പ്രശസ്ത ഗായിക എസ് ജാനകിയ്ക്കും അന്തരിച്ച ഭര്‍ത്താവ് വി രാമപ്രസാദിനും ഒരേയൊരു മകനായിരുന്നു ഉണ്ടായിരുന്നത്. മുരളി കൃഷ്ണ എന്ന മകന്‍. സ്നേഹവും സംഗീതവും ആവോളം പകര്‍ന്നു നല്‍കി എസ് ജാനകി വളര്‍ത്തിയ ആ മകന്‍ ഇപ്പോഴിതാ, മരണത്തിനു കീഴടങ്ങിയെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ഭര്‍ത്താവിന്റെ മരണ ശേഷം സംഗീത ലോകത്ത് അത്ര സജീവമല്ലാതിരുന്ന ജാനകി മകനൊപ്പം മൈസൂരുവിലെ മകന്റെ വീട്ടിലായിരുന്നു താമസം. ജാനകിയുടെ വ്യാജ മരണ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ പ്രതികരിച്ച് മകന്‍ രംഗത്തു വന്നിരുന്നു. മാസങ്ങള്‍ക്കിപ്പുറമാണ് മരണ വാര്‍ത്തയും പുറത്തു വന്നിരിക്കുന്നത്.
ഫേസ്ബുക്കിലൂടെ വികാരഭരിതമായ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഗായിക കെ എസ് ചിത്രയാണ് ഇക്കാര്യം അറിയിച്ചത്. പെട്ടന്നുള്ള വിയോഗത്തില്‍ ഞെട്ടിയെന്നും ഈ വേദനയും ദുഃഖവും മറികടക്കാന്‍ ദൈവം ജാനകി അമ്മയ്ക്ക് ശക്തി നല്‍കട്ടേയെന്നും കെ എസ് ചിത്ര ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഗായികയുടെ വാക്കുകള്‍ ഇങ്ങനെയാണ്: 'ഇന്ന് രാവിലെ മുരളി അണ്ണയുടെ (ഞങ്ങളുടെ പ്രിയപ്പെട്ട ജാനകി അമ്മയുടെ ഏക മകന്‍) പെട്ടെന്നുള്ള വിയോഗവാര്‍ത്ത അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. സ്നേഹനിധിയായ ഒരു സഹോദരനെ നഷ്ടപ്പെട്ടു. ഈ അസഹനീയമായ വേദനയും ദുഃഖവും മറികടക്കാന്‍ ദൈവം അമ്മയ്ക്ക് ശക്തി നല്‍കട്ടെ. പരേതനായ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ഓം ശാന്തി,' എന്നാണ് കെ എസ് ചിത്ര കുറിച്ചത്. ചിത്രയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് അനുശോചനം അറിയിക്കുന്നത്.
അഞ്ചു വര്‍ഷം മുമ്പാണ് ജാനകിയുടെ വ്യാജ മരണ വാര്‍ത്ത പ്രചരിച്ചത്. അന്ന് അമ്മയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകളോ അസുഖങ്ങളോ ഇല്ലെന്നും വാസ്തവവിരുദ്ധമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്നും മകന്‍ അപേക്ഷിച്ചിരുന്നു. വസ്തുതാ വിരുദ്ധമായ ഇത്തരം വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടതില്‍ ദു:ഖമുണ്ടെന്ന് ജാനകിയുടെ മകന്‍ മുരളി കൃഷ്ണ പറഞ്ഞിരുന്നു. മൈസൂരിലുള്ള വീട്ടില്‍ മകന്‍ മുരളി കൃഷ്ണയ്ക്കൊപ്പം ആരോഗ്യത്തോടെയും സുരക്ഷിതത്വത്തോടെയുമിരിക്കുകയായിരുന്നു ജാനകി. വിവാഹിതനായ മുരളി കൃഷ്ണയുടെ ഭാര്യ ഉമയാണ്. 87കാരിയാണ് ഇപ്പോള്‍ എസ്. ജാനകി.
1938 ഏപ്രില്‍ 23ന് ഗുണ്ടൂര്‍ ജില്ലയിലെ പള്ളപട്ടലയിലാണ് എസ്.ജാനകി ജനിച്ചത്. ആയുര്‍വേദ ഗുരുവായിരുന്ന ശ്രീരാമമൂര്‍ത്തി സിസ്റ്റ്ലയാണ് പിതാവ്. ബാല്യകാലം മുതല്‍ സംഗീതമായിരുന്നു എസ്.ജാനകിയുടെ ലോകം. ഒമ്പതാമത്തെ വയസിലാണ് ആദ്യമായി ഒരു സ്റ്റേജില്‍ ജാനകി പാട്ട് പാടിയത്. നാദസ്വരം വിദ്വാന്‍ പൈദിസ്വാമിയാണ് സംഗീതത്തില്‍ ജാനകിയുടെ ആദ്യത്തെ ഗുരു. 1957-ലാണ് ജാനകിയമ്മ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കെത്തിയത്. 1959ല്‍ വി.രാമപ്രസാദ് എന്നയാളുമായി വിവാഹിതയായി. 1997ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് രാമപ്രസാദ് മരണമടഞ്ഞത്.