ഗായിക, അഭിനേത്രി, അവതാരക എന്നീ നിലകളില്‍ ശ്രദ്ധേയയായ നടിയാണ് രമ്യ നമ്പീശന്‍. ബാലതാരമായി സിനിമയിലേക്ക് എത്തി സഹോദരീ റോളുകളിലും സഹനടിയായും തിളങ്ങി പിന്നെ നായികയായി രമ്യ മാറുകയായിരുന്നു. മികച്ച ഗായിക കൂടിയായ രമ്യ തട്ടത്തിന്‍ മറയത്ത്, ഇവന്‍ മേഘരൂപന്‍, ഫിലിപ്‌സ് ആന്റ് ദി മങ്കിപെന്‍, അച്ചായന്‍സ്, ആമേന്‍ തുടങ്ങി നിരവധി സിനിമകളില്‍ പാടിയിട്ടുണ്ട്. എങ്കിലും മലയാള സിനിമയില്‍ ഇപ്പോള്‍ കാര്യമായ അവസരങ്ങള്‍ രമ്യയ്ക്ക് ഇല്ല. ഈ വേളയില്‍ തന്നെ ഒതുക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് നടി രംഗത്തെത്തിയിരുന്നു.
ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാണെങ്കിലും രമ്യ നമ്പീശനെ സിനിമകളില്‍ കാണുന്നത് കഴിഞ്ഞ കുറച്ചുകാലമായി കുറവാണ്. 2017ല്‍ പുറത്തെത്തിയ ഹണി ബീ 2.5ന് ശേഷം മലയാളത്തില്‍ രമ്യയെ വീണ്ടും കാണുന്നത് ആഷിക് അബുവിന്റെ സംവിധാനത്തില്‍ ഈ വര്‍ഷം പുറത്തെത്തിയ 'വൈറസി'ലാണ്. ഇപ്പോള്‍ നടിയുടെ വിവാഹവേഷത്തിലുള്ള ചിത്രങ്ങള്‍ വൈറലായി മാറുമ്പോള്‍ ആരാധകര്‍ മറ്റൊരു കല്യാണമേളം പ്രതീക്ഷിക്കുകയാണ്.
കഴിഞ്ഞദിവസം രമ്യയുടേതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചില ചിത്രങ്ങളുണ്ടായിരുന്നു. വിവാഹവേഷം പോലെ തോന്നിക്കുന്ന സാരിയും മേക്കപ്പും അണിഞ്ഞുള്ളതായിരുന്നു അത്. നിരവധി പേരാണ് രമ്യയുടെ വിവാഹം ആയോ എന്നും, എന്താണ് കല്യാണം വിളിക്കാത്തത് എന്നും വരനെപറ്റിയും ചോദിച്ചുകൊണ്ട് രംഗത്തെത്തിയിത്. എന്നാല്‍ ആ ചിത്രം കണ്ട് വിവാഹമാണോ എന്ന് തെറ്റിദ്ധരിച്ചവര്‍ക്കുള്ള മറുപടി പറയുകയാണ് രമ്യ. തന്റെ വിവാഹമൊന്നുമല്ലെന്നും അത് അഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ നിന്നുള്ള സ്റ്റില്‍ ആണെന്നും പറയുന്നു രമ്യ നമ്പീശന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമ്യയുടെ പ്രതികരണം.
കല്യാണം കഴിഞ്ഞോ, മാരേജ് ആയിടിച്ചാ, എപ്പോഴായിരുന്നു കല്യാണം എന്നൊക്കെ ചോദിച്ചവരോട് ഇല്ലെന്നാണ് പറയാനുള്ളത് . ഇത് എന്റെ പുതിയ ചിത്രത്തില്‍ നിന്നുള്ള ഒരു സ്റ്റില്‍ മാത്രമാണെന്നാണ് നടി കുറിച്ചത്. തമിഴില്‍ ബദ്രി വെങ്കടേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സ്റ്റില്ലിലാണ് രമ്യ വിവാഹ വേഷത്തില്‍ ഉള്ളത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ നായകനായെത്തുന്നത് റിയോ രാജ് ആണ്. ചിത്രത്തില്‍ ഉടനീളമുള്ള കരുത്തുറ്റ കഥാപാത്രമാണ് നായികയുടേതെന്നും ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പരിചയസമ്പന്നയായ ഒരു നടിയെ ആവശ്യമായിരുന്നുവെന്നും രമ്യയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ബദ്രി വെങ്കടേഷ് പറഞ്ഞിരുന്നു.
ആനചന്തത്തിലൂടെ ജയറാമിന്റെ നായികയായിട്ടാണ് രമ്യ ശ്രദ്ധിക്കപ്പെട്ടത്. നന്നേ ചെറുപ്പത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഒട്ടേറെ ഭക്തിഗാന കാസറ്റുകളില്‍ പാടിയിട്ടുണ്ട്. ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാനും രമ്യയ്ക്ക് കഴിഞ്ഞു. എന്നാല്‍ കരിയറില്‍ സജീവമായി നില്‍ക്കേണ്ട സമയത്ത് മലയാളസിനിമകളില്‍ നിന്നും രമ്യ അപ്രത്യക്ഷയായി. പക്ഷേ തമിഴിലും തെലുങ്കിലും രമ്യക്ക് അവസരങ്ങളുണ്ടായി. തന്റെ നിലപാടുകളിലെ പേരിലാണ് സിനിമകളില്‍ നിന്നും അവസരം നഷ്ടമായതെന്ന് രമ്യ പറഞ്ഞിരുന്നു. രമ്യയുടെ അടുത്ത സുഹൃത്താണ് ആക്രമിക്കപ്പെട്ട നടി. നടിയുടെ പക്ഷത്ത് ഉറച്ച് നിലകൊണ്ടതിന്റെ പേരിലാണ് അവസരം നഷ്ടമായതെന്നാണ് രമ്യ പറയുന്നത്. നിലപാടുകളുടെ പേരില്‍ അവസരങ്ങള്‍ നഷ്ടമായി. ഇതോടെ സുഹൃത്തുക്കളുടെ സിനിമയില്‍ മാത്രമാണ് അവസരം ലഭിച്ചതെന്നും താരം വ്യക്തമാക്കി.