മലയാള സിനിമയിലെ യുവതലമുറയിലെ ശ്രദ്ധേയനായ നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍ പങ്കെടുത്ത അയര്‍ലന്‍ഡിലെ ഒരു ചടങ്ങില്‍ അരങ്ങേറിയത് തികച്ചും അപ്രതീക്ഷിതവും ആവേശം നിറഞ്ഞതുമായ ഒരു കൂടിക്കാഴ്ച. വിദേശത്തെ വലിയൊരു ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച്, വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്കൊപ്പം അഭിനയിച്ച സഹതാരത്തെ കൃത്യമായി തിരിച്ചറിഞ്ഞ് ധ്യാന്‍ സദസ്സിനെയാകെ വിസ്മയിപ്പിച്ചു. സിനിമയ്ക്ക് പുറത്തുള്ള താരത്തിന്റെ ഹൃദ്യമായ പെരുമാറ്റവും സൗഹൃദവുമാണ് ഈ സംഭവത്തിലൂടെ വീണ്ടും ചര്‍ച്ചയാകുന്നത്.
അയര്‍ലന്‍ഡില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയില്‍ വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍. പ്രസംഗത്തിനിടയിലാണ് സദസ്സിലിരുന്ന ഒരു യുവാവ് ധ്യാന്റെ ശ്രദ്ധയില്‍പ്പെടുന്നത്. പരിചിതമായ ആ മുഖം കണ്ടയുടന്‍ തന്റെ പ്രസംഗം താല്‍ക്കാലികമായി നിര്‍ത്തി, 'നിങ്ങള്‍ നാട്ടില്‍ ഉണ്ടായിരുന്ന ആളല്ലേ' എന്ന് ധ്യാന്‍ വേദിയില്‍ വെച്ച് പരസ്യമായി ചോദിക്കുകയായിരുന്നു. വലിയൊരു ജനക്കൂട്ടത്തിനിടയില്‍ നിന്നും ധ്യാന്‍ തന്നെ ശ്രദ്ധിച്ചു എന്ന് മനസ്സിലാക്കിയ യുവാവും ഏറെ അത്ഭുതപ്പെട്ടു.
തനിക്കൊപ്പം അഭിനയിച്ച ആളാണെന്ന് ധ്യാന് മനസ്സിലായെങ്കിലും, പരീക്ഷിക്കാനെന്നോണം യുവാവ് വേദിയിലേക്ക് ഒരു വെല്ലുവിളി ഉയര്‍ത്തി. താന്‍ ആരാണെന്ന് കൃത്യമായി പറഞ്ഞാല്‍ നൂറ് യൂറോ സമ്മാനമായി തരാം എന്നായിരുന്നു സദസ്സില്‍ നിന്നും സഹതാരത്തിന്റെ മറുപടി. എന്നാല്‍ ഒട്ടും ആലോചിച്ചു നില്‍ക്കാതെ ധ്യാന്‍ അതിന് കൃത്യമായ ഉത്തരം നല്‍കി സദസ്സിനെ കയ്യിലെടുത്തു. തങ്ങള്‍ ഒരുമിച്ച് അഭിനയിച്ച ചിത്രത്തിന്റെ പേര് പറഞ്ഞായിരുന്നു ധ്യാന്റെ മറുപടി.
നമ്മള്‍ ഒരേ മുഖത്തില്‍ ഒരുമിച്ച് അഭിനയിച്ചതല്ലേ' എന്ന് ധ്യാന്‍ വേദിയില്‍ വെച്ച് ചോദിച്ചതും ഹാളില്‍ വന്‍ കയ്യടിയാണ് ഉയര്‍ന്നത്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തിയ 'ഒരേ മുഖം' എന്ന ക്യാമ്പസ് ചിത്രത്തില്‍ ഒപ്പം വേഷമിട്ട ഉണ്ണി കാര്‍ത്തികേയനായിരുന്നു ആ സദസ്സില്‍ ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, അതും ഒരു ചെറിയ വേഷം ചെയ്ത നടനെപ്പോലും വിദേശത്തെ ഒരു വലിയ വേദിയില്‍ വെച്ച് ധ്യാന്‍ തിരിച്ചറിഞ്ഞു എന്നത് കാണികളെ ഏറെ ആവേശഭരിതരാക്കി.
പിന്നീട് ചടങ്ങുകള്‍ക്ക് ശേഷം വേദിയ്ക്ക് പുറത്തുവെച്ച് ഉണ്ണി കാര്‍ത്തികേയന്‍ ധ്യാനെ നേരില്‍ കാണുകയും ഇരുവരും പഴയ ഓര്‍മ്മകള്‍ പങ്കുവെക്കുകയും ചെയ്തു. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഉണ്ണി ഈ അപൂര്‍വ്വ കൂടിക്കാഴ്ചയുടെ സന്തോഷം കുറിപ്പായി പങ്കുവെച്ചത്. സിനിമയിലെ തിരക്കുകള്‍ക്കിടയിലും പഴയ സഹപ്രവര്‍ത്തകരെയും സൗഹൃദങ്ങളെയും നെഞ്ചോട് ചേര്‍ക്കുന്ന ധ്യാന്‍ ശ്രീനിവാസന്റെ ഈ നിലപാടിനെ പ്രശംസിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഒന്നടങ്കം.
ഉണ്ണിയുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ... 'ഒരേമുഖം' എന്ന സിനിമ ഷൂട്ട് കഴിഞ്ഞു പോയിട്ട് കൃത്യം പത്ത് വര്‍ഷം കഴിഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ ഓര്‍ഗാനിക്ക് ആയി ഉണ്ടായ ഒരു റീയുണീയന്‍ ആണ്. പ്ലാന്‍ഡ് അല്ല.. അയര്‍ലണ്ടിലെ ആള്‍ക്കൂട്ടത്തിനു ഇടയില്‍ നിന്ന് ധ്യാന്‍ എന്നെ കണ്ടുപിടിച്ചതാണ്. ശരിക്കും സര്‍പ്രൈസ്ഡ് ആയത് ഞാനാണ്. ഇപ്പോഴും ഈ മനുഷ്യന്‍ എന്നെ ഓര്‍ക്കുന്നല്ലോ. മറന്നുകാണും എന്നാണ് ഞാന്‍ കരുതിയത്. നന്ദിയുണ്ട് ധ്യാന്‍കുട്ടാ. ഒരു റീ-എന്‍ട്രി തന്നതിന്. ശരിക്കും ഒരു റീ-എന്‍ട്രി ഉണ്ട്. ആ കാര്യമാണ് ഞങ്ങള്‍ സംസാരിച്ചതും (അത് എന്താണെന്നു പിന്നീട് പറയാം ) സ്റ്റേജില്‍ ഉണ്ടായിരുന്ന ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ രഞ്ജി (മിഖായേല്‍ ഫോട്ടോഗ്രഫി) എടുത്തു അയച്ചു തന്ന വീഡിയോ ആണ്.