നടിയും നര്‍ത്തകിയും ടെലിവിഷന്‍ അവതാരകയുമായ സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബാണ് വരന്‍. തിരുവനന്തപുരത്ത് വച്ചായിരുന്നു ഇവരുടെ വിവാഹം.
നടി തന്നെയാണ് വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ''ഞങ്ങള്‍ ഒന്നിച്ച് ജീവിക്കാന്‍ തിരുമാനിച്ചിരിക്കുന്നു'' എന്ന അടിക്കുറിപ്പോടെയാണ് നടി വിവാഹച്ചിത്രങ്ങള്‍ പങ്കുവചച്ചത്. 27ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹവിരുന്നും സംഘടിപ്പിക്കും.
ബീച്ച് സൈഡില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. 'മനംപോലെ മംഗല്യം' എന്ന സീരിയലില്‍ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ വൈറലായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്. പൂജ വിജയ് എന്നാണ് യഥാര്‍ഥ പേര്.
നടിമാരായ ദേവി ചന്ദന, മഞ്ജു പിള്ള, രചന നാരായണന്‍ കുട്ടി, അമ്മ ജനറല്‍ സെക്രട്ടറി നടന്‍ ഇടവേള ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. മനം പോലെ മംഗല്യം എന്ന സീരിയലിന്റെ സെറ്റില്‍ വച്ചാണ് സ്വാസികയും പ്രേമും പ്രണയത്തിലാവുന്നത്. പ്രേമുമായുള്ള പ്രണയത്തെ കുറിച്ച് കഴിഞ്ഞ ദിവസം സ്വാസിക മനസ്സു തുറന്നിരുന്നു. 'ഞങ്ങള്‍ ആദ്യം കണ്ടത് സീരിയലിന്റെ സെറ്റിലാണ്. പ്രേമിന്റെ വോയ്സ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാന്‍ മനസ്സിലൊക്കെ സങ്കല്‍പ്പിച്ച തരത്തിലുള്ള മാന്‍ലി വോയ്സ് ആണ്. ഞാനാണ് അങ്ങോട്ട് പ്രപ്പോസ് ചെയ്തത്. ഒരു റൊമാന്റിക് സീനിന് ഇടയില്‍ ഞാന്‍ നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചു. കുഞ്ചു എന്നോട് എന്താ എന്നു ചോദിച്ചു. പക്ഷേ രണ്ടാമത് അതേ ധൈര്യത്തോടെ ആ ഇഷ്ടം പറയാന്‍ എനിക്കൊരു മടി'.
'ഷെഡ്യൂള്‍ കഴിഞ്ഞ് തിരിച്ചുവരാന്‍ സമയത്ത് എനിക്കൊരു മെസ്സേജ്, താങ്ക്സ് ഫോര്‍ കമിങ് ഫോര്‍ മൈ ലൈഫ്. പിന്നെയുള്ള റൊമാന്റിക് ദിവസങ്ങള്‍ അടിപൊളിയായിരുന്നു. ലൊക്കേഷനിലെ മനോഹരമായ റൊമാന്റിക് മുഹൂര്‍ത്തങ്ങള്‍,' സ്വാസിക ഓര്‍ത്തെടുത്തു.
2009ല്‍ വൈഗൈ എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമാലോകത്തേക്കെത്തുന്നത്. 2010ല്‍ ഫിഡില്‍ എന്ന സിനിമയിലൂടെ സ്വാസിക മലയാളത്തിലും തുടക്കമിട്ടു. ആ വര്‍ഷം തന്നെ ഗോരിപാളയം എന്ന തമിഴ് ചിത്രത്തിലും നായികയായി. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലതാണ്.
ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ് സ്വാസിക. 2014 മുതലാണ് സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലാണ് സ്വാസിക ആദ്യമായി അഭിനയിക്കുന്നത്.
പല ചാനലുകളിലായി വിവിധ ടെലിവിഷന്‍ റിയാലിറ്റിഷോകളിലും സാന്നിധ്യമറിയിച്ചു. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. ഷൈന്‍ ടോം ചാക്കോ നായകനായ 'വിവേകാനന്ദന്‍ വൈറലാണ്' എന്ന സിനിമയാണ് സ്വാസികയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.