Latest News

ആദ്യം വീട്ടില്‍ കയറിയപ്പോള്‍ തന്നെ നോട്ടമിട്ടത് രാഹുലിനെ; ഫെമിനിസ്റ്റ് കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയില്‍ ഒരു പൊരിഞ്ഞ പോരാട്ടമായിരിക്കുമെന്ന് പലരും കരുതി; പക്ഷെ ദിവസങ്ങള്‍ കഴിഞ്ഞതും അവരുടെ പെരുമാറ്റം കണ്ട് പ്രേക്ഷകരുടെ അടക്കം കിളി പോയി; ഒടുവില്‍ ബിഗ് ബോസില്‍ നിന്ന് ആ ഒരാള്‍ കൂടി പുറത്തേക്ക്

Malayalilife
ആദ്യം വീട്ടില്‍ കയറിയപ്പോള്‍ തന്നെ നോട്ടമിട്ടത് രാഹുലിനെ; ഫെമിനിസ്റ്റ് കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയില്‍ ഒരു പൊരിഞ്ഞ പോരാട്ടമായിരിക്കുമെന്ന് പലരും കരുതി; പക്ഷെ ദിവസങ്ങള്‍ കഴിഞ്ഞതും അവരുടെ പെരുമാറ്റം കണ്ട് പ്രേക്ഷകരുടെ അടക്കം കിളി പോയി; ഒടുവില്‍ ബിഗ് ബോസില്‍ നിന്ന് ആ ഒരാള്‍ കൂടി പുറത്തേക്ക്

ബിഗ് ബോസ് മലയാളം വീട്ടില്‍ മാസ് എവിക്ഷന് ശേഷം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയെത്തിയ പ്രധാന മത്സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടി പടിയിറങ്ങി. വൈല്‍ഡ് കാര്‍ഡായി വന്നവരില്‍ ആദ്യ ദിവസം മുതല്‍ തന്നെ അതീവ സജീവമാണെന്ന് തോന്നിപ്പിച്ച വേദാങ്കിയാണ് ഈ ആഴ്ചയിലെ എവിക്ഷനിലൂടെ പുറത്തായത്. താന്‍ നൂറു ശതമാനം നീതി പുലര്‍ത്തിയാണ് ബിഗ് ബോസ് ഹൗസില്‍ കളിച്ചതെന്ന് പിന്നീട് അവതാരകനായ മോഹന്‍ലാലിനോട് വേദാങ്കി പ്രതികരിച്ചെങ്കിലും, പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്നതില്‍ താരം പരാജയപ്പെടുകയായിരുന്നു.

പ്രമുഖ ഫെമിനിസ്റ്റ് കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പരിചിതയായിരുന്ന വേദാങ്കി, ബിഗ് ബോസ് വീട്ടിലെ തന്റെ പ്രധാന എതിരാളിയായി കണ്ടിരുന്നത് രാഹുല്‍ ഈശ്വറെയായിരുന്നു. രാഹുല്‍ തന്നെയായിരിക്കും തന്റെ പ്രധാന ടാര്‍ഗെറ്റ് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് താരം ഹൗസിലേക്ക് കാലുകുത്തിയത്. വന്ന ദിവസം തന്നെ വീട്ടിലുള്ളവരെ പ്രൊവോക്ക് ചെയ്തുകൊണ്ട് ശക്തമായ തുടക്കമാണ് വേദാങ്കി കാഴ്ചവെച്ചത്. എന്നാല്‍, ഇതിനെല്ലാം കൃത്യമായ പ്രതിരോധവുമായി രാഹുല്‍ ഈശ്വറും രംഗത്തെത്തി. പക്ഷെ, അതേ രാഹുല്‍ തന്നെ പിന്നീട് വേദാങ്കിയുടെ 'ഫ്രെനിമി' (ശത്രുവും മിത്രവുമായ അവസ്ഥ) ആയി മാറിയത് വീടിനകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ഫെമിനിസ്റ്റ് എന്ന ലേബലില്‍ ഗെയിമിനെ സമീപിച്ച വേദാങ്കിയുടെ പല പ്രവര്‍ത്തികളും അതിന് തികച്ചും വിരുദ്ധമായിരുന്നു എന്നതാണ് ശ്രദ്ധേയം. ഷിബിന്‍, ശ്രീലക്ഷ്മി, ഗൗതം എന്നിവര്‍ക്കിടയിലുണ്ടായ പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാടെടുത്ത വേദാങ്കി, ഒരു ടാസ്‌കിനിടയില്‍ ഐശ്വര്യയോട് സംസാരിച്ച രീതിയും നോബിയുടെ അമ്മയുടെ രോഗവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു. ഇത്തരം സംസാരങ്ങള്‍ ഒരാളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് വീടിനകത്തും പുറത്തും ഉള്ളവര്‍ ചൂണ്ടിക്കാട്ടി. വളരെ സെലക്ടീവായ ഫെമിനിസമാണ് വേദാങ്കിയുടേതെന്ന ഇമേജ് തുടക്കത്തില്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ രൂപപ്പെടാന്‍ ഇത് കാരണമായി.

ആരെ ടാര്‍ഗെറ്റ് ചെയ്യുമെന്ന് അവകാശപ്പെട്ടോ, അതേ രാഹുല്‍ ഈശ്വര്‍ തന്നെയാണ് പിന്നീട് വേദാങ്കിയുടെ സന്തതസഹചാരിയായി മാറിയതെന്നത് ഗെയിമിലെ ഏറ്റവും വലിയ വിരോധാഭാസമായി മാറി. രാഹുല്‍ തന്നെ മനഃപൂര്‍വ്വം മാനിപുലേറ്റ് ചെയ്യുന്നു എന്ന് മറ്റുള്ളവരോട് പരാതിപ്പെടുമ്പോഴും, വേദാങ്കി എല്ലാ കാര്യങ്ങള്‍ക്കും രാഹുലിനെ തന്നെയാണ് സമീപിച്ചിരുന്നത്. ആ സൗഹൃദത്തില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും രാഹുലിനെതിരെ സംസാരിക്കുകയും ചെയ്യുമ്പോള്‍ തന്നെ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ തയ്യാറാകാത്തതിന്റെ കാരണം വ്യക്തമാക്കുന്നതില്‍ താരം പരാജയപ്പെട്ടു. കൂടാതെ അവസാന ആഴ്ചകളില്‍ താഷി, നേഹ എന്നിവരുമായുണ്ടായ പ്രശ്‌നങ്ങളും വേദാങ്കിയുടെ വിശ്വാസ്യതയ്ക്ക് വലിയതോതില്‍ മങ്ങലേല്‍പ്പിച്ചു.

പുരോഗമന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതായി അവകാശപ്പെടുമ്പോഴും, വീടിനുള്ളില്‍ ഏജ് ഷെയ്മിങ് അടക്കമുള്ള കാര്യങ്ങളില്‍ വേദാങ്കി ഏര്‍പ്പെട്ടത് പ്രേക്ഷകര്‍ കൗതുകത്തോടെയല്ല കണ്ടത്. വാക്കുകളും പ്രവൃത്തികളും തമ്മിലുണ്ടായ ഈ വലിയ പൊരുത്തക്കേടുകളാണ് ഒടുവില്‍ വേദാങ്കിക്ക് ബിഗ് ബോസ് വീട്ടില്‍ തിരിച്ചടിയായത്. കടുപ്പമുള്ള വാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കാനും തങ്ങളുടെ ഭാഗം പോയിന്റാണെന്ന് വരുത്തിത്തീര്‍ക്കാനുമുള്ള നിരന്തരമായ ശ്രമങ്ങള്‍ക്ക് അപ്പുറം, പ്രേക്ഷകരുമായി കൃത്യമായൊരു കണക്ഷന്‍ സ്ഥാപിക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

ഒടുവില്‍ കടുത്ത നെഗറ്റീവ് ഇമേജോടെയാണ് വേദാങ്കിക്ക് ഷോയില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നിരിക്കുന്നത്. വേദാങ്കിയുടെ ഈ പെട്ടെന്നുള്ള മടക്കം അവരുമായി ഏറെ ബന്ധപ്പെട്ടുനിന്ന രാഹുല്‍ ഈശ്വറിന്റെ വരാനിരിക്കുന്ന ഗെയിമിനെ എങ്ങനെയൊക്കെ ബാധിക്കുമെന്ന കൗതുകത്തിലാണ് ബിഗ് ബോസ് ആരാധകരും പ്രേക്ഷകരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Read more topics: # വേദാങ്കി
biggboss eviction

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES