മൂന്ന് മാസത്തിനുശേഷം ജിമ്മിലേക്ക് തിരിച്ചെത്തിയതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കിട്ട് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. വീണ്ടും എല്ലാം പൂജ്യത്തില്‍ നിന്ന് തുടങ്ങുന്നതു പോലെ തോന്നുന്നു എന്നാണ് ജിമ്മില്‍ നിന്നുളള ചിത്രം പങ്കുവെച്ചുകൊണ്ട് രഞ്ജിനി കുറിച്ചത്.
'മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഞാന്‍ ജിമ്മില്‍ തിരിച്ചെത്തിയിരിക്കുകയാണ്. സത്യം പറഞ്ഞാല്‍, എല്ലാം വീണ്ടും പൂജ്യത്തില്‍ നിന്ന് തുടങ്ങുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. ശക്തി, സ്റ്റാമിന, ആവേശം എല്ലാം വലിയൊരു ബുദ്ധിമുട്ടായി തോന്നുന്നു. പക്ഷേ കാര്യം ഇതാണ്, നമ്മള്‍ വീണ്ടും വന്നുകൊണ്ടിരിക്കണം.
ചില ദിവസങ്ങളില്‍ നിങ്ങള്‍ക്ക് നല്ല കരുത്ത് തോന്നും. ചില ദിവസങ്ങളില്‍ എല്ലാം നിര്‍ത്തിപോയാലോ എന്ന് തോന്നും. പക്ഷേ ജിമ്മില്‍ എത്തുക എന്നത് തന്നെയാണ് പകുതി വിജയം. കാരണം ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. സത്യത്തില്‍ നമുക്ക് വേറെ വഴിയില്ല. നമ്മള്‍ ഇത് തുടര്‍ന്നുകൊണ്ടേയിരിക്കണം. അങ്ങനെ വീണ്ടും ഒരു തുടക്കം. ഓരോ വര്‍ക്കൗട്ടിലൂടെ' എന്നായിരുന്നു രഞ്ജിനി കുറിച്ചത്.