ഐപിഎലില്‍ ബാംഗ്ലൂരിന് അഞ്ചാം ജയം. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ 10 വിക്കറ്റിനാണ് ബാംഗ്ലൂര്‍ ജയിച്ചത്. ആദ്യം ബാറ്റ്ചെയ്ത പഞ്ചാബിനെ 15.1 ഓവറില്‍ 88 റണ്ണിന് ബാംഗ്ലൂര്‍ എറിഞ്ഞിട്ടു. ഉമേഷ് യാദവ് മൂന്നുവിക്കറ്റെടുത്തു. മറുപടിയില്‍ 8.1 ഓവറില്‍ ബാംഗ്ലൂര്‍ ലക്ഷ്യംകണ്ടു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (28 പന്തില്‍ 48*) പാര്‍ഥിവ് പട്ടേലും (22 പന്തില്‍ 40*) ബാംഗ്ലൂരിനെ വിക്കറ്റ് നഷ്ടപ്പെടാതെ ജയത്തിലേക്ക് നയിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് മോശമല്ലാത്ത തുടക്കമായിരുന്നു. എന്നാല്‍ ആദ്യം ഉമേഷ് യാദവും പിന്നീട് ഫീല്‍ഡര്‍മാരും പഞ്ചാബ് ബാറ്റ്സ്മാന്‍മാരെ ഒന്നിനുപിറകേ ഒന്നായി കൂടാരത്തിലേക്ക് പറഞ്ഞയക്കുകയായിരുന്നു. കൂറ്റനടിക്കാരന്‍ ലോകേഷ് രാഹുലിനെ (15 പന്തില്‍ 21) പറഞ്ഞയച്ചാണ് ഉമേഷ് യാദവ് തുടങ്ങിയത്. രണ്ടുപന്തിനുശേഷം അപകടകാരിയായ ക്രിസ് ഗെയ്ലിനെയും (14 പന്തില്‍ 18) ഉമേഷ് തന്നെ മടക്കി. തൊട്ടുപിന്നാലെ പഞ്ചാബുകാര്‍ കൂടാരത്തിലേക്ക് മാര്‍ച്ചുതുടങ്ങി. ആരോണ്‍ ഫിഞ്ചുമാത്രം റണ്‍ കണ്ടെത്തി (23 പന്തില്‍ 26) എന്നാല്‍ അതും നീണ്ടുനിന്നില്ല.
കരുണ്‍ നായര്‍ (3 പന്തില്‍ 1) മാര്‍കസ് സ്റ്റോയിനിസ് (3 പന്തില്‍ 2), മായങ്ക് അഗര്‍വാള്‍ (6 പന്തില്‍ 2) ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ (1 പന്തില്‍ 0), ആന്‍ഡ്രൂ ടൈ (3 പന്തില്‍ 0), മോഹിത് ശര്‍മ (5 പന്തില്‍ 3) അങ്കിത് രജ്പുത് (5 പന്തില്‍ 1) എന്നിങ്ങനെയാണ് ഇതര സ്കോര്‍. അക്ഷര്‍ പട്ടേല്‍ 13 പന്തില്‍ 9 റണ്ണുമായി പുറത്താകാതെനിന്നു. അശ്വിനും മോഹിത്തും അങ്കിതും റണ്ണൗട്ടാകുകയായിരുന്നു.
ഇന്ന് കൊല്‍ക്കത്തയും രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് മത്സരം. രാത്രി 8ന് സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് 1ല്‍ തത്സമയം.