നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഭദ്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ജൂതന്‍ എന്ന സിനിമയില്‍ നിന്ന് റിമ കല്ലിങ്കലിനെ മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭദ്രന്‍ പുതിയ ചിത്രവുമായി എത്തുമ്പോള്‍ നായികയായി മംമ്ത മോഹന്‍ദാസിനെയാണ് റിമയ്ക്ക് പകരം തെരഞ്ഞെടുത്തിരിക്കുന്നത്.
സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രത്തില്‍ റിമയെയാണ് നായികയായി ആദ്യം നിശ്ചയിച്ചിരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു.എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ നിന്നും റിമയെ മാറ്റി പകരം മംമ്ത നായികയായി എത്തുമെന്നാണ് ഏറ്റവും പുതിയ വിവരം.
സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ട മോഷന്‍ പോസ്റ്ററിലും റിമ കല്ലിങ്കലിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ സ്‌ക്രിപ്റ്റ് എഴുതി പൂര്‍ത്തിയാക്കിയതോടെ ആ റോളിലേക്ക് മംമ്തയാണ് കൂടുതല്‍ അനുയോജിക്കുകയെന്ന് മനസ്സിലായതോടെയാണ് തീരുമാനം മാറ്റിയതെന്ന് ഭദ്രന്‍ മാത്യഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ പ്രശസ്തയായ, വളരെ സീരിയസായ നടിയുടെ റോളാണിത്. കഥയെഴുതി വന്നപ്പോള്‍ ആ വേഷത്തിനു മമ്തയായിരിക്കും കൂടുതല്‍ അനുയോജ്യമാകുകയെന്നു തോന്നി. പ്രതീക്ഷകള്‍ തകര്‍ന്നു പോകുന്നത് വലിയ വിഷമമുള്ള കാര്യമാണ്. എന്നിരുന്നാലും അഡ്വാന്‍സ് ഒന്നും നേരത്തെക്കൂട്ടി നല്കിയിരുന്നില്ല. ബജറ്റും അങ്ങനെ എല്ലാ ഘടകങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം. അടുത്തവര്‍ഷം ജനുവരിയിലോ മാര്‍ച്ചിലോ ഷൂട്ടിങ് ആരംഭിക്കും. അതിന്റെ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഭദ്രന്‍ പറഞ്ഞു.
റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം,ജയന്ത് മാമന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ജോജുജോര്‍ജ് പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.ശിക്കാര്‍, കനല്‍, നടന്‍ തുടങ്ങിയ സിനിമളൊരുക്കിയ എസ്. സുരേഷ് ബാബുവാണ് തിരക്കഥ. ലോകനാഥന്‍ ശ്രീനിവാസന്‍ ആണ് ജൂതന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക. സുഷിന്‍ ശ്യാം സംഗീതം നല്‍കും. ബംഗ്ലാന്‍ കലാ സംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വഹിക്കും.
നിഗൂഢമായ ഒരു ഫാമിലി ത്രില്ലര്‍ ഹിസ്റ്റോറിക്കല്‍ കഥ പറയുന്ന ചിത്രത്തില്‍ കൊച്ചുകുട്ടിയെപ്പോലെ നിഷ്‌കളങ്കവും പക്ഷേ ബുദ്ധിവൈഭവവും ഉള്ള ജൂത കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത്.ഇന്ദ്രന്‍സ്, ജോയി മാത്യു തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും.അയ്യര്‍ ദി ഗ്രേറ്റ് , സ്ഫടികം, യുവതുര്‍ക്കി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഭദ്രന്‍ മോഹന്‍ ലാലിന്റെ ഉടയോന്‍ എന്ന ചിത്രത്തോടെ ഇടവേള എടുക്കുകയായിരുന്നു.ചിത്രത്തിലേക്ക് കുട്ടി അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ട് ഒരു കാസ്റ്റിങ് കോള്‍പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. രസകരമാണ് പോസ്റ്ററിലെ വിവരങ്ങള്‍.