മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് സംവിധായകനാണ് ലാല്‍ ജോസ്.1998-ല്‍ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലാല്‍ ജോസിന്റെ മീശ മാധവന്‍, ക്ലാസ്മേറ്റ്സ്, അറബികഥ എന്നിങ്ങനെ നീളുന്നു ലാല്‍ ജോസ് ഒരുക്കിയിട്ടുള്ള ഹിറ്റുകളുടെ നിര.
അറബിക്കഥ പോലെ പച്ചയായ രാഷ്ട്രീയം പറഞ്ഞ സിനിമയെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ഏതെങ്കിലുമൊരു രാഷ്ട്രീയ കക്ഷിയോടോ സംഘടനയോടോ പരസ്യമായ കൂറോ പ്രകടിപ്പിക്കാത്ത ആളാണ് സംവിധായകന്‍ ലാല്‍ ജോസ്. എന്നാല്‍, സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് താന്‍ ഒന്ന് രണ്ട് വര്‍ഷം ആര്‍.എസ്.എസിന്റെ ശാഖയില്‍ പോയിട്ടുണ്ടെന്നും തനിക്ക് കഥ പറയാനുള്ള കഴിവ് ലഭിച്ചത് അവിടെ നിന്നാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ലാല്‍ ജോസിപ്പോള്‍.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുഭവം ലാല്‍ജോസ് വെളിപ്പെടുത്തിയത്.എന്‍.എസ്.എസ് ഹൈസ്‌കൂളിലെ പഠനകാലത്ത് വെള്ളിയാഴ്ചകളില്‍ സഹപാഠികള്‍ ശാഖയിലേക്ക് പോകുന്ന പതിവുണ്ടായിരുന്നു. രാമായണത്തിലെയും മഹാഭാരതത്തിലെയുമൊക്കെ നല്ല കഥകള്‍ അവിടെ കേള്‍ക്കാറുണ്ടെന്ന് കൂട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഞാനും ശാഖയിലേക്ക് പോകാന്‍ തീരുമാനിച്ചത്. വിജയകുമാര്‍എന്ന് പറഞ്ഞ ഒരു ചേട്ടനാണ് ഈ കഥകള്‍ പറഞ്ഞു കൊടുക്കുന്നത്. വളരെ സാത്വികമായി പെരുമാറുന്ന, കുട്ടികളുമായി നല്ല പോലെ ഇടപെടുന്ന, നല്ല കഥകള്‍ പറഞ്ഞു തരുന്ന ഒരാള്‍ ആയിരുന്നു വിജയകുമാര്‍. ഏതാണ്ട് ഒന്നോ രണ്ടോ വര്‍ഷം പതിവായി വെള്ളിയാഴ്ചകളില്‍ അവിടെ കഥകള്‍ കേള്‍ക്കാന്‍ ഞാന്‍പോയിട്ടുണ്ട്-ലാല്‍ജോസ് വ്യക്തമാക്കി.