കഴിഞ്ഞ വർഷം മലയാളത്തിലിറങ്ങിയ ഹിറ്റ് സിനിമകളിലൊന്നായിരുന്നു ജോജു ജോർജ് നായകനായി എത്തിയ ജോസഫ്. ജോജു ജോർജ് എന്ന നടന്റെ അഭിനയജീവിതത്തിൽ വലിയൊരു വഴിത്തിരിവായ ചിത്രം കൂടിയായിരുന്നു ഇത്്. ചിത്രം 125 സുവർണ ദിനങ്ങൾ പിന്നിട്ടതിന്റെ ആഘോഷങ്ങൾ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു.ആഘോഷത്തിനൊപ്പം ചിത്ത്രതിൽ അഭിനയിച്ചവർക്കും പിന്നണിപ്രവർത്തകർക്കും ഉപഹാരം നൽകി, എന്നാൽ ചിത്രത്തിന്റെ
താങ്ക്സ് കാർഡിൽ കുഞ്ചാക്കോ ബോബന്റെ പത്നി പ്രിയയുടെ പേരും ചേർത്തിരുന്നു. പ്രിയ, ചിത്രത്തിന്റെ ഭാഗമേ അല്ലാതിരുന്നിട്ട് കൂടി പ്രിയയുടെ പേര് എങ്ങനെ വന്നു എന്ന് ആശങ്കപ്പെട്ടവർക്കായി പിഷാരടി ചടങ്ങിൽ വച്ച് തന്നെ കാരണം വ്യക്തമാക്കി.
ജോജു ജോർജ് നായകനായെത്തിയ 'ജോസഫ്' എന്ന ചിത്രത്തെയോർത്ത് ഏറ്റവും അധികം ടെൻഷനടിച്ചത് കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയാണെന്ന് രമേശ് പിഷാരടി പറയുന്നത്.. 'പ്രിയയും ഞാനുമാണ് ജോജുവിന്റെ ടെൻഷൻ ഇറക്കി വെയ്ക്കുന്ന രണ്ടു സ്ഥലങ്ങൾ. രാത്രി ഒരു മണി, രണ്ടു മണിക്കൊക്കെ ജോജു വിളിക്കും. 'മഴയാടോ, എന്താ ചെയ്യാന്ന് അറിയില്ല' എന്നൊക്കെ പറഞ്ഞ് ടെൻഷൻ അടിപ്പിക്കും.
ജോസഫ് എന്ന സിനിമ നടക്കുന്ന സമയത്ത് പ്രിയ ഗർഭിണിയാണ്. 'അധികം ടെൻഷനൊന്നും അടിക്കരുത്. ഇനിയുള്ള മൂന്നു നാലു മാസം ശ്രദ്ധിക്കണം' എന്നൊക്കെ ഡോക്ടർ പറഞ്ഞതിന്റെ പിറ്റേന്നാണ് ജോസഫിന്റെ ഷൂട്ട് തുടങ്ങുന്നത്. രാത്രി 11 മണി ആവുമ്പോൾ ജോജു വിളിക്കും, എന്നിട്ടു പറയും ചിത്രത്തിൽ വെട്ടിതുണ്ടമാക്കി ചീഞ്ഞളിഞ്ഞു കിടക്കുന്ന ജഡം കാണുന്ന ഒരു രംഗമുണ്ട്. ഈ സീൻ എങ്ങിനെയായിരിക്കും പ്രിയേ എന്നൊക്കെ ജോജു ചോദിക്കും.'
'അങ്ങനെ മൂന്നാലു ദിവസം ആയപ്പോൾ ചാക്കോച്ചൻ വിളിച്ച് കാര്യം പറഞ്ഞു. രാത്രി 12 മണിക്ക് പ്രിയയെ വിളിച്ച് ഓരോ കാര്യങ്ങൾ പറഞ്ഞിട്ട് പ്രിയ ഇവിടെ പേടിച്ച് ഉറക്കമില്ലാതെ ഇരിക്കുകയാണെന്ന്. സത്യത്തിൽ ജോസഫ് എന്ന സിനിമയോർത്ത് ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ചത് പ്രിയയാണ്. അതുകൊണ്ടാണ്, പ്രിയയുടെ പേര് താങ്ക്സ് കാർഡിൽ വെച്ചിരിക്കുന്നത്.' പിഷാരടി പറഞ്ഞു. ചടങ്ങിൽ ജോസഫിന്റെ വിജയത്തിന്റെ സന്തോഷം പങ്കു വെയ്ക്കുന്ന ഫലകം പ്രിയക്കു വേണ്ടി കുഞ്ചാക്കോ ബോബൻ ഏറ്റു വാങ്ങി.
അതോടൊപ്പം, ജോജുവുമായുള്ള സൗഹൃദത്തിന്റെ കഥകളും കുഞ്ചാക്കോ ബോബൻ ചടങ്ങിൽ പങ്കു വച്ചു. ഒരു ഓട്ടോറിക്ഷയിൽ തന്റെ വണ്ടിയെ ചെയ്‌സ് ചെയ്തു വന്നപ്പോഴാണ് ജോജുവിനെ ആദ്യം കാണുന്നതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ചെയ്‌സ് ചെയ്തു വന്ന് ആംഗ്യഭാഷയിൽ കൊള്ളാമെന്നു പറഞ്ഞ ജോജുവിനെ താനിപ്പോഴും ഓർക്കുന്നുവെന്ന് താരം കൂട്ടിച്ചേർത്തു. ചാക്കോച്ചന്റെ ഡാൻസ് സൂപ്പറാണെന്നാണ് ആക്ഷൻ കാണിച്ചു പറഞ്ഞതാണെന്ന് ജോജു അന്നത്തെ ആക്ഷൻ കഥയ്ക്ക് വിശദീകരണം നൽകി. അന്നു മുതൽ ഇന്നു വരെ ചാക്കോച്ചൻ എപ്പോഴും പിന്തുണ നൽകിയിട്ടുണ്ടെന്ന് ജോജു പറഞ്ഞു. എന്തിന്, കാശു വരെ കടം തന്നിട്ടുണ്ടെന്ന് ജോജു പൊട്ടിച്ചിരിയോടെ പങ്കു വച്ചു.