അനുവാദമില്ലാതെ തന്റെ ഫോട്ടോ ബിസിനസിനായി ഉപയോഗിച്ച് പറ്റിപ്പ് നടത്തുന്ന കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പരാതിയുമായി നടി ഗായത്രി അരുണ്‍ . ഉദ്ഘാടന ദിവസം പകര്‍ത്തിയ ചിത്രം ഉപയോഗിച്ച് ഈ സ്ഥാപനം തട്ടിപ്പിന് ഉപയോഗിക്കുന്നത് എന്നും ഇത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് എന്നും ഗായത്രി പറയുന്നു.300-ഓളം കുട്ടികള്‍ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ചതിയില്‍പ്പെട്ടതായും നടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ ആരോപിച്ചു.
പറ്റിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ നിയമപരമായി മുന്നോട്ടുപോകണമെന്നും തട്ടിപ്പ് നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഗായത്രി അരുണ്‍ പറഞ്ഞു. സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്താതെയാണ് നടി ഇക്കാര്യം പറഞ്ഞത്.
നടിയുടെ വാക്കുകള്‍: 2024സപ്റ്റംബര്‍ മൂന്നാം തിയതി കൊച്ചിയിലുളള ഒരു ഓണ്‍ലൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഞാന്‍ ഉദ്ഘാടനം ചെയ്തിരുന്നു. മറ്റ് പല പ്രമുഖരും അതിലുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ നിരവധി പരാതികള്‍ വരുന്നുണ്ട്. പൈസ അടച്ച് പറ്റിക്കപ്പെട്ടു എന്ന് പറഞ്ഞ് കുട്ടികള്‍ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ എനിക്ക് അയക്കുകയാണ്. എന്റെ ഫോട്ടോയാണ് എന്റെ അനുവാദമില്ലാതെ ഇവര്‍ ബിസിനസിന് ഉപയോഗിക്കുന്നത്. ഇത് എന്റെ അറിവോട് കൂടിയല്ല. അതുകൊണ്ട് നിയമപരമായി ഞാന്‍ നോട്ടീസയച്ചിരിക്കുകയാണ്. എനിക്കൊപ്പം അന്ന് ഉദ്ഘാടനത്തില്‍ പങ്കെടുത്ത കൊച്ചിയിലെ തന്നെ ഒരു രാഷ്ട്രീയ നേതാവിനെയും വിവരം അറിയിച്ചിട്ടുണ്ട്. അദ്ദേഹവും നടപടികള്‍ എടുത്തോളാം എന്ന് എനിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്': ഗായത്രി പറഞ്ഞു.
പി ആര്‍ ഏജന്‍സികള്‍ വഴിയാണ് പൊതുവെ ഉദ്ഘാടനങ്ങള്‍ വരികയെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരുമായി നേരിട്ട് യാതൊരു ബന്ധവും തനിക്കില്ലെന്നും ഗായത്രി വ്യക്തമാക്കി. ഇവരുടെ ഗൂഗിള്‍ അക്കൗണ്ട് നോക്കിയപ്പോള്‍ നിരവധി പേര്‍ പറ്റിക്കപ്പെട്ട ഒരുപാട് പേരുടെ റിവ്യൂ ഞാന്‍ കണ്ടു. മുന്നൂറിലധികം കുട്ടികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായിരിക്കുന്നത്. നിങ്ങള്‍ എത്രയും വേഗം നിയമപരമായി മുന്നോട്ടുപോവുക, ഗായത്രി അരുണ്‍ പറഞ്ഞു.
'സമ്മതമില്ലാതെ തട്ടിപ്പിന് എന്റെ ചിത്രം ഉപയോഗിച്ചതിനെതിരേ ഞാനും നിയമപരമായി തന്നെ മുന്നോട്ടുപോവുന്നു. അവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. നിങ്ങളും എത്രയും പെട്ടെന്ന് അത് ചെയ്യണം. ഇക്കാര്യം നിങ്ങളെ അറിയിക്കാനും കൂടുതല്‍ ആളുകള്‍ പെടാതിരിക്കാനും വേണ്ടിയാണ് ഈ വീഡിയോ. ഇവരുടെ പേര് ഞാന്‍ പറയാത്തത് നിയമപരമായി മുന്നോട്ടു പോവുന്നതു കൊണ്ടും നിയമതടസം ഉള്ളതുകൊണ്ടും മാത്രമാണ്. ഇതിന്റെ ഭാഗമായ എല്ലാവര്‍ക്കും അവരുടെ വിവരങ്ങള്‍ അറിയാം. എത്രയും പെട്ടെന്ന് നിയമപരമായി നീങ്ങണമെന്നും നടി പറയുന്നു.