തെരുവുനായ വിഷയത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കിയിട്ടുള്ളയാളാണ് അവതാരക രഞ്ജിനി ഹരിദാസ്. ദില്ലിയിലെ എല്ലാ തെരുവ് നായകളേയും ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് രഞ്ജിനി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ പലപ്പോഴും അഭിപ്രായം തുറന്നു പറഞ്ഞിട്ടുള്ളയാളാണ് താനെന്നും ശക്തമായ ഒരു മീഡിയം കയ്യിലുള്ളപ്പോള്‍ ഇത്തവണയും മിണ്ടാതിരിക്കുന്നത് ശരിയല്ലെന്നും രഞ്ജിനി പറയുന്നു.ആനിമല്‍ വെല്‍ഫെയര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട് വളരെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നയാളാണ് രഞ്ജിനി.
രഞ്ജിനിയുടെ വാക്കുകള്‍:
കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറത്തിറക്കിയ ഓഡറാണ് ഞാന്‍ ഈ വീഡിയോ ചെയ്യാന്‍ കാരണം. എന്നെ ചൊടിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തു.ഈ വിഷയത്തെ കുറിച്ച് സംസാരിച്ചില്ലെങ്കില്‍ എനിക്ക് ഉറങ്ങാന്‍ കഴിയില്ല. എന്റെ കയ്യില്‍ ഒരു പവര്‍ഫുള്‍ മീഡിയം ഉള്ളപ്പോള്‍ ഈ വിഷയത്തെ കുറിച്ച് പറയാതിരിക്കുന്നത് എങ്ങനെ. വളരെ ധ്രുവീകരിക്കപ്പെട്ട ഒരു പ്രശ്നമാണ് തെരുവുനായകള്‍ എന്നത് നമുക്ക് എല്ലാം അറിയാം. പത്ത് വര്‍ഷം മുമ്പ് മുതല്‍ ആനിമല്‍ വെല്‍ഫെയര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. വളരെ ശക്തമായി തെരുവുനായകള്‍ക്ക് ഒപ്പം നിന്നിട്ടുണ്ട്.
അതുകൊണ്ടാണ് ഈ വിഷയത്തില്‍ ഇപ്പോള്‍ ഞാന്‍ പ്രതികരിക്കുന്നത്. വളരെ അധികം തെരുവുനായകള്‍ ഇന്ത്യയില്‍ ഉണ്ട്. ഇതൊരു സത്യമായ ഇഷ്യുവാണ്. ഇവയില്‍ നിന്നും ഉപദ്രവം ഏല്‍ക്കേണ്ടി വന്നിട്ടുള്ള ആളുകള്‍ കുറേയുണ്ട്. അവരില്‍ കൂടുതലും കുട്ടികളാണ്. ഇങ്ങനൊരു ഓഡര്‍ സുപ്രീംകോടതിയില്‍ നിന്നും വരുമ്പോള്‍ ഇത് ശാശ്വതമാണോ ലീഗലാണോ എന്നൊക്കെയുള്ള ചിന്തകള്‍ വന്നു.
ഇതിലെ വസ്തുത എന്തെന്നാല്‍ ഇതൊന്നും ലോജിക്കലോ ലോജിസ്റ്റിക്കലോ ഏറ്റവും പ്രാധാനമായി ലീഗലോ ആയ കാര്യമല്ല. എഴുതപ്പെട്ടിട്ടുള്ള നിയമങ്ങള്‍ നമ്മള്‍ പാലിക്കുന്നുണ്ടോയെന്ന് നോക്കുകയാണ് സുപ്രീംകോടതിയുടെ ജോലി. അവര്‍ തന്നെ നിയമങ്ങള്‍ പാലിക്കാതിരുന്നാലോ?... അത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. സ്വാതന്ത്ര്യം കിട്ടിയ സന്തോഷം ആഘോഷിക്കുന്ന മാസത്തില്‍ ഇങ്ങനെയല്ല ചെയ്യേണ്ടത്. ആര്‍ട്ടിക്കിള്‍ 21 ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്നു. മൃഗങ്ങളും അതില്‍ ഉള്‍പ്പെടുന്നു. വനങ്ങള്‍, തടാകങ്ങള്‍, നദികള്‍, വന്യജീവികള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രകൃതി പരിസ്ഥിതി സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ജീവജാലങ്ങളോട് കാരുണ്യം കാണിക്കുന്നതിനെ കുറിച്ചും ആര്‍ട്ടിക്കിള്‍ 51 എ ജിയില്‍ പറയുന്നുണ്ട്. ഈ രണ്ട് ആര്‍ട്ടിക്കിളിനും എതിരാണ് സുപ്രീംകോടതിയുടെ ഓര്‍ഡര്‍. എബിസി റൂള്‍സ് പ്രകാരം പെര്‍മനന്റ് റിമൂവല്‍ ഒരു സിറ്റുവേനില്‍ മാത്രമെ അനുവദിക്കുന്നുള്ളു. അത് ചികിത്സിച്ചാല്‍ ബേധമാകാത്ത രോഗാവസ്ഥയില്‍ ആണെങ്കിലൊക്കെ മാത്രമാണ് അത്.
ഒരു സ്റ്റാന്റിങ് ഇല്ലാത്ത ഓഡറായിപ്പോയി. സ്വന്തമായിട്ടുള്ള ഇമോഷന്‍സിന്റെ പേരില്‍ ജഡ്ജസ് വന്ന് അവര്‍ക്ക് ആഗ്രഹമുള്ള കാര്യം അവര്‍ നേടിയെടുത്തു. കോടതി അതിനുള്ള സ്ഥലം അല്ലല്ലോ. എഴുതപ്പെട്ട നിയമങ്ങള്‍ അനുസരിക്കണ്ടേ. പത്ത് ലക്ഷത്തോളം തെരുവുനായകള്‍ ഉണ്ടെന്നാണ് പറയുന്നത്. പത്ത് വര്‍ഷം മുമ്പുള്ള സര്‍വേ കണക്കോ മറ്റോവാണ്. അല്ലാതെ പുതിയൊരു സര്‍വെ നടന്നുവെന്ന് തോന്നുന്നില്ല. ഇത്രയും നായകള്‍ക്ക് വേണ്ട ഇന്‍ഫ്രാസ്ട്രക്ടചര്‍ എങ്ങനെ ഒരുക്കും?. തെരുവുനായകള്‍ പെരുകാനുള്ള കാരണമാണ് ആദ്യം കണ്ടുപിടിച്ച് പരിഹരിക്കേണ്ടത്. പെറ്റ് ഓണര്‍ഷിപ്പ് ശക്തമാക്കണം. ബ്രീഡിങ് കണ്‍ട്രോള്‍ ചെയ്യണം. നായകളെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് കടുപ്പമുള്ള ശിക്ഷ നല്‍കണം. ഷെല്‍ട്ടറില്‍ ആക്കും എന്നൊക്കെ പറയുന്നത് എക്സ്‌ക്യൂസ് മാത്രമാണ്. ആനിമല്‍ വെല്‍ഫെയറിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് കരുതി ഞങ്ങളെ തെരുവ് നായ കടിക്കാറില്ലെന്നോ ഓടിക്കാറില്ലെന്നോ അര്‍ത്ഥമില്ല.
എന്റെ വീട്ടിലുള്ളവരും വടി കയ്യില്‍ കരുതാറുണ്ട്. ഇത് എല്ലാവരേയും പ്രശ്നമാണ്. ന്യൂട്രിങ് ചെയ്താല്‍ തന്നെ നായകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയും. കുറച്ച് സമയം എടുത്താലും പ്രശ്നം പരിഹരിക്കാന്‍ കഴിയും. പലവിധ കാരണങ്ങള്‍ കാരണം ആളുകള്‍ നമ്മുടെ രാജ്യത്ത് മരിക്കുന്നുണ്ട്. ആ പ്രശ്നങ്ങള്‍ തെരുവുനായകളുടെ പ്രശ്നത്തിന് ചെയ്തതുപോലെയാണോ ടാക്കിള്‍ ചെയ്യുന്നത്?. ഹ്യൂമണ്‍ വെല്‍ഫെയറിന് വേണ്ടിയെന്ന് പറഞ്ഞ് സ്റ്റുപ്പിഡായിട്ടുള്ള കാര്യങ്ങള്‍ ചെയ്യരുതെന്നും രഞ്ജിനി ഹരിദാസ് പറയുന്നു.