ട്രാന്‍സിഷന്‍ വീഡിയോയുമായി നടന്‍ ഉണ്ണി മുകുന്ദന്‍. സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോ നിമിഷങ്ങള്‍ക്കകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
മെട്രോ മനോരമയുടെ പ്രോഗ്രാം മിസ്റ്റര്‍ ഹാന്‍ഡിന്റെ ഗ്രാന്റ് ഫിനാലെ വേദിയില്‍ നിന്ന് മാര്‍ക്കോയില്‍ എത്തിനില്‍ക്കുന്ന ഉണ്ണിമുകുന്ദനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. മൂന്നാമത്തെ സ്റ്റെപ്പിലെത്താന്‍ 18 വര്‍ഷങ്ങള്‍ എടുത്തു എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മിന്നലായി വന്ന ഉണ്ണി മാര്‍ക്കോയില്‍ കാട്ടുതീയായി മാറിയിരിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. സൂപ്പര്‍ സ്റ്റാര്‍ ഉണ്ണി മുകുന്ദന്‍ എന്ന് ഉറപ്പിച്ച് പറയാം, ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്‍, കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും ആഗ്രഹം നേടിയെടുത്തു എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.
ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് ചുവടുവച്ച ഉണ്ണി മുകുന്ദന്‍ തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് നായകവേഷത്തിലെത്തുന്നത്. പിന്നീട് പുറത്തിറങ്ങിയ മല്ലുസിംഗ്, വിക്രമാദിത്യന്‍, ചാണക്യതന്ത്രം, ഇര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറി.
പിന്നീട് റിലീസ് ചെയ്ത മാളികപ്പുറം, മേപ്പടിയാന്‍, ജയ് ഗണേഷ്, തമിഴ് ചിത്രം ഗരുഡന്‍ എന്നിവയും തിയറ്ററുകളില്‍ വലിയ ആവേശം തീര്‍ത്തു. ഇപ്പോഴിതാ താരത്തിന്റെ പുത്തന്‍ ചിത്രം മാര്‍ക്കോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ വേഷത്തിലാണ് ഉണ്ണി മുകുന്ദന്‍ മാര്‍ക്കോയിലെത്തുന്നത്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20-നാണ് ചിത്രം തിയേറ്ററുകളിലെത്തുക.