വെറും പരസ്യചിത്രമല്ലെന്നും മലയാളികളുടെ ഗൃഹാതുരത്വത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടായ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായ ആനവണ്ടിക്കൊപ്പം ചേരുമ്പോള്‍, അത് ഓരോ മലയാളിയുടെയും ഉള്ളുതൊടുന്ന ദൃശ്യവിരുന്നായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
KSRTC Ad shoot. Directed by Priyadarshan ❤️#Mohanlal pic.twitter.com/gCsB4fZ40a
— Film Wood Fiscal (@FilmWoodFiscal) February 10, 2026