വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002ലാണ് കെ.എസ്.ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ പിറന്നത്. എന്നാല്‍, 2011ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണ് ഒമ്പത് വയസ്സുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.ഒരുപാട് നാളത്തെ പ്രാര്‍ഥനകളുടെ ഫലമായി ലഭിച്ച ആ കണ്മണിയെ ചിത്രയ്ക്ക് അകാലത്തില്‍ നഷ്ടപ്പെട്ടിട്ട് ഇന്ന് 12 വര്‍ഷമാവുകയാണ്. ഇന്നും മകളുടെ വേര്‍പാടിന്റെ വേദനയില്‍ കഴിയുകയാണ് ചിത്ര.
ഇപ്പോഴിതാ, മകള്‍ നന്ദനയുടെ ഓര്‍മദിനത്തില്‍ ചിത്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. വികാരനിര്‍ഭരമായ ഒരു കുറിപ്പാണ് ചിത്ര പങ്കുവച്ചിരിക്കുന്നത്. മനസ്സു നിറയെ മകളെക്കുറിച്ചുള്ള ഓര്‍മകളാണെന്നും അത് എന്നും മായാതെ നിലനില്‍ക്കുമെന്നും ചിത്ര കുറിച്ചു. 'ഞങ്ങളുടെ ഹൃദയം നിറയെ നിന്നെക്കുറിച്ചുള്ള ഓര്‍മകളാണ്. അഭിമാനത്തോടെ ഞങ്ങള്‍ നിന്നെക്കുറിച്ചു സംസാരിക്കുന്നു. നീയില്ലാതെ ജീവിതം മുന്നോട്ടു നീങ്ങുകയാണ്. അത് ഒരിക്കലും ഒരുപോലെയായിരിക്കില്ല. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനമോളെ സ്‌നേഹത്തോടെ സ്മരിക്കുന്നു', എന്നാണ് ചിത്രയുടെ വാക്കുകള്‍.
നിരവധി പേരാണു ചിത്രയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. ചിത്രയെ ആശ്വസിപ്പിച്ചു കൊണ്ടുള്ള കുറിപ്പുകളാണ് ഏറെയും. ചിത്രയെ സ്‌നേഹിക്കുന്നവരുടെ മനസിലടക്കം ഒരു വിങ്ങലായി നന്ദനയുണ്ടെന്ന് കമന്റുകളില്‍ കാണാം. അതേസമയം, മകളുടെ എല്ലാ പിറന്നാളിനും ഓര്‍മ ദിനത്തിലും ചിത്ര മകളെ കുറിച്ച് കുറിപ്പ് പങ്കുവയ്ക്കാറുണ്ട്. ആ നൊമ്പരക്കുറിപ്പുകള്‍ ആരാധകരെയും വേദനിപ്പിക്കാറുണ്ട്.