Latest News

അച്ഛന്‍ പോയിട്ട് ഒരു മാസം; തമാശകള്‍ പ്രതീക്ഷിക്കരുത്;ആ മാനസികാവസ്ഥയില്ല; ശ്രീനിവാസന്റെ വിയോഗത്തിന് ശേഷം ആദ്യമായി പൊതുവേദിയില്‍ ധ്യാന്‍; ബ്ലൂ ഹില്‍ ഫൗണ്ടേഷന്റെ ഒന്നാം വാര്‍ഷിക ചടങ്ങില്‍ ഫഹദിനൊപ്പം വേദി പങ്കിട്ട് നടന്‍

Malayalilife
 അച്ഛന്‍ പോയിട്ട് ഒരു മാസം; തമാശകള്‍ പ്രതീക്ഷിക്കരുത്;ആ മാനസികാവസ്ഥയില്ല; ശ്രീനിവാസന്റെ വിയോഗത്തിന് ശേഷം ആദ്യമായി പൊതുവേദിയില്‍ ധ്യാന്‍; ബ്ലൂ ഹില്‍ ഫൗണ്ടേഷന്റെ ഒന്നാം വാര്‍ഷിക ചടങ്ങില്‍ ഫഹദിനൊപ്പം വേദി പങ്കിട്ട് നടന്‍

ശ്രീനിവാസന്റെ വിയോഗത്തിന് ശേഷം ആദ്യമായി ധ്യാന്‍ ശ്രീനിവാസന്‍ പങ്കെടുത്ത വേദിയിലെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. പൊതുവെ വേദിയിലിരിക്കുന്നവരെയും സദസ്സിലിരിക്കുന്നവരെയും പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് സംസാരിക്കുന്ന ധ്യാന്‍ ശ്രീനിവാസന്‍ , വളരെ അധികം പക്വതയോടെ നടത്തിയ ഒരു മോട്ടിവേഷന്‍ പ്രസംഗം പോലെയായിരുന്നു. വര്‍ഗീസ് ബ്ലൂ ഹില്‍ ഫൗണ്ടേഴന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടന്‍

തമാശ പറയാന്‍ പറ്റിയ മാനസികാവസ്ഥയിലല്ല താനെന്നും ഈ പരിപാടി ആയതുകൊണ്ട് മാത്രമാണ് താന്‍ വന്നത് എന്നുമാണ് ധ്യാന്‍ പറഞ്ഞത്. 'പൊതുവെ ഞാന്‍ വരുമ്പോള്‍ തമാശയൊക്കെ പറയും, എല്ലാവരെയും ചിരിപ്പിക്കും അങ്ങനെയാണ്. പക്ഷെ ഇന്ന് തമാശയൊന്നും പറയാന്‍ പറ്റിയ മാനസികാവസ്ഥയിലല്ല ഞാന്‍. അച്ഛന്‍ പോയിട്ട് ഒരു മാസം കഴിഞ്ഞതേയുള്ളു. അതിനുശേഷമുള്ള ആദ്യത്തെ പൊതുപരിപാടിയാണ്. ഇങ്ങനെയൊരു കാര്യം കൂടി ആയതുകൊണ്ടാണ് വിളിച്ചപ്പോള്‍ വരാം എന്ന് വിചാരിച്ചത്. പ്രത്യേകിച്ച് തമാശയൊന്നും പ്രതീക്ഷിക്കരുത്,' ധ്യാന്‍ പറഞ്ഞു.

ജീവിതത്തില്‍ സമ്പാദിക്കുന്നതിനേക്കാള്‍ മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ ലഭിക്കുന്ന സംതൃപ്തിയെക്കുറിച്ച് അച്ഛന്റെ ഒരു സുഹൃത്ത് പണ്ട് നല്‍കിയ ഉപദേശവും, ആ വാക്കുകള്‍ തന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചുവെന്നും താരം വേദിയില്‍ അനുസ്മരിച്ചു. 

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, അച്ഛന്റെ ഒരു സുഹൃത്തും സിനിമയിലൊക്കെയുള്ള ഒരാളും ഒരു ദിവസം വീട്ടില്‍ വന്നപ്പോള്‍ എന്നോട് ഒരു കാര്യം പറഞ്ഞു. അന്ന് ഞാന്‍ കോളജില്‍ പഠിച്ചുകൊണ്ടിരുന്ന സമയമാണ്. പഠിച്ചിട്ടില്ല, പോയിക്കൊണ്ടിരുന്ന സമയമാണ്. വെറുതെ ഇങ്ങനെ പോകും വരും, അങ്ങനെ പോയി വരുന്ന സമയം. വൈകുന്നേരങ്ങളില്‍ സ്ഥിരം അച്ഛന്റെ ഒരു പരിപാടിയുണ്ടായിരുന്നു. കൂട്ടുകാരുടെ മുന്നില്‍ കുറച്ച് 'രണ്ടെണ്ണം' ഒക്കെ അടിച്ചു കഴിഞ്ഞാല്‍ എന്നെ വിളിച്ച് അപമാനിക്കുക. അച്ഛന്റെ ഒരു സ്ഥിരം ഹോബിയായിരുന്നു അത്. ഞാന്‍ അതിന് അര്‍ഹനാണ്, അതുകൊണ്ടുതന്നെ ഞാന്‍ പലപ്പോഴും അവിടെ ഇരുന്നു കൊടുക്കും, തിരിച്ചൊന്നും മറുപടി പറയാറില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛന്റെ ആ സുഹൃത്ത് എന്നോട് പറഞ്ഞു: 'നാളെ നീ എന്നെങ്കിലും രക്ഷപ്പെടുകയാണെങ്കില്‍, നിന്റെ കയ്യില്‍ പത്ത് കാശൊക്കെ വരുന്ന സമയത്ത് നീ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങണം.' എനിക്ക് മുന്നോട്ട് എന്ത് സംഭവിക്കും എന്ന് പോലും അറിയാത്ത ഒരു കാലത്താണ് അദ്ദേഹം എന്നോട് ഇത് പറയുന്നത്. 'മൂന്ന് ബാങ്ക് അക്കൗണ്ട് തുടങ്ങണം. ആദ്യത്തെ ബാങ്ക് അക്കൗണ്ടില്‍, നിനക്ക് ഒരു 1000 രൂപ വരികയാണെങ്കില്‍ അതില്‍ ഒരു 600 രൂപ നീ ഇടണം. പിന്നെ വരുന്ന ഒരു 300 രൂപ രണ്ടാമത്തെ ബാങ്ക് അക്കൗണ്ടില്‍ ഇടുക. ബാക്കി വരുന്ന ഒരു 100 രൂപ മൂന്നാമത്തെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുക.'

ആയിരം രൂപയിട്ട് ഒരു അമ്പത് രൂപ എടുക്കാനില്ലാത്ത സമയത്താണ് പുള്ളി എന്നെ ഇങ്ങനെ ഉപദേശിക്കുന്നത്! അപ്പോള്‍ ഞാന്‍ ചോദിച്ചു, 'എന്തിനാണ് അങ്കിള്‍ അങ്ങനെ?' എന്ന്. പുള്ളി പറഞ്ഞു: 'ആദ്യത്തെ ബാങ്ക് അക്കൗണ്ടില്‍ വരുന്ന കാശ് നിനക്ക് നിന്റെ ആവശ്യങ്ങള്‍ക്കും തുണിമണി വാങ്ങിക്കാനും നിന്റെ ചെലവുകള്‍ക്കും ഉപയോഗിക്കാം. രണ്ടാമത്തെ ബാങ്ക് അക്കൗണ്ടിലുള്ള പൈസ കൊണ്ട് നിനക്ക് ഈ നാട്ടിലെ നികുതി അടയ്ക്കാം. നീ ഒരു റെസ്‌പോണ്‍സിബിള്‍ സിറ്റിസണ്‍ ആണെങ്കില്‍ ടാക്‌സ് അടയ്ക്കാന്‍ ബാധ്യസ്ഥനാണ്. അതുകൊണ്ട് നീ കൃത്യമായി ആ പൈസ കൊണ്ട് നികുതിയടയ്ക്കുക.' അപ്പോള്‍ ഞാന്‍ ചോദിച്ചു, 'മൂന്നാമത്തെ നൂറു രൂപയോ?'

'അതാണ് നിനക്ക് ജീവിതത്തില്‍ ഏറ്റവും വലിയ സന്തോഷം തരാന്‍ പോകുന്നത്.' അദ്ദേഹം പറഞ്ഞു. ഞാന്‍ ചോദിച്ചു, 'അതെന്താണ്?' അതിന് അദ്ദേഹം പറഞ്ഞത് ഈ ചാരിറ്റിയെക്കുറിച്ചാണ്. 'അതായിരിക്കും നിനക്ക് ജീവിതത്തില്‍ ഏറ്റവും വലിയ സംതൃപ്തി നല്‍കുന്നത്. നീ ഒരുപാട് വണ്ടികള്‍ വാങ്ങുമായിരിക്കും, വീടുകള്‍ വയ്ക്കുമായിരിക്കും, പക്ഷേ നിന്റെ മനസ്സറിഞ്ഞ് ഒരാള്‍ക്ക് ഒരു സഹായം നല്‍കുമ്പോള്‍ കിട്ടുന്ന സന്തോഷം നീ വീട് വച്ചാലും കാര്‍ വാങ്ങിയാലും നിനക്ക് കിട്ടില്ല.'

ഇന്ന് ജോബി ചേട്ടന്‍ അച്ഛന്റെ പേരില്‍ ചെയ്യുന്ന ഈ സംരംഭത്തില്‍ ഇവിടെയിരിക്കുന്ന സഹായം കിട്ടിയ ആള്‍ക്കാരേക്കാളും സന്തോഷിക്കുന്നത് അദ്ദേഹം തന്നെയായിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്. രണ്ടാമത്തെ അക്കൗണ്ടിലെ പൈസ അടച്ചില്ലെങ്കില്‍ നമുക്ക് സമാധാനം കിട്ടില്ല എന്നും പുള്ളി പറഞ്ഞു. അത് സത്യമാണ്, കാരണം ഐടി ഒക്കെ കറക്റ്റ് ആയിട്ട് അടച്ചില്ലെങ്കില്‍ സമാധാനം കിട്ടില്ല. സമാധാനം വേണമെങ്കില്‍ രണ്ടാമത്തെ അക്കൗണ്ടിലെ പൈസ കൊണ്ട് നികുതിയടയ്ക്കണം. പക്ഷേ നിനക്ക് സന്തോഷം വേണമെങ്കില്‍, അല്ലെങ്കില്‍ നിനക്ക് ആരെന്നറിയാത്ത ആള്‍ക്കാര്‍ പോലും നിന്നെ സ്‌നേഹിക്കണമെങ്കില്‍, ഈ സ്‌നേഹവും സന്തോഷവും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്താലല്ലാതെ വേറെ ഒന്നിനും കിട്ടില്ല. ആ വ്യക്തിയെ ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ജോബി ചേട്ടന്‍ അച്ഛന്റെ പേരില്‍ ചെയ്യുന്ന ഈ 'ബ്ലൂഹില്‍ ഫൗണ്ടേഷന്‍' എന്ന സംരംഭത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

ചാരിറ്റി എന്ന് പറയുമ്പോള്‍ ഇത് കുറെ പൈസയുള്ളവര്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന ഒന്നല്ല. ഗണേശേട്ടന്‍ ഒക്കെ അത് ചെയ്യുന്നുണ്ട്. പക്ഷേ എന്റെ കൂടെയുള്ള സമകാലീനര്‍ ആയിട്ടുള്ള ആള്‍ക്കാര്‍ ചെയ്യുന്നുണ്ടോ എന്ന് അറിയില്ല. എനിക്കിപ്പോള്‍ അത്യാവശ്യം തിരക്കുണ്ട്, കാശും കിട്ടുന്നുണ്ട്. പക്ഷേ എനിക്ക് രണ്ട് അക്കൗണ്ട് തുടങ്ങാനേ ഇതുവരെ പറ്റിയിട്ടുള്ളൂ. ടാക്‌സ് അടക്കാനുള്ള അക്കൗണ്ടും എന്റെ ആവശ്യങ്ങള്‍ക്കുള്ള അക്കൗണ്ടും. ഫഹദ് ഇക്ക മൂന്ന് അക്കൗണ്ടും തുടങ്ങി വച്ചിരിക്കുകയാണ്, പക്ഷേ മൂന്നാമത്തേതില്‍ നിന്ന് ഇതുവരെ ഫണ്ട് റിലീസ് ചെയ്യുന്നില്ല എന്നൊരു പരാതി പലരും പറയുന്നതായി കേള്‍ക്കുന്നു. 

ഫഹദ് ഇക്ക ഒക്കെ നമ്മള്‍ നോക്കിക്കാണുന്ന ഒരാളാണ്. പ്രത്യേകിച്ച് ഇന്ത്യയിലെ തന്നെ വലിയ നടനാകുമ്പോള്‍ വലിയ പൈസ വരും. അപ്പോള്‍ നിങ്ങളൊക്കെ ഒരു മാതൃകയാകണം. ജോബി ചേട്ടനെ ഒരു മാതൃകയായി കാണുന്നു. ഞാന്‍ ഇത് സത്യമായിട്ടും പ്ലാന്‍ ചെയ്തു വന്നതല്ല, ഇവിടെ വന്നപ്പോള്‍ പറയണമെന്ന് തോന്നിയതുകൊണ്ട് പറഞ്ഞതാണ്. ഇനി എന്തെങ്കിലും ഒരു തമാശ പറയട്ടെ? എന്റെ കണ്ടെമ്പററീസ് ആയിട്ടുള്ള, ഞാന്‍ നോക്കിക്കാണുന്ന ഫഹദിക്കയും ഇതുപോലെയുള്ള ചാരിറ്റിയില്‍ ഏര്‍പ്പെടണം. ആ മൂന്നാമത്തെ അക്കൗണ്ടിലെ പൈസ റിലീസ് ചെയ്യണം. എന്നാലേ ഞാനും മിഥുന്‍ ചേട്ടനും ഒക്കെയുള്ള ഞങ്ങളുടെ മൂന്നാമത്തെ അക്കൗണ്ടില്‍ നിന്ന് ചാരിറ്റിക്ക് തുടക്കം കുറിക്കൂ. എന്തായാലും നിങ്ങളുടെ ഈ വലിയ സന്തോഷത്തിനിടയില്‍ ഒരു ചെറിയ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. ഈ വൈകിയ വേളയില്‍ ദീര്‍ഘിപ്പിക്കുന്നില്ല. നന്ദി, നമസ്‌കാരം.''-ധ്യാനിന്റെ വാക്കുകള്‍.

dhyan sreenivasans first program

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES