നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ മോഹന്‍ലാലിനെ കുറിച്ച് പങ്കുവെച്ച മനോഹരമായ വാക്കുകളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വിദേശത്ത് നടന്ന മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പരിപാടിയിലാണ് ധ്യാന്‍ സംസാരിച്ചത്.
''മോഹന്‍ലാല്‍ എന്ന നടനെ പോലെ ആരും ആകാനാവില്ല. പക്ഷേ, ശ്രമിച്ചാല്‍ മോഹന്‍ലാലിനെപ്പോലെ ഒരു നല്ല മനുഷ്യനാകാന്‍ നമുക്കാവാം,'' എന്നായിരുന്നു ധ്യാന്റെ ഹൃദയസ്പര്‍ശിയായ അഭിപ്രായം. ''അദ്ദേഹം മികച്ച കലാകാരനാണ്, എന്നാല്‍ അതിനപ്പുറം ഒരാളായി കാണേണ്ട മനുഷ്യനുമാണ്. അത് പലപ്പോഴും നാം മറക്കാറുണ്ട്,'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധ്യാന്‍ തന്റെ പ്രസംഗത്തില്‍ ഒരു വ്യക്തിഗത അനുഭവവും പങ്കുവെച്ചു. ''ഒരു അഭിമുഖത്തില്‍ അച്ഛന്‍ (ശ്രീനിവാസന്‍) ലാലിനോട് വിമര്‍ശനപരമായ അഭിപ്രായം പറഞ്ഞിരുന്നു. അതിന് മറുപടിയായി ഞാനും മറ്റൊരു അഭിമുഖത്തില്‍ പ്രതികരിച്ചു. പക്ഷേ പിന്നീട് മനസിലായി മോഹന്‍ലാല്‍ എത്ര വലിയ മനസുള്ള ആളാണ് എന്ന്. അദ്ദേഹം ഒരിക്കലും ആ വിഷയങ്ങളെക്കുറിച്ച് പ്രതികരിച്ചില്ല, എല്ലാം പോസിറ്റീവായി കാണുകയായിരുന്നു,'' ധ്യാന്‍ പറഞ്ഞു.
''ഹൃദയപൂര്‍വം സിനിമയുടെ സെറ്റില്‍ അച്ഛന്‍ വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലിനെ കണ്ടപ്പോള്‍ ക്ഷമ ചോദിച്ചു. അപ്പോള്‍ ലാല്‍സാര്‍ പറഞ്ഞത് 'അതൊക്കെ വിടെടോ' എന്നായിരുന്നു. ആ വാക്കുകള്‍ ഒരാളുടെ മഹത്വം വ്യക്തമാക്കുന്നു,'' എന്ന് ധ്യാന്‍ സ്‌നേഹത്തോടെ പറഞ്ഞു.
മോഹന്‍ലാലിനും ശ്രീനിവാസനുമൊത്ത് താന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമ ഒരിക്കല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണെന്നും ധ്യാന്‍ പറഞ്ഞു.ധ്യാനിന്റെ ഈ പ്രസംഗം ഇപ്പോള്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.