മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്ക് ഇന്ന് 60ാം പിറന്നാള്‍. പുതിയ തലമുറയെന്നോ പഴയ തലമുറയെന്നോ വ്യത്യാസമില്ലാതെ ഏവര്‍ക്കും പ്രിയങ്കരിയായ ഗായികയ്ക്ക് പതിവ് ജോലികളുമായി ഇന്നും തിരക്കിലാണ്.
കെ എസ് ചിത്രയെ ആശംസകള്‍ കൊണ്ട് മൂടുകയാണ് ആരാധകരും സഹപ്രവര്‍ത്തകരും. എന്നാല്‍ ആഘോഷങ്ങളൊന്നുമില്ലാതെ ഒരു സാധാരണ ദിവസം പോലെ പിറന്നാള്‍ ദിനത്തെയും എതിരേല്‍ക്കുകയാണ് ചിത്ര. പിറന്നാള്‍ ദിവസും ജോലിത്തിരക്കില്‍ തന്നെയാണ് ചിത്ര.
പിറന്നാള്‍ ദിനത്തില്‍ ചിത്രയെ ആശംസ അറിയിക്കാനും വിശേഷങ്ങള്‍ തിരക്കാനും എത്തിച്ചേര്‍ന്ന മാധ്യമപ്രവര്‍ത്തകനോടു സംസാരിക്കുമ്പോഴും ഓട്ടപ്പാച്ചിലില്‍ ആയിരുന്നു ഗായിക. എന്തൊക്കെയാണ് പിറന്നാള്‍ ദിനത്തിലെ പരിപാടികള്‍ എന്ന ചോദ്യത്തിന്, സ്വതസിദ്ധമായ ചിരിയോടെ ഉത്തരം നല്‍കുന്നു. ഒരു പരിപാടിയുമില്ല. ജോലിയുണ്ട്, ഷൂട്ടുണ്ട്. രാവിലെ എണീറ്റ് വെപ്രാളം പിടിച്ച് ഓടുകയാണ്.
പിറന്നാള്‍ ദിനത്തിലും തിരക്കാണല്ലോ എന്ന ചോദ്യത്തിന്, എനിക്ക് ജോലി ചെയ്യാനാണ് ഇഷ്ടം. ആഘോഷങ്ങള്‍ പണ്ടേയില്ല. ഒരു സാധാരണ ദിനം തന്നെയാവട്ടെ ഇതും. ഒരുപാട് ആളുകള്‍ രാവിലെ മുതല്‍ മെസേജുകള്‍ അയക്കുന്നില്ല. വെപ്രാളത്തിനു ഇടയില്‍ മെസേജ് ഒന്നും കണ്ടില്ല. ഷൂട്ടൊക്കെ കഴിഞ്ഞ് ഫ്രീയായിട്ട് എല്ലാവര്‍ക്കും തിരിച്ച് മെസേജ് അയക്കും,ചിത്ര പറയുന്നു.
1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകളായായി തിരുവനന്തപുരത്താണ് കെ എസ് ചിത്രയുടെ ജനനം. പ്രമുഖ ഗായികയായിരുന്ന കെ എസ് ബീന, ഗിറ്റാര്‍ വിദഗ്ദ്ധന്‍ കെ എസ് മഹേഷ് എന്നിവരാണ് സഹോദരങ്ങള്‍
1979-ല്‍ എം ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച 'അട്ടഹാസം' എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. ഒരു വര്‍ഷത്തിന് ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പത്മരാജന്‍ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ 'അരികിലോ അകലെയോ..' ആണ് ആദ്യം പുറത്തിറങ്ങിയ ഗാനം. 'ഞാന്‍ ഏകനാണ്' എന്ന ചിത്രത്തിനു വേണ്ടി സത്യന്‍ അന്തിക്കാട് രചിച്ച് എം ജി രാധാകൃഷ്ണന്‍ സംഗീതമൊരുക്കിയ 'രജനീ പറയൂ...' എന്ന ഗാനമാണ് ചിത്രയുടെ ആദ്യ സോളോ ഹിറ്റ്..
1983ല്‍ പുറത്തിറങ്ങിയ മാമ്മാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലെ 'ആളൊരുങ്ങി അരങ്ങൊരുങ്ങി' എന്ന ഗാനം ഹിറ്റ് ആയതോടെ ചിത്രയെ തേടി ഒട്ടേറെ അവസരങ്ങള്‍ എത്തിത്തുടങ്ങി. യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികള്‍ ചിത്രയുടെ ആദ്യ കാല സംഗീത ജീവിതത്തിലെ വളര്‍ച്ചക്ക് സഹായകമായി. തമിഴില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച നീ താനേ അന്തക്കുയില്‍ എന്ന ചിത്രത്തില്‍ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതല്‍ ശ്രദ്ധേയയായി.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ത്തിലധികം ഗാനങ്ങള്‍ ചിത്ര പാടിയിട്ടുണ്ട്.