നടി ഖുശ്ബു സുന്ദറിന്റെ ട്രാന്‍സ്‌ഫൊര്‍മേഷന്‍ ഏറെ ശ്രദ്ധ നേടിയതാണ്. 54 വയസില്‍ 24 കിലോയാണ് ഖുശ്ബു കുറച്ചത്. ഒരു വര്‍ഷത്തോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് നടി ഈ മാറ്റം കൊണ്ട് വന്നത്. നിരവധി പേര്‍ക്ക് ഖുശ്ബുവിന്റെ ട്രാന്‍സ്‌ഫൊര്‍മേഷന്‍ പ്രചോദനമായി.
ആരോഗ്യ കാരണങ്ങളാലാണെന്നും, പ്രമേഹത്തെക്കുറിച്ചും ഉള്ള പ്രചാരണങ്ങള്‍ ഇതിനോടനുബന്ധിച്ച് പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും താരം വെളിപ്പെടുത്തി
'പ്രായത്തിന് അനുസരിച്ച് ശരീരഭാരം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. 55 വയസ്സുള്ള എനിക്ക് രക്തസമ്മര്‍ദം, പ്രമേഹം എന്നിവയില്ല. എന്റെ അമ്മയ്ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ട്. ഇത് എനിക്കും എളുപ്പത്തില്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. നിലവില്‍ ഇവരില്‍ നിന്നും മൈഗ്രൈന്‍, സൈനസ് എന്നിവ ലഭിച്ചിട്ടുണ്ട്. ഇനി ഇതും വരാന്‍ പാടില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.
രജനീകാന്ത് നായകനായ 'അണ്ണാത്തെ' സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്റെ ശരീരഭാരം 98 കിലോയായിരുന്നു. വലിയൊരു വീട്ടിലാണ് ഷൂട്ടിങ് നടന്നിരുന്നത്. പടികള്‍ കയറുമ്പോഴും ഓടുമ്പോഴും മുട്ടുവേദനയും ശ്വാസംമുട്ടലും ഉണ്ടായി. ഏതെങ്കിലും ചടങ്ങുകളില്‍ കുടുംബത്തിനൊപ്പം ഫോട്ടോയെടുക്കുമ്പോള്‍ എന്റെ മുഖം മാത്രം ആനയുടെ വലുപ്പം ഉണ്ടാകും. അതുകണ്ട് ഞാന്‍ തന്നെ ഭയപ്പെട്ടു.
മുട്ടുവേദനയും പ്രമേഹവും വരാതിരിക്കണമെങ്കില്‍ ശരീരഭാരം കുറച്ചേ മതിയാകൂ എന്ന് ഡോക്ടര്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ വണ്ണം കുറയ്ക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. കോവിഡ് സമയത്ത് തന്നെ ശരീരഭാരം സാവധാനം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. നാല് വര്‍ഷമെടുത്താണ് വണ്ണം കുറച്ചത്. ഗ്ലൂട്ടന്‍ പൂര്‍ണമായും ഒഴിവാക്കി. മൈദ വിഭവങ്ങള്‍, ചപ്പാത്തി എന്നിവയെല്ലാം ഒഴിവാക്കി. ഇവയ്ക്ക് ഇന്‍ടോളറന്‍സ് ഉണ്ടെന്ന് ഇപ്പോഴാണ് ഗവഷേകര്‍ കണ്ടെത്തിയിരിക്കുന്നത്. മൈദ, ഗോതമ്പ് ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ സ്വെല്ലിങ് ഉണ്ടായിരുന്നു. ഇളയമകളും ഞാനും ഇവ ഉപേക്ഷിച്ചതോടെ വേഗം മെലിഞ്ഞു.
ഗ്ലൂട്ടന്‍ (മൈദ, ചപ്പാത്തി തുടങ്ങിയവ) പൂര്‍ണ്ണമായും ഉപേക്ഷിച്ചതിലൂടെയാണ് ശരീരഭാരം കുറച്ചതെന്നും, ഇത് തനിക്ക് ദഹനപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്ന് പിന്നീടാണ് കണ്ടെത്തിയതെന്നും നടി വിശദീകരിച്ചു