നടന്‍ ടൊവിനോ തോമസ് ഇന്ന് തന്റെ 37-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തുന്നത്. ഇതിനിടെ, നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ടൊവിനോയ്ക്ക് നേര്‍ന്ന പിറന്നാള്‍ ആശംസ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.
തന്റെ ഉറ്റ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട്, ടൊവിനോയ്‌ക്കൊപ്പമുള്ള രസകരമായ ചിത്രങ്ങളാണ് ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'ഹാപ്പി ബര്‍ത്തേ ഡേ ബഡി' എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചത്. 'മരണമാസ്' എന്ന ചിത്രത്തില്‍ ശവപ്പെട്ടിയില്‍ കിടക്കുന്ന ടൊവിനോയുടെ ഒരു ചിത്രമാണ് ബേസില്‍ ആദ്യം പോസ്റ്റ് ചെയ്തത്. ഇതിനുപുറമെ, ഇരുവരുടെയും സൗഹൃദ നിമിഷങ്ങള്‍ പകര്‍ത്തുന്ന നിരവധി ചിത്രങ്ങളും ആശംസ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ബേസിലിന്റെ ഈ അസാധാരണവും നര്‍മ്മം നിറഞ്ഞതുമായ ആശംസയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. 'കടുത്ത ചങ്ങാതി ആയിപ്പോയില്ലേ ഇതിലും വലിയ ബര്‍ത്‌ഡേ ട്രീറ്റ് കിട്ടാനില്ല', 'ഇതിലും മികച്ച പിറന്നാള്‍ ആശംസകള്‍ സ്വപ്നങ്ങളില്‍ മാത്രം', 'അപ്പൊ തിരിച്ചു വലിയ പണി മേടിക്കാന്‍ ഒരുങ്ങിക്കോ', 'ഇങ്ങനെ ഒരു നന്‍പനെ ലോകത്ത് ആര്‍ക്കും കൊടുക്കല്ലേ' എന്നിങ്ങനെയുള്ള പ്രതികരണങ്ങള്‍ അവരുടെ സൗഹൃദത്തിന്റെ ആഴം വെളിവാക്കുന്നതായിരുന്നു.
അതേസമയം, ബേസിലും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന 'അതിരടി' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രണ്ടു ദിവസം മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിലെ ടൊവിനോയുടെ ക്യാരക്ടര്‍ പോസ്റ്ററില്‍, ശ്രീക്കുട്ടന്‍ വെള്ളായണി എന്ന ഗായകന്റെ വേഷത്തിലാണ് താരം എത്തുന്നത്.