ചിക്കൻ കാൻസറിന് കാരണമാകുമെന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ പഠനം. ചിക്കൻ കഴിക്കുന്ന 475,000 പേരിൽ എട്ട് വർഷം കൊണ്ട് നടത്തിയ പഠനത്തിലൂടെയാണ് സർവകലാശാല ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. ഇതിൽ 23,000 പേർക്കും കാൻസർ ബാധയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ചിക്കൻ കഴിക്കുന്നവരിലെ കാൻസർ ബാധയെ കുറിച്ച് മാത്രമായിരുന്നു പഠനവിഷയമായി എടുത്തിരുന്നത്. എന്നാൽ ഇതിലേക്ക് നയിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് വ്യക്തത ഇല്ല.
മറ്റ് ഇറച്ചികളിൽ നിന്നും സുരക്ഷിതമായ മാംസമായാണ് ഇതുവരെ ചിക്കനെ കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ വെച്ച് ചിക്കനും ആരോഗ്യത്തിന് ഉയർത്തുന്നത് ഗുരുതര വെല്ലുവിളിയാണ്. ചിക്കൻ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ രക്താർബുദം മുതൽ പ്രോസ്‌റ്റേറ്റ് കാൻസർ വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.
ഇറച്ചി കോഴികൾക്ക് നൽകുന്ന തീറ്റയിൽ ചേർക്കുന്ന ആർസനിക് എന്ന രാസവസ്തുവാണ് കാൻസറിലേക്കു നയിക്കുന്നതായി നേരത്തേ അമേരിക്കയിൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ ചൂണ്ടിക്കാട്ടിയിരുന്നു. കോഴിയുടെ ഭാരം കൂട്ടാനും ഇറച്ചിയുടെ കളറു കൂട്ടാനുമാണ് കോഴികൾക്ക് ആർസനിക് നൽകുന്നത്. ആർസനിക് ചേർന്ന ചിക്കന് ഇളം പിങ്ക് നിറമായിരിക്കും. അമേരിക്കയിൽ വിൽപന നടത്തുന്ന ചിക്കനിൽ ആർസനിക്ക് അടങ്ങിയിട്ടുണ്ടെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (എഫ്ഡിഎ) സാക്ഷ്യപ്പെടുത്തുന്നു.