ബാലി യാത്രയിലെ ചിത്രങ്ങള്‍ പങ്കുവച്ച് നടി സ്വാസിക. ബാലിയുടെ ആത്മീയ പശ്ചാത്തലവും സംസ്‌കാരവും അടുത്തറിയുന്നതിന്റെ ഭാഗമായി ദ്വീപിലെ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഇരുവരും ആചാരപരമായ ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും അനുഭവക്കുറിപ്പുകളുമാണ് സ്വാസിക പങ്കുവെച്ചിരിക്കുന്നത്. ഈ യാത്ര തനിക്ക് 'ഒരിക്കലും മറക്കാനാവാത്ത അനുഭവം' ആയിരുന്നുവെന്ന് സ്വാസിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കേവലം കാഴ്ചകള്‍ കണ്ടുള്ള ഒരു വിനോദയാത്ര എന്നതിലുപരി, ബാലിയുടെ പരമ്പരാഗത ജീവിതരീതിയും വിശ്വാസങ്ങളും അറിയാന്‍ ഈ യാത്ര ഉപകരിച്ചുവെന്നും താരം പറയുന്നു. ബാലിയിലെ അതിപ്രശസ്തവും പുണ്യവുമായി കണക്കാക്കപ്പെടുന്ന 'തീര്‍ഥ എമ്പുല്‍' ക്ഷേത്രത്തില്‍ വെച്ചാണ് സ്വാസികയും പ്രേമും പ്രധാനപ്പെട്ട ആചാരങ്ങള്‍ അനുഷ്ഠിച്ചത്.
ക്ഷേത്രത്തിലെ വിശുദ്ധമായ ജലധാരകള്‍ക്ക് താഴെ നിന്നുകൊണ്ട് ശരീരവും മനസ്സും ശുദ്ധീകരിക്കുന്ന ആചാരപരമായ ചടങ്ങാണ് ഇതില്‍ പ്രധാനം. പരമ്പരാഗത ബാലിനീസ് വസ്ത്രങ്ങളായ കസൂട്ട് (Kain) ധരിച്ചാണ് ഇരുവരും ക്ഷേത്രാചാരങ്ങളില്‍ പങ്കെടുത്തത്.
ഈ ജലത്തില്‍ മുങ്ങി നിവര്‍ന്നാല്‍ രോഗങ്ങളും ദുരിതങ്ങളും അകലും എന്നൊരു വിശ്വാസം ബാലിയിലുണ്ട്. ക്ഷേത്രത്തിലെ ശാന്തമായ അന്തരീക്ഷവും, ആചാരങ്ങളുടെ തീവ്രതയും തങ്ങള്‍ക്ക് ഒരു പുതിയ ആത്മീയ അനുഭവം നല്‍കിയെന്ന് സ്വാസിക അഭിപ്രായപ്പെട്ടു.
ബാലിയിലെ ആചാരങ്ങള്‍ വ്യത്യസ്തമായി തോന്നുന്നു, കാരണം നമുക്കെല്ലാവര്‍ക്കും ഇത്തരത്തിലുള്ള ആത്മീയ ബന്ധം ആവശ്യമാണ്. ഇത്തവണ, ഇവിടുത്തെ ആചാരങ്ങള്‍ ഞങ്ങള്‍ ശരിയായ രീതിയില്‍ അനുഭവിക്കണമെന്ന് ഞങ്ങളുടെ ട്രാവല്‍ പാര്‍ട്ണര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ അവര്‍ ഞങ്ങളെ തിര്‍ഥ എംപുലിലേക്ക് കൊണ്ടുവന്നു. ഒരിക്കലും മറക്കാനാവാത്തതും ശരിക്കും അര്‍ത്ഥവത്തായതുമായ ഒരു അനുഭവമായിരുന്നു', സ്വാസിക കുറിച്ചു.