സംവിധാനം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കാന്‍ ഒരുങ്ങുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. പ്രതി പൂവന്‍കോഴി എന്ന സിനിമയില്‍ സംവിധായകന്‍ മാത്രമല്ല മഞ്ജു വാരിയരുടെ 'വില്ലന്‍' കൂടിയായാണ് റോഷന്‍ ആന്‍ഡ്രൂസ് എത്തുന്നത്. ചിത്രത്തിലെ റോഷന്റെ കാരക്ടര്‍ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ഔദ്യോഗിക പേജിലൂടെയായിരുന്നു പോസ്റ്റര്‍ റിലീസ് ചെയ്തത്.
നായികയായ മഞ്ജു നോക്കുന്ന കണ്ണാടി കഷ്ണത്തില്‍ ക്രൂരനായ ആന്റപ്പനായി റോഷനെ കാണാം. മാധുരിയെന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. ഉണ്ണി ആറിന്റെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് റോഷന്‍ ഇപ്പോള്‍.
സ്വന്തം സിനിമകളില്‍ ഒരു ഷോട്ടില്‍ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള റോഷന്റെ അഭിനയ അരങ്ങേറ്റം കൂടിയാകും ഈ സിനിമ. 'ആക്ഷന്‍ ഹീറോ ബിജുവില്‍ ഒരു വേഷം ചെയ്യാന്‍ നിവിന്‍ ഒരുപാട് നിര്‍ബന്ധിച്ചിരുന്നു. പക്ഷേ അന്ന് അത് ചെയ്യാന്‍ കഴിഞ്ഞില്ല. ഈ സിനിമയുടെ തിരക്കഥാകൃത്തായ ഉണ്ണി. ആറാണ് ഈ കഥാപാത്രം ചെയ്യാന്‍ എന്നോട് ആവശ്യപ്പെടുന്നത്. വീട്ടിലും എല്ലാവരും പൂര്‍ണപിന്തുണ. തിരക്കഥാകൃത്ത് സഞ്ജയ്യും എന്നെ പ്രോത്സാഹിപ്പിച്ചു.'അഭിനയിക്കാന്‍ എടുത്ത തീരുമാനത്തെക്കുറിച്ച് റോഷന്‍ പറയുന്നു.
ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിനു ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രതി പൂവന്‍കോഴി. സിനിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഉണ്ണി ആറാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം.