ഒരു വര്‍ഷത്തോളം അടഞ്ഞു കിടന്ന തിയേറ്റര്‍ തുറന്നിട്ട ആദ്യത്തെ മലയാളസിനിമ ഇന്ന് റിലീസ് അയി. പ്രജേഷ് സെന്നിന്റെ ജയസൂര്യ അഭിനയിച്ച രണ്ടാമത്തെ ചിത്രമാണ് ഇന്ന് റിലീസായ വെള്ളം എന്ന സിനിമ. ക്യാപ്റ്റന്‍ എന്ന മറ്റൊരു പ്രജേഷ് സിനിമയില്‍ ജയസൂര്യ അവതരിപ്പിച്ച വി പി സത്യന്‍ എന്ന കഥാപാത്രം ഏറെ പ്രശംസ അര്‍ഹമായതാണ്. അതുപോലെ തന്നെ ചിലപ്പോള്‍ അതിനും മുകളില്‍ നില്കും ഇന്ന് വെള്ളത്തിലെ മുഴുക്കുടിയനായ മുരളി. ഈ രണ്ടു കഥാപാത്രങ്ങളും പ്രജേഷ് എഴുതി ജയസൂര്യ അഭിനയിച്ചപ്പോള്‍ വേറെ തലത്തിലേക്കാണ് എത്തിയത് എന്ന തന്നെ നിസംശയം പറയാന്‍ കഴിയും. മുരളി എന്നത് ഒരു റിയല്‍ ലൈഫ് കഥാപാത്രമാണ്. മുന്‍പ് ജയസൂര്യ ചെയ്ത യഥാര്‍ത്ഥ ജീവിത കഥകള്‍ ഒക്കെ തന്നെ മികച്ചതായിരുന്നു. 2018 ല്‍ ഇറങ്ങിയ ക്യാപ്റ്റന്‍ ആയാലും ഞാന്‍ മേരിക്കുട്ടി ആയാലും ജയസൂര്യ എന്ന നടന്റെ യഥാര്‍ത്ഥ ജീവിതം പകര്‍ത്താന്‍ ഉള്ള കഴിവാണ് പറഞ്ഞു തരുന്നത്. വെള്ളം കണ്ടിറങ്ങുന്ന ഒരോ പ്രേക്ഷകനും അതൊരു തിരിച്ചറിവ് സമ്മാനിക്കുമെന്നുറപ്പ് തരികയാണ് ഓരോരുത്തരും.
വടക്കന്‍ കേരളത്തില്‍ അമിത മദ്യപാനികളെ വിളിക്കുന്ന ചുരുക്കപ്പേരാണ് 'വെള്ളം'. അങ്ങനെയൊരു മദ്യപാനിയുടെ കഥാപാത്രം ഒരു കേടുപാടുമില്ലാതെ കാണിക്കാന്‍ ജയസൂര്യക്ക് സാധിച്ചു എന്ന് തന്നെ പറയാം. സിനിമയിലെ നായക കഥാപാത്രമായ മുരളിയെ തന്നെയാണ് ഈ ടൈറ്റിലിലൂടെ സംവിധായകന്‍ പ്രേക്ഷകന് കാണിച്ചുതരുന്നത്. ജയസൂര്യയുടെ അത്ഭുതകരമായ പരകായപ്രവേശമാണ് വെള്ളം എന്ന് പറയാന്‍ തക്ക എല്ലാം ആ സിനിമയില്‍ പ്രതിഭലിക്കുന്നുണ്ട്. നാട്ടിന്‍പുറങ്ങളില്‍ കാണുന്ന സാധാരണക്കാരനായ, ലഹരിയില്‍ അടിമപ്പെട്ടുപോകുന്ന തരത്തിലെ കഥാപാത്രമാണ് മുരളി. ഒരുപാട് മുഴുകുടിയ കഥാപാത്രങ്ങള്‍ നമ്മള്‍ മലയാളത്തില്‍ കണ്ടിട്ടുണ്ട്.
മോഹന്‍ലാലിന്റെ സ്പിരിറ്റിലെ രഘുനന്ദനും, 'അയാള്‍ കഥയെഴുതുകയാണി'ലെ സാഗര്‍ കോട്ടപ്പുറവും, പാവാട എന്ന സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രം പാമ്പ് ജോയിയും, സ്പിരിറ്റ് എന്ന സിനിമയിലെ തന്നെ മറ്റൊരു കഥാപാത്രം ചെയ്ത നന്ദുന്റെ മണിയേയുമെല്ലാം നമ്മള്‍ കണ്ടു. പക്ഷേ ജയസൂര്യ ആദ്യമായാണ് ഒരു കുടിയന്റെ വേഷം ചെയുന്നത്. കോമഡിക്കൊപ്പം സീരിയസ് കഥാപാത്രങ്ങളും ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിച്ചുകൊണ്ടി രിക്കുകയാണ് ജയസൂര്യ. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായിക വേഷമായ സുനിതയെ അവതരിപ്പിച്ചിരിക്കുന്നത്. തീവണ്ടിക്ക് ശേഷമുള്ള സംയുക്തയുടെ ഏറ്റവും മികച്ച കഥാപാത്രമാണ് സുനിത. മുരളിയുടെ ഭാര്യയായ കഥാപാത്രത്തെ തന്റെ പ്രകടനമികവുകൊണ്ട് അടയാളപ്പെടുത്തുന്നുണ്ട് സംയുക്ത. സിദ്ദിഖ് ,ശ്രീലക്ഷ്മി, ഇന്ദ്രന്‍സ്, സ്‌നേഹ പലിയേരി, ബാബു അന്നൂര്‍, ബൈജു സന്തോഷ്, നിര്‍മല്‍ പാലാഴി , ഉണ്ണിരാജ് എന്നിവരുടെ പ്രകടനവും ചിത്രത്തില്‍ എടുത്തുപറയേണ്ടത് തന്നെയാണ്.
കുടുംബപ്രേക്ഷകരടക്കം എല്ലാതരം പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമായാണ് സംവിധായകനായ പ്രജേഷ് സെന്‍ വെള്ളത്തെ ഒരുക്കിയെടുത്തിരിക്കുന്നത്. രണ്ടാം സിനിമയാകുമ്പോള്‍ തന്നെ ഒരു നല്ല ബ്രാന്‍ഡായി മാറുകയാണ് ഇദ്ദേഹം. ബിജിപാലാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. തുടക്കം മുതല്‍ അവസാനം വരെ ഒരു വെള്ളം പോലെ ഒഴുകി ആയിരുന്നു എഡിറ്റര്‍ ബിജിത്ത് ബാലയുടെ കട്ടുകള്‍. റോബി വര്‍ഗീസ് രാജിന്റെ ക്യാമറ വടക്കന്‍ കേരളത്തിന്റെ സൗന്ദര്യം ഭംഗിയായി തന്നെ ഒപ്പിയെടുത്തിട്ടുണ്ട്. സിനിമയുടെ ഏറ്റവും മികച്ച് നിന്നത് ക്യാമറ ഡിപാര്‍ട്‌മെന്റാണ്. മുരളി എന്ന കഥാപാത്രത്തിന്റെ ജീവിത ശൈലിയെല്ലാം പ്രേക്ഷകന്‍ എന്ന നിലയില്‍ കാണുന്നവരും ഒരു ഭാഗം എന്ന രീതിയില്‍ കാഴ്ചകള്‍ ഒപ്പിയെടുത്തിട്ടുണ്ട്. പല സിംഗിള്‍ ഷോട്‌സും കഥാപാത്രത്തിന്റെ ആഴം മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. 10 മാസത്തിനു ശേഷം തിയേറ്റര്‍ തുറന്നിട്ടുള്ള ആദ്യത്തെ പടമായതുകൊണ്ടും ജയസൂര്യയുടെ മികച്ച അഭിനയമായതുകൊണ്ട് ഓരോ പ്രേക്ഷകനും ഇത് തീയേറ്റര്‍ വിരുന്ന് തന്നെയാണ്.