ക്രിക്കറ്റ് കളിക്കിടെ പല തമാശകളും ഗ്രൗണ്ടില്‍ നടക്കാറുണ്ടെങ്കിലും കമന്റേറ്ററിന്റെ വകയൊന്നും കാണാന്‍ പറ്റില്ലായിരുന്നു. ആ കുറവ് നികത്തിയിരിക്കുകയാണ്. വിന്‍ഡീസും സോക ഇലവനും തമ്മിലുള്ള ടിട്വിന്റി മത്സരത്തിനിടെയായിരുന്നു കാണികളെ അമ്പരിപ്പിച്ച് കൊണ്ട് ഒരു കമന്റേര്‍ ഗ്രൗണ്ടിലെത്തിയത്.
ലോകം അറിയപ്പെടുന്ന കമന്റേറ്ററായ ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ നാസര്‍ ഹുസൈനാണ് വിക്കറ്റ് കീപ്പറുടെയും സ്ലിപ്പറുടെയും ഇടയിലായി മൈക്കുമായി സ്ഥാനം പിടിച്ച് വിവാദങ്ങള്‍ക്ക് കാരണക്കാരനായിരിക്കുന്നത്. എന്തെങ്കിലും തമാശ ഒപ്പിക്കാനുള്ള വരവായിരിക്കുമെന്ന് പലരും കരുതിയിരുന്നെങ്കിലും സംഭവം ഗൗരവമുള്ളതായിരുന്നു.
ഐസിസി ചട്ടപ്രകാരം കമന്റേറ്റര്‍മാര്‍ കളി നടക്കുമ്പോള്‍ ഗ്രൗണ്ടില്‍ ഇറങ്ങാന്‍ പാടില്ല. എന്നാല്‍ ഐസിസി തന്നെ സംഘടിപ്പിച്ച ലോക ഇലവനും വെസ്റ്റിന്‍ഡീസുമായുള്ള മത്സരത്തില്‍ ഇത് തകിടം മറിയുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഓവറുകളില്‍ ലോക ഇലവന്‍ ബൗള്‍ ചെയ്യുമ്പോള്‍ മൈക്കുമായി ഹുസൈന്‍ നിലയുറപ്പിച്ചത് ഫസ്റ്റ് സ്ലിപ്പിനും വിക്കറ്റ് കീപ്പര്‍ക്കും ഇടയിലായിരുന്നു.
ഇതുവരെ കാണാത്ത കമന്ററി ആണെങ്കിലും ക്രിക്കറ്റ് ആരാധകര്‍ക്ക് സംഭവം തീരെ ഇഷ്ടമായിട്ടില്ല. കായികപ്രേമികള്‍ ഒന്നടങ്കം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കളിയുടെ ഗൗരവത്തെ കുറച്ച് കാണിക്കുന്നതാണെന്നും കളിക്കാരുടെ ശ്രദ്ധക്ക് ഇത് തടസം സൃഷ്ടിക്കുമെന്നുമാണ് ആരാധകന്മാരും ക്രിക്കറ്റിലെ പണ്ഡിതന്മാരും പറയുന്നത്.