തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ കഴിയില്ല എന്ന് ഒരു നടന്‍ പറഞ്ഞിട്ടുണ്ടെന്ന് നടി മഞ്ജു പത്രോസ്. ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ച് സിനിമയിലെത്തുകയും റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയാകുകയും ചെയ്ത താരം, തന്റെ ജീവിതത്തെക്കുറിച്ചും നേരിടേണ്ടി വന്നിട്ടുള്ള വെല്ലുവിളികളെക്കുറിച്ചും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഒരു ഓണ്‍ലൈന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ നടിയെ ഭാര്യയായി അഭിനയിക്കാന്‍ പറ്റില്ല എന്ന് ഒരു നടന്‍ പറഞ്ഞുവോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മഞ്ജു. ''പറഞ്ഞിട്ടുണ്ട്. അതിനൊരു കാരണം വേണമെന്ന് പറഞ്ഞു. അല്‍പ്പം ഡസ്‌കിയായിട്ടുള്ള, വണ്ണമുള്ള സ്ത്രീയെ സുന്ദരനായിട്ടുള്ള, കേരളത്തിലെ ടിപ്പിക്കല്‍ സൗന്ദര്യമുള്ള പുരുഷന്റെ ഭാര്യയായി വന്നാല്‍ സമൂഹം അംഗീകരിക്കില്ല, അങ്ങനൊരു സ്ത്രീയെ വിവാഹം കഴിക്കണമെങ്കില്‍ അവള്‍ ധനികയായിരിക്കണം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടെങ്കിലേ അത്രയും സുന്ദരനായൊരു പുരുഷനെ ആ സ്ത്രീയ്ക്ക് കിട്ടുകയുള്ളൂ എന്ന ചിന്താഗതിയുള്ള ആള് പറഞ്ഞത്. എന്നോട് അങ്ങനെ സംസാരിച്ചിട്ടുണ്ട്.''
അതേസമയം, ആ വ്യക്തിയെ പിന്നീട് കാണുമ്പോള്‍ പാവം തോന്നുമെന്നും അയാളോട് സംസാരിക്കാറുണ്ടെന്നും മഞ്ജു പറയുന്നു. 32 പല്ലിന് ഇടയിലുള്ള നാക്കാണ്. നമ്മള്‍ പറയുന്നതെല്ലാം ശരിയാകണം എന്നില്ല. നമുക്ക് അബദ്ധങ്ങള്‍ പറ്റും. അങ്ങനെ സംഭവിച്ചൊരു അബദ്ധം ആയിരിക്കാം അത്. ആ മനുഷ്യനും പിന്നീട് കുറ്റബോധമുണ്ടായിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. തന്നോട് ഇപ്പോള്‍ വളരെ സ്‌നേഹമാണെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
നിറത്തിന്റെ പേരില്‍ ചെറുപ്പത്തില്‍ ഒരുപാട് വിഷമിച്ചിട്ടുണ്ടെന്നും താരം ഓര്‍ത്തെടുക്കുന്നു. ഈ ടോണില്‍ ജനിച്ച എല്ലാവരും അതുപോലെയുള്ള അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും. അതെന്തോ മാരക തെറ്റായിരുന്നു എന്ന മട്ടിലുള്ള പെരുമാറ്റങ്ങള്‍ ഇപ്പോഴുമുണ്ട്. പഴയതിന്റെ അത്രയും ഇല്ല എന്ന് മാത്രമാണെന്നും മഞ്ജു പത്രോസ് അഭിമുഖത്തില്‍ വ്യക്തമാക്കി.