ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഗ്യാങ്സ്റ്റര്‍ സിനിമകളുടെ പതിവ് ശൈലികളെ പൊളിച്ചെഴുതുന്ന പുതിയൊരു പരീക്ഷണമായിരിക്കും.ലാസ് വെഗാസില്‍ നടന്ന സിനിമാകോണ്‍ 2026-ല്‍ ഇന്ത്യന്‍ സിനിമ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയപ്പോള്‍, തന്റെ പുതിയ ചിത്രമായ 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍അപ്സി'നെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെച്ച് റോക്കിംഗ് സ്റ്റാര്‍ യാഷ് സദസ്സിനെ വിസ്മയിപ്പിച്ചു.
'രാമായണ'യുടെ സഹനിര്‍മ്മാതാവ് നമിത് മല്‍ഹോത്രയ്ക്കൊപ്പം പങ്കെടുത്ത യാഷ്, ഗ്യാങ്സ്റ്റര്‍ സിനിമകളുടെ പതിവ് രീതികളെ പൊളിച്ചെഴുതുന്ന തന്റെ പുതിയ പ്രോജക്റ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി.
സിനിമയെക്കുറിച്ച് യാഷ് പങ്കുവെച്ചത് ഇങ്ങനെ...
'വളരെ വലിയൊരു ലക്ഷ്യത്തോടു കൂടിയുള്ള പ്രൊജക്റ്റാണ് ടോക്‌സിക്. പ്രേക്ഷകര്‍ എനിക്ക് നല്‍കുന്ന വിജയം വെറുമൊരു ആഘോഷമായി മാത്രമല്ല ഞാന്‍ കാണുന്നത്; ഓരോ തവണയും എന്നെത്തന്നെ കൂടുതല്‍ മെച്ചപ്പെടുത്താനും അതിലും മികച്ചത് എന്തെങ്കിലും ചെയ്യാനുമുള്ള ഉത്തരവാദിത്തമായിട്ടാണ് ഞാന്‍ അതിനെ കരുതുന്നത്.
ഇന്ത്യയില്‍ എനിക്ക് ലഭിക്കുന്ന സ്‌നേഹവും പിന്തുണയും പറഞ്ഞറിയിക്കാനാവാത്തതാണ്. അതുകൊണ്ട് തന്നെ, നമ്മുടെ കഥകളെയും ഇന്ത്യന്‍ സിനിമാ വ്യവസായത്തെയും ഒരു ആഗോള തലത്തിലേക്ക് എത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം. നമ്മുടെ ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളും ഇന്ത്യന്‍ സിനിമയുടെ ആ പ്രാതിനിധ്യത്തിന് വേണ്ടിയാണ് പരിശ്രമിക്കുന്നത്, അത്തരമൊരു ശ്രമമാണ് ടോക്‌സിക്കും.
കൂടുതല്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാനും നമ്മുടെ കഥകള്‍ ആഗോളതലത്തില്‍ നേരിട്ട് എത്തിക്കാനുമായി ഞങ്ങള്‍ ടോക്സിക് ഇംഗ്ലീഷിലും ചിത്രീകരിച്ചിട്ടുണ്ട്.വലിയ ക്യാന്‍വാസിലുള്ള ഒരു ആക്ഷന്‍ സിനിമയാണ് ടോക്‌സിക്, എങ്കിലും അതില്‍ ഒരുപാട് ആഴത്തിലുള്ള കാര്യങ്ങളുണ്ട്. ഒരു സാധാരണ ഗ്യാങ്സ്റ്റര്‍ സിനിമ മാത്രമല്ല; ഒരു മെറ്റഫോറിക്കല്‍ അഥവാ രൂപകാത്മകമായ ഒരു സ്വഭാവം ടോക്‌സിക്കിനുണ്ട്. നിങ്ങള്‍ ഈ സിനിമ കാണുമ്പോള്‍, പുറം കാഴ്ചയില്‍ മാത്രം ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ക്കും അപ്പുറം ഇതില്‍ ഒരുപാട് അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാകും.
'ഏറ്റവും മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് വലിയ ആവേശമാണ്. സംവിധായിക ഗീതു മോഹന്‍ദാസ് ഒരു ഗ്യാങ്സ്റ്റര്‍ സിനിമയ്ക്ക് തികച്ചും പുതിയൊരു കാഴ്ചപ്പാടാണ് നല്‍കിയിരിക്കുന്നത്. ആ പ്രോസസ് ഞാന്‍ ശരിക്കും ആസ്വദിച്ചു. പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും ഇതൊരു മികച്ച ദൃശ്യവിരുന്ന് എന്നതിലുപരി കാണുന്നവരുടെ മനസ്സിനെ വലിയ രീതിയില്‍ സ്വാധീനിക്കുന്ന ഒരു ചിത്രം കൂടി ആയിരിക്കും.' എന്ന് സംവിധായിക ഗീതു മോഹന്‍ദാസിനെക്കുറിച്ചും അണിയറപ്രവര്‍ത്തകരെക്കുറിച്ചും യാഷ് പറഞ്ഞു.
ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയെക്കുറിച്ച് സംസാരിക്കവെ, ഇന്ത്യ ഒരു ലോകം തന്നെയാണെന്നും ഓരോ നൂറു കിലോമീറ്റര്‍ കൂടുമ്പോഴും പുതിയ ഭാഷയും സംസ്‌കാരവുമാണെന്നും യാഷ് അഭിപ്രായപ്പെട്ടു. ഡബ്ബിംഗിലൂടെയും പാന്‍-ഇന്ത്യന്‍ സിനിമാ നിര്‍മ്മാണത്തിലൂടെയും വിവിധ മേഖലകളിലുള്ള പ്രേക്ഷകരിലേക്ക് സിനിമ എത്തുന്നു. യാഷിനെ സംബന്ധിച്ചിടത്തോളം, 'ടോക്‌സിക്' ഈ മാറ്റത്തിന്റെ പ്രതീകമാണ്. ഇന്ത്യന്‍ തനിമയില്‍ വേരൂന്നിയതും എന്നാല്‍ ആഗോള പ്രേക്ഷകര്‍ക്കായി രൂപകല്‍പ്പന ചെയ്തതുമായ ഒന്ന്. 'എല്ലാവര്‍ക്കും ആസ്വദിക്കാവുന്നതും എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം നല്‍കുന്നതുമായ ഒരു ചിത്രമാണിത്,' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും കെ.വി.എന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. യാഷിനൊപ്പം നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 2026 ജൂണ്‍ 4-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.