എല്ലാ പ്രായക്കാര്‍ക്കും സത്രീകള്‍ക്കും പുരുഷനും എന്ന വ്യത്യാസമില്ലാതെ ഉണ്ടാകുന്ന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. പലരും മുടികൊഴിച്ചിലിന് ചികിത്സ തേടാറുണ്ടെങ്കിലും കഴിക്കുന്ന ആഹാരവും മുടിയുടെ വളര്‍ച്ചയേയും കൊഴിച്ചിലിനെയും ബാധിക്കും. മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സാധിക്കുന്ന ചില ഭക്ഷണങ്ങള്‍ അറിയാം.
ചീര
മുടികൊഴിച്ചില്‍ തടയുന്നതില്‍ ഏറ്റവും മികച്ച ആഹാരമാണ് ചീര. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, അയണ്‍, പ്രോട്ടീന്‍ എന്നിവയുടെ മികച്ച സ്രോതസാണ് ചീര. അയണിന്റെ അഭാവം മുടികൊഴിച്ചിലിനു കാരണമാകുന്ന ഏറ്റവും വലിയ ഘടകമാണ് . ഇതുകൂടാതെ മുടിയുടെ ആയുസ് കൂട്ടുന്ന സെബം, ഒമേഗ ത്രീ ആസിഡ്, മഗ്‌നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം എന്നിവയും അടങ്ങിയ ഭക്ഷണമാണ് ചീര. ആഴ്ച്ചയില്‍ രണ്ടു ദിവസമെങ്കിലും ചീര കഴിക്കുന്നത് ശീലമാക്കാം
മുട്ടയും പാലും
മുടി വളരുന്നതിനും അവയുടെ കട്ടി കൂടുന്നതിനും ഏറ്റവും സഹായകമായ ഭക്ഷണമാണ് മുട്ടയും പാലും. പാല്‍, തൈര്, മുട്ട എന്നിവയില്‍ പ്രോട്ടീന്‍, വിറ്റാമിന്‍ ബി12, അയണ്‍, ഒമേഗ സിക്‌സ് ഫാറ്റിആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ പാലുല്‍പ്പന്നങ്ങളില്‍ മുടികൊഴിച്ചിലിനെ തടയുന്ന ബയോട്ടിന്‍ അഥവാ വിറ്റാമിന്‍ ബി സെവനും അടങ്ങിയിട്ടുണ്ട്
പേരയ്ക്ക
പേരയ്ക്കയില്‍ കൂടുതലായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി മുടികൊഴിച്ചിലിനെ തടയുമെന്ന് വൈദ്യശാസ്ത്രം പറയുന്നു. പേരയ്ക്കയുടെ ഇലയില്‍ മുടി വളരുന്നതിനെ സഹായിക്കുന്ന വിറ്റാമിന്‍ ബിയും സിയുമുണ്ട്. പേരയ്ക്കായിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ടു മുടി കഴുകുന്നതും നല്ലതാണ്
പരിപ്പ്
പ്രോട്ടീന്‍, അയണ്‍, സിങ്ക്, ബയോട്ടിന്‍ എന്നിവയടങ്ങിയ പരിപ്പ് ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇതുകൂടാതെ പരിപ്പില്‍ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നു. ഇതു മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും
ബാര്‍ലി
മുടിയുടെ കട്ടി കുറയുന്നതിനെ തടയുന്ന വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണമാണ് ബാര്‍ലി. ചുവന്ന രക്താണുക്കളുടെ ഉല്‍പാദനത്തെ സഹായിക്കുന്ന അയണ്‍, കോപ്പര്‍ എന്നീ മൂലകങ്ങളും ബാര്‍ലിയില്‍ അടങ്ങിയിരിക്കുന്നു
ചിക്കന്‍
ചിക്കന്‍ എന്നുകേള്‍ക്കുമ്പോള്‍ ഞെട്ടുകയൊന്നും വേണ്ട. പ്രോട്ടീന്‍ ഘടകങ്ങള്‍ ചേര്‍ത്തു നിര്‍മിച്ച നമ്മുടെ മുടിയെ സംരക്ഷിക്കാന്‍ ആരോഗ്യകരമായ ഭക്ഷണ ക്രമം ശീലിക്കുന്നത് നല്ലതാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ചിക്കന്‍ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുമെന്ന് സാരം.