നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിക്ക് പൂർണ്ണ പിന്തുണയുമായി കൂടെ നിൽക്കുകയും അക്രമിക്കപ്പെട്ട നടിക്കൊപ്പം അമ്മ എന്ന സംഘടനയിൽ നിന്നും രാജിവെച്ച് പുറത്ത് പോവുകയും ചെയ്ത നടിയാണ് രമ്യാ നമ്പീശൻ. ഭയമില്ലാതെ മലയാള സിനിമയിലേയ്ക്ക് എല്ലാവർക്കും കടന്നു വരാൻ കഴിയുന്ന അവസ്ഥ ഇന്നും ഇല്ലെന്നാണ് രമ്യ പറയുന്നത്. പുതുതായി മലയാള സിനിമയിലേക്ക് വന്ന ചില കുട്ടികൾ പറയുന്നത് കേട്ടാൽ ഞെട്ടിപ്പോകും.
അഡ്ജസ്റ്റ്‌മെന്റ് കോംപ്രമൈസ് എന്നീ വാക്കുകൾക്കൊന്നും ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. അഡ്‌ജെസ്റ്റ്‌മെന്റ് ചോദിച്ചുള്ള ഫോൺ റെക്കോർഡ് കോൺവർസേഷൻസ് വരെയുണ്ട്. പക്ഷേ അത് അനുഭവമുണ്ടായവരുടെ സമ്മതമില്ലാതെ വെളിപ്പെടുത്താൻ പറ്റില്ലെന്നു രമ്യ പറഞ്ഞു.
മൂന്നു വർഷമായി മലയാളത്തിൽ രമ്യ അഭിനയിച്ചിട്ട്. മുൻനിര നായികയായി ഉയർന്നു വരുമ്പോഴായിരുന്നു അവസരങ്ങൾ നഷ്ടമായത്. പിന്നീട് തമിഴിലേയ്ക്ക് താരം ചുവടു മാറ്റുകയായിരുന്നു. അവസരമില്ലാത്ത നടിയെന്ന് കളിയാക്കുന്നവർ എന്തുകൊണ്ട് അവസരമില്ലെന്ന് മനസ്സിലാക്കണമെന്ന് നടി പറയുന്നു.
കഴിഞ്ഞ മൂന്നു കൊല്ലമായി എനിക്ക് എന്തുകൊണ്ട് അവസരം ലഭിക്കുന്നില്ല? കാരണം ഞാൻ എനിക്ക് അർഹിക്കുന്ന ശമ്പളം ചോദിച്ചു. പിന്നെ ഞാൻ തിരക്കഥ ചോദിക്കുന്നതുകൊണ്ടും. നമ്മുടെ ജോലിയോ കഴിവോ ഒന്നുമല്ല മാനദണ്ഡമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ പ്രതിഷേധങ്ങളൊക്കെ അടക്കി പിടിച്ചു നിന്നു കഴിഞ്ഞാൽ നമ്മൾ നല്ല കുട്ടിയാണ്. പക്ഷേ നമ്മൾ എന്തെങ്കിലും നോ പറഞ്ഞാൽ അനീതി കണ്ട് പ്രതികരിച്ചാൽ ചീത്ത കുട്ടിയാണ്. നോ പറയേണ്ടിടത്ത് പറഞ്ഞതുകൊണ്ടാണ് എനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടത്.