Latest News

കൗമാരക്കാരുടെ പ്രിയങ്കരനായ മോട്ടിവേഷന്‍ സ്പീക്കര്‍; വെറുതേയല്ല ഭാര്യ ടി വി ഷോയിലെ മത്സരാര്‍ഥി; സ്‌കൂള്‍ കുട്ടികളുടെ പ്രിയപ്പെട്ട മമ്പാടന്‍ സാര്‍; ഫിലിപ്പ് മമ്പാട് കൗണ്‍സലിങ്ങിനിടെ പീഡിപ്പിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ; സോഷ്യല്‍മീഡിയ താരം കൂടിയായ  ഫിലിപ്പ് മമ്പാടിന്റെ കഥ

Malayalilife
കൗമാരക്കാരുടെ പ്രിയങ്കരനായ മോട്ടിവേഷന്‍ സ്പീക്കര്‍; വെറുതേയല്ല ഭാര്യ ടി വി ഷോയിലെ മത്സരാര്‍ഥി; സ്‌കൂള്‍ കുട്ടികളുടെ പ്രിയപ്പെട്ട മമ്പാടന്‍ സാര്‍; ഫിലിപ്പ് മമ്പാട് കൗണ്‍സലിങ്ങിനിടെ പീഡിപ്പിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ; സോഷ്യല്‍മീഡിയ താരം കൂടിയായ  ഫിലിപ്പ് മമ്പാടിന്റെ കഥ

വെറുതെയല്ല ഭാര്യ എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് ഫിലിപ്പ് മമ്പാടിനെയും ഭാര്യയേയും മലയാളികള്‍ പരിചയപ്പെടുന്നത്. ഷോ കഴിഞ്ഞ് എല്ലാവരും ഓരോ വഴിക്ക് പോയി. എന്നാല്‍ പിന്നീട് വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ വാര്‍ത്തകളില്‍ മാത്രമല്ല മനുഷ്യ ഹൃദയങ്ങളിലും ഇടംപിടിക്കുകയായിരുന്നു ഫിലിപ്പ് മമ്പാട്. മലപ്പുറം ട്രാഫിക് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ആയി ശ്രദ്ധ നേടിയ ഫിലിപ്പ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് 16 വയസുകാരിയെ പീഡിപ്പിച്ചുവെന്ന കേസിലാണ്. പൊലീസ് ഉദ്യോഗസ്ഥ ജോലിയില്‍ നിന്നും വിരമിച്ച ശേഷം കൗണ്‍സിലിംഗും സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സറും ഒക്കെയായി ശ്രദ്ധ നേടിയ ഫിലിപ്പിനെ അറിയാവുന്നവരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ് പുതിയ വാര്‍ത്ത.

പട്ടിണി കിടന്ന് വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിച്ച കുട്ടിക്കാലത്തു നിന്നാണ് ഫിലിപ്പ് വളര്‍ന്നു വന്നത്. കുട്ടിക്കാലത്തെ അമ്മയെ നഷ്ടപ്പെട്ടിരുന്നു. ആകെയുള്ളത് അച്ഛനും അനുജത്തിയും മാത്രമായിരുന്നു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പുകവലിക്കാന്‍ തുടങ്ങി ഒമ്പതാം ക്ലാസ്സില്‍ എത്തിയപ്പോള്‍ മദ്യപിക്കാനും പഠിച്ച ഫിലിപ്പിന് വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ മദ്യപിക്കാന്‍ പ്രേരിപ്പിച്ചതിന് രണ്ടുവിദ്യാര്‍ഥികളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു എന്നൊരു വാര്‍ത്ത ഉണ്ടായിരുന്നു അതിലൊരു ഹതഭാഗ്യനായ വിദ്യാര്‍ത്ഥി ഫിലിപ്പ് ആയിരുന്നു.

അങ്ങനെ അവിടെ നിന്നും കോയമ്പത്തൂരിലേക്ക് പോയി. അപ്പോള്‍ സഹോദരിയാണ് പിഎസ്സിക്ക് അപേക്ഷ അയച്ചത്. മത്സര പരീക്ഷയുടെ തലേന്ന് രാത്രി മദ്യപിച്ച് ഓട്ടോക്കാരനോട് വഴക്കുണ്ടാക്കി പരീക്ഷ നടക്കുന്ന സ്‌കൂളിലെത്തി രാത്രി 12 മണിക്ക് സ്‌കൂളിന്റെ ഇളകുന്ന ജനലുകള്‍ എടുത്തുമാറ്റി അകത്തുകയറി ബെഞ്ചുകള്‍ കൂട്ടിയിട്ട് കിടന്ന ഉറങ്ങി പിറ്റേന്ന് രാവിലെ എഴുന്നേറ്റ് സ്‌കൂള്‍ മുറ്റത്തു നിന്നും മുഖം കഴുകി പരീക്ഷാ ഹാളില്‍ പോയി. മാസങ്ങള്‍ക്കു ശേഷം റിസള്‍ട്ട് വന്നപ്പോള്‍ റാങ്ക് ലിസ്റ്റില്‍ പേരുണ്ടെന്ന് സഹോദരിയാണ് വിളിച്ചു പറഞ്ഞത്. നാലുമാസം കഴിഞ്ഞപ്പോള്‍ ഫിസിക്കല്‍ ടെസ്റ്റിന് വിളിച്ചു. അവിടെ കുട്ടികള്‍ക്കൊപ്പം വന്ന മാതാപിതാക്കളുടെ സ്നേഹവായ്പ്പാണ് ഫിലിപ്പിന് കാണാന്‍ കഴിഞ്ഞത്. പക്ഷേ ഫിലിപ്പ് ഒറ്റക്കായിരുന്നു.

അമ്മ സമീപത്ത് വേണമെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അതെന്ന് ഫിലിപ്പ് പിന്നീട് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്. കേരള പോലീസില്‍ സെലക്ഷന്‍ കിട്ടിയ ശേഷം ട്രെയിനിങ് ക്യാമ്പിലും ലഹരി തേടിപ്പോയി അവിടെ മുടിവെട്ടാന്‍ വരുന്ന ആളുകള്‍ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ ഉപയോഗിച്ച് ലഹരിയുടെ ദാഹം തീര്‍ത്തിട്ടുണ്ട്. പരിശീലനം കഴിഞ്ഞു മഞ്ചേരി പോലീസ് സ്റ്റേഷനില്‍ ജോലിയായി അങ്ങനെയിരിക്കെ കല്യാണവും കഴിഞ്ഞു. മദ്യപിക്കില്ലെന്ന് ഭാര്യയോട് കള്ളം പറഞ്ഞിരുന്നു. എന്നാല്‍ കല്യാണം കഴിഞ്ഞ് ഫിലിപ്പിനോടൊപ്പം വന്ന ഭാര്യ കണ്ടത് മറ്റൊരു കാഴ്ചയായിരുന്നു. ഒടുവില്‍ മഞ്ചേരി പോലീസ് സ്റ്റേഷനിലെ ക്വാര്‍ട്ടേഴ്സില്‍ ഭാര്യ ഡോളി പട്ടിണി കിടന്നു. ആറു ദിവസം വെള്ളം മാത്രം കുടിച്ചായിരുന്നു ഭര്‍ത്താവിനോടുള്ള പ്രതിഷേധം. ലഹരിക്കെതിരെയുള്ള ഭാര്യയുടെ പോരാട്ടത്തിനു മുന്നിലാണ് ഫിലിപ്പ് കീഴടങ്ങിയത്. ഭാര്യയുടെ തലയില്‍ കൈവെച്ച് ചെയ്ത സത്യവും ബൈബിള്‍ തൊട്ട് ചെയ്ത സത്യങ്ങളും എല്ലാം കാറ്റില്‍ പറത്തിയ ഫിലിപ്പ് ആശുപത്രിയില്‍ വെച്ച് അവസാനമായി ചെയ്ത സത്യം ഫലവത്തായി. പിന്നീട് മദ്യപാനാസക്തിയെ ചെറുത്തു നില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു.

പരീക്ഷണത്തിന്റെ നാളുകളായിരുന്നു ശേഷം വന്നത്. കാല്‍ അകന്നുപോകുന്നു, കൈ അകന്നുപോകുന്നു, പള്ളിയില്‍ നില്‍ക്കാന്‍ കഴിയുന്നില്ല, കുരിശു വരക്കാന്‍ കഴിയുന്നില്ല, കുരുമുളക് ഡെപ്പിക്കകത്താക്കി കൊണ്ടുനടന്ന് അതു ചവച്ച് എരിവിറക്കി അതിലൂടെ ഒരു പിടിച്ചുനിര്‍ത്തല്‍ ശ്രമം നടത്തി. അങ്ങനെ ഒരു ഡി അഡിക്ഷന്‍ സെന്ററിലും പോകാതെ ഭാര്യയുടെയും അമ്മയുടെയും മുഖം എല്ലാം ഓര്‍ത്തുകൊണ്ട് ലഹരിയില്‍ മുങ്ങിയ ജീവിതം എന്നന്നേക്കുമായി അവസാനിപ്പിച്ചു. അപ്പോഴാണ് എന്തുകൊണ്ട് ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തികൂടാ എന്ന ചിന്ത ഉദിച്ചത്. പിന്നീട് ഫിലിപ്പും സുഹൃത്ത് മഹേഷ് ചിത്രവര്‍ണവും ചേര്‍ന്ന് ഒരു സാമ്പത്തികവും വാങ്ങാതെ കലാലയങ്ങളിലും കവലകളിലും എല്ലാം പോയി ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണം നടത്തി ശ്രദ്ധ നേടുകയായിരുന്നു. 

2025 സെപ്റ്റംബറില്‍ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ ഫിലിപ് മമ്പാട് സമൂഹ മാധ്യമങ്ങളിലടക്കം നിരവധി വിഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. പ്രദേശത്തെ സ്‌കൂളുകളില്‍ അടക്കം മോട്ടിവേഷന്‍ സ്പീക്കറായി പോകാറുമുണ്ട്. 

മാനസിക വെല്ലുവിളി നേരിടുന്ന 16 വയസ്സുള്ള പെണ്‍കുട്ടിയെ ഫിലിപ്പ് മമ്പാടിന്റെയടുത്ത് കൗണ്‍സിലിങ്ങിന് കൊണ്ടുവന്നപ്പോഴാണ് സംഭവം. കാഞ്ഞങ്ങാടുള്ള ഒരു ഹോട്ടലില്‍ വച്ച് കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടികളെ കൈയിലെടുക്കുന്നതിലെല്ലാം മിടുക്കനാണ് ഫിലിപ്പ് മമ്പാട്. അവനെയൊന്ന് ചേര്‍ത്തു നിര്‍ത്തി നെറ്റിയിലൊരു ഉമ്മ കൊടുക്ക്' എന്നു പറഞ്ഞ് കൗമാരക്കാരുടെ വേവലാതികള്‍ പരിഹരിക്കുന്നതില്‍ മിടുക്കനായിരുന്നുയ ഇയാള്‍. 

സ്‌കൂളുകളിലെ സ്ഥിര സാന്നിധ്യം, കുട്ടികളുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെ ഫെയ്സ്ബുക്ക് ലൈവിട്ടും വീഡിയോ പങ്കുവച്ചും സോഷ്യല്‍മീഡിയില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ്. ഒട്ടേറെ ഫോളോവേഴ്സുമുണ്ട്. മിടുക്കരായ കുട്ടികള്‍ക്കൊപ്പം എന്നും ചിരിച്ചും കളിച്ചും അവര്‍ക്ക് നേര്‍വഴി പറഞ്ഞുകൊടുത്ത മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ പോക്സോ കേസില്‍ പിടിയിലായിരിക്കുന്നത്. കോഴിക്കോട് ചേവായൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഫിലിപിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് കൊണ്ടുവന്ന പീഡനം. 

2025 സെപ്റ്റംബര്‍ 3ന് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന്റെ ഭാഗമെന്ന് പറഞ്ഞ് കാസര്‍കോട് കാഞ്ഞങ്ങാടുള്ള ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഫിലിപ് മമ്പാട് സര്‍വീസിലിരിക്കെ തന്നെ മോട്ടിവേഷണല്‍ സ്പീച്ചിലും ടിവി ഷോകളിലും നിറസാന്നിധ്യമായിരുന്നു. പിന്നീടാണ് സര്‍വീസില്‍ നിന്നും സ്വയം വിരമിച്ചതും മോട്ടിവേഷണല്‍ പരിപാടികളില്‍ മുഴുവന്‍ നേരം ഭാഗമായതും. കുഞ്ഞുകുട്ടികളുമായുള്ള അനുഭവങ്ങളും, സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങളും റീല്‍സായി സോഷ്യല്‍മീഡിയകളില്‍ പങ്കുവച്ചിരുന്നു. ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ പരിപാടികളിലും ഫിലിപ് മമ്പാട് എത്തിയിരുന്നു. സോഷ്യല്‍മീഡിയകളില്‍ അദ്ദേഹം പങ്കുവച്ച വീഡിയോകള്‍ കണ്ട് സാറിനെ ഒരുതവണയെങ്കിലും കാണണമെന്ന് പറഞ്ഞവരും നിരവധി. ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയിലുമെത്തി വിഡിയോ പങ്കുവച്ചു. 

കുട്ടികളോട് ഹൃദയം കൊണ്ട് സംഭാഷണം നടത്തുന്നുവെന്ന് അവകാശപ്പെട്ട ഫിലിപ് സാര്‍ പോക്സോ കേസില്‍ അറസ്റ്റിലായ വാര്‍ത്തയറിഞ്ഞ് മൂക്കത്തു വിരല്‍വയ്ക്കുകയാണ് സോഷ്യല്‍മീഡിയ. പലരും വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ ചിരിക്കുന്ന മുഖത്തിന് പിന്നില്‍ ഫിലിപ്പിന് ഇങ്ങനെ ഒരു ക്രൂരമുഖം ഉണ്ടായിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്.

philip mampad STORY

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES