കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത മഴ ദുബായില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വെള്ളക്കെട്ടുകള്‍ പലയിടത്തു നിന്നും പൂര്‍ണമായും ഇപ്പോഴും മാറിയിട്ടില്ല. കനത്ത വെള്ളക്കെട്ടില്‍ വലഞ്ഞിരിക്കുകയാണ് ദുബായിലെത്തിയ മലയാള സിനിമാപ്രവര്‍ത്തകരും. സംവിധായകന്‍ ബ്ലെസി, നടന്‍ ഉണ്ണി മുകുന്ദന്‍, ഗോകുല്‍ എന്നിവരെല്ലാം മണിക്കൂറുകളോളമാണ് ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.
ആടുജീവിതത്തിന്റെ ചിത്രീകരണത്തിനിടയില്‍ കൊവിഡ് 19 മൂലം മരുഭൂമിയില്‍ കുടുങ്ങിയവരാണ് പൃഥ്വിരാജും ബ്ലെസ്സിയും ഉള്‍പ്പെടെയുള്ളവര്‍. ചിത്രം റിലീസായി, പ്രമോഷന് വേണ്ടി ദുബായിലെത്തിയപ്പോള്‍ പെരുമഴ. ചിത്രത്തില്‍ ഹക്കീമിനെ അവതരപ്പിച്ച ഗോകുലും ഗായകന്‍ ജിതിനും 24 മണിക്കൂറോളം ദുബായ് അല്‍ മക്തൂം വിമാനത്താവളത്തിലിരിക്കേണ്ടിവന്നു.
ജയ് ഗണേഷിന്റെ പ്രചാരണത്തിന് ദുബായിലെത്തിയ നടന്‍ ഉണ്ണി മുകുന്ദനും സംവിധായകന്‍ രഞ്ജിത് ശങ്കറും സമാന സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നു. വിശന്നു വലഞ്ഞ് മണിക്കൂറോളം ദുബായ് അല്‍ മക്തൂം വിമാനത്താവളത്തില്‍ വിശന്നിരുന്നവര്‍ ആരൊക്കെയോ നല്‍കിയ വെള്ളവും ഭക്ഷണവും കഴിച്ചാണ് മണിക്കൂറുകള്‍ തള്ളിനീക്കിയത്.
കൊച്ചിയില്‍ നിന്നുമുള്ള ബ്ലെസ്സിയുടെ ദുബായ് വിമാനം റദ്ദാക്കി. മറ്റൊരു വിമാനത്തില്‍ ഷാര്‍ജയിലെത്തിയപ്പോള്‍ വിമാനത്താവളവും റോഡുകളും പുഴപോലെയായി..