പണ്ടു കാലത്ത് നമ്മുടെ വീടുകളില്‍ കിണറ്റിന്‍ കരയില്‍ വളര്‍ത്തിയിരുന്ന ഔഷധ സസ്യമാണ് പനിക്കൂര്‍ക്ക. കഫക്കെട്ടടക്കം നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നാണ് പനിക്കൂര്‍ക്ക. ഇലയാണ് പ്രധാന ഔഷധ ഭാഗം. ഭൂമിയില്‍ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നാണ് ചെടി വളരുക.
കോളിയസ് അരോമാറ്റികസ് എന്നാണ് ശാസ്ത്രീയനാമം. 'കര്‍പ്പൂരവല്ലി', 'കഞ്ഞിക്കൂര്‍ക്ക' എന്ന പ്രാദേശികമായി അറിയപ്പെടുന്നു. പച്ച നിറത്തിലുള്ള ഇളം തണ്ടുകള്‍ക്കും ഇലകള്‍ക്കും മൂത്തുകഴിഞ്ഞാല്‍ തവിട്ടു നിറം ആയിരിക്കും.പനികൂര്‍ക്കയുടെ ഇല പിഴിഞ്ഞ നീര്‍ കഫത്തിന് നല്ലൊരു ഔഷധമാണ്. ചുക്കുക്കാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂര്‍ക്ക. പനിക്കൂര്‍ക്കയില വാട്ടിപ്പിഴിഞ്ഞനീര് 5 മില്ലി വീതം സമം ചെറുതേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുണ്ടാകുന്ന പനി ,ജലദോഷം, ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങള്‍ മാറും. പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂര്‍ക്ക. വലിയ രസ്നാദി കഷായം, വാകാദിതൈലം എന്നിവയിലും ഉപയോഗിക്കുന്നു. പനിക്കൂര്‍ക്കയുടെ നീരു നല്ലൊരു ആന്റിബയോട്ടിക്കാണെന്നു കണ്ടെത്തിയിട്ടുണ്ട്.