യുവതാരങ്ങളെ വച്ച് മാജിക്ക് ആവര്‍ത്തിക്കാന്‍ സംവിധായകന്‍ എഡിജെ;  ബ്രോമാന്‍സിന് ടിക്കറ്റ് എടുക്കാനുള്ള  ഗ്യാരന്റി ഈ സംവിധായകന്‍

Malayalilife
യുവതാരങ്ങളെ വച്ച് മാജിക്ക് ആവര്‍ത്തിക്കാന്‍ സംവിധായകന്‍ എഡിജെ;  ബ്രോമാന്‍സിന് ടിക്കറ്റ് എടുക്കാനുള്ള  ഗ്യാരന്റി ഈ സംവിധായകന്‍

കുടുംബ പശ്ചാത്തലത്തില്‍ എത്തിയ കോമഡി ചിത്രം ജോ ആന്റ് ജോയിലൂടെയാണ് അരുണ്‍ ഡി ജോസ് അഥവാ എ.ഡി.ജെ എന്ന സംവിധായകനെ മലയാളികള്‍ അറിയുന്നത്. 

സംവിധാനം ചെയ്യുന്ന ആദ്യ സിനിമ സ്റ്റാര്‍ വാല്യൂ ഇല്ലാത്ത പിള്ളേരെ വെച്ച് ഹിറ്റടിപ്പിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. പക്ഷേ, നസ്ലനും മാത്യുവും ഒപ്പം നിഖില വിമലും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമ സര്‍പ്രൈസ് ഹിറ്റടിച്ചു.  

കോവിഡ് കഴിഞ്ഞു തിയറ്ററുകള്‍ തുറന്നപ്പോള്‍ സൂപ്പര്‍ താരങ്ങളുടെ മാസ് പടങ്ങളും ത്രില്ലറുകളുമാണ് പ്രേക്ഷകരെ കാത്തിരുന്നത്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി, ലോക്ഡൗണിനിടെ വീടുകളില്‍ ലോക്ക് ആയി പോയ കൗമാരക്കാരെ കുറിച്ച് പറഞ്ഞാണ് ജോ ആന്‍ഡ് ജോ എത്തിയത്. ഇതോടെ അരുണ്‍ ഡി. ജോസ് എന്ന സംവിധായകനെയും സിനിമയെയും കുടുംബ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

ആദ്യ സിനിമ പോലെയല്ല രണ്ടാമത്തെ സിനിമ എന്നും, രണ്ടാമത്തേതിലേക്ക് എത്തുമ്പോള്‍ വളരെ അധികം ശ്രദ്ധിക്കണമെന്ന് പല സംവിധായകരുടെയും അനുഭവങ്ങള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ എ.ഡി.ജെ രണ്ടാമത്തെ സംവിധാന സംരംഭമായ 18+ ലേക്ക് കടക്കുമ്പോഴും കൗമാരക്കാരുടെ ജീവിതം തന്നെയാണ് സ്‌ക്രീനില്‍ എത്തിച്ചത്. 

നസ്ലെനും മാത്യുവും മീനാക്ഷിയും സോഷ്യല്‍ മീഡിയ താരങ്ങളായ സാഫ് ബോയും അനുവിനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ റൊമാന്റിക് കോമഡി ഡ്രാമയായിരുന്നു 18+ ജേര്‍ണി ഓഫ് ലവ്. കൗമാരക്കാരുടെ ഒളിച്ചോട്ടത്തെയും അതിനു പിന്നിലെ പൊല്ലാപ്പുകളെയും രസകരമായി സമീപിക്കുമ്പോഴും, വെറും റോം കോമില്‍ മാത്രം ഒതുക്കാതെ വടക്കന്‍ കേരളത്തിലെ ജാതി പ്രശനങ്ങളെയും സിനിമ അഡ്രസ് ചെയ്യുന്നുണ്ട്. 

പുരോഗമന സമൂഹത്തിനുള്ളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതി സ്പിരിറ്റിനെ 18+ കൃത്യമായി എക്‌സ്‌പോസ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അത് പ്രേക്ഷകരിലും പ്രതിഫലിച്ചു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. നെസ്ലന്‍ എന്ന മലയാളത്തിലെ യങ് സൂപ്പര്‍ സ്റ്റാറിന്റെ നാടക നടനിലേക്കുള്ള വളര്‍ച്ചയും 18+ ലൂടെയായിരുന്നു. 

ഈ രണ്ട് സിനിമകളുടെ വിജയ ഫോര്‍മുലയും എക്‌സ്പീരിയന്‍സുമായാണ് എ.ഡി.ജെ തന്റെ പുതിയ ചിത്രമായ ബ്രോമന്‍സിലേക്ക് എത്തുന്നത്. വീണ്ടും യങ് വൈബ് തന്നെ. മാത്യൂ തോമസ്, അര്‍ജുന്‍ അശോകന്‍, സംഗീത് പ്രതാപ്, മഹിമ നമ്പ്യാര്‍, ശ്യാം മോഹന്‍ തുടങ്ങി വന്‍ താരനിര തന്നെയാണ് ബ്രോമാന്‍സിന്റെയും പ്രത്യേകത. 

സിനിമയുടെതായി കഴിഞ്ഞ ദിവസം എത്തിയ ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലറും മൊത്തത്തില്‍ വൈബ് ആണ്. പോരാഞ്ഞിട്ട് സിനിമ വാലന്റൈന്‍സ് ഡേയ്ക്കാണ് തിയേറ്ററുകളിലും എത്തുന്നത്. യുവനിരയെ വെച്ച് രണ്ട് സിനിമകള്‍ വിജയിപ്പിച്ച എ ഡി ജെ തന്നെയാണ് ബ്രോമാന്‍സിന് ടിക്കറ്റ് എടുക്കാനുള്ള എന്റെ ഗ്യാരന്റി.

bromance director arun d jose

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES