നടീനടന്മാരുടെ സംഘടനയായ 'അമ്മയ്ക്ക്' പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുള്ള നടിമാരുടെ തുറന്നുപറച്ചിലിലാണ് പൃഥ്വിരാജ് അഭിപ്രായം പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ആരോപണം അന്വേഷിക്കണം. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകണം. ആരോപണം തെറ്റെന്നു തെളിഞ്ഞാല്‍ തിരിച്ചും നടപടി വേണമെന്നും പൃഥ്വിരാജ് പറഞ്ഞു. കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന പേരുകള്‍ പുറത്ത് വിടണോ എന്ന് തീരുമാനിക്കേണ്ടത് താനല്ല. താന്‍ ഇതില്‍ ഇല്ലാ എന്ന് പറയുന്നതില്‍ തീരുന്നില്ല തന്റെ ഉത്തരവാദിത്തമെന്നും പൃഥ്വിരാജ് പറഞ്ഞു.
'ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ അന്വേഷിക്കപ്പെടണം. അന്വേഷണത്തി നൊടുവില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അന്വേഷണത്തിനൊടുവില്‍ ആരോപണങ്ങള്‍ കള്ളമാണെന്ന് ബോധ്യപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷാനടപടികള്‍ ഉണ്ടാകണം. ഇരകളുടെ പേരുകളാണ് നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതി അനുസരിച്ച് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണ വിധേയരുടെ പേരുകള്‍ സംരക്ഷിക്കപ്പെടാന്‍ നിയമം അനുശാസിക്കാത്തിടത്തോളം കാലം ആ പേരുകള്‍ പുറത്തുവിടാന്‍ നിയമതടസം ഉണ്ടെന്ന് കരുതുന്നില്ല. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ള പേരുകള്‍ പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അധികാരത്തില്‍ ഇരിക്കുന്നവരാണ്.
ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരില്‍ ഒരാള്‍ ഞാന്‍ ആണ്. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുന്നത് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തുവാനും എങ്ങനെയൊരു സുരക്ഷിതമായ തൊഴിലിടം സാധ്യമാകും എന്നതിനെക്കുറിച്ച് ചിന്തിക്കാനുമാണ്. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതില്‍ ഒരു ഞെട്ടലുമില്ല. കുറ്റകൃത്യം ചെയ്ത ആള്‍ക്കാരെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ തുടര്‍നടപടികള്‍ എന്താണെന്നറിയാന്‍ നിങ്ങളെപ്പോലെ എനിക്കും ആകാംക്ഷയുണ്ട്.
അമ്മയ്ക്ക്' പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. എനിക്ക് ചെയ്യാന്‍ കഴിയുന്നത് എനിക്ക് ചുറ്റുമുള്ള തൊഴിലിടം സുരക്ഷിതമാക്കുക എന്നുള്ളതാണ്. പക്ഷേ അതില്‍ ഉത്തരവാദിത്വം തീരുന്നില്ല.
അമ്മയുടെ നിലപാട് ദുര്‍ബലമാണ്. പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അത് ഇല്ലാതാകണം, ഞാന്‍ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയന്‍ കഴിയില്ല. ഒരു പദവിയില്‍ ഇരിക്കുന്നവര്‍ ആരോപണം നേരിടുമ്പോള്‍ പദവി ഒഴിയുക തന്നെ വേണം. അമ്മ ശക്തമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. എല്ലാവരും ഒത്തു ചേര്‍ന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടത്, അതുടനെ വരും എന്നു പ്രതീക്ഷിക്കുന്നു. സിനിമയില്‍ ബഹിഷ്‌കരണവും വിലക്കും പാടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. എല്ലാ സംഘടനയുടേയും തലപ്പത്ത് സ്ത്രീകള്‍ വേണമെന്നാണ് നിലപാട്. കോണ്‍ക്ലേവ് പ്രശ്ന പരിഹാരം ഉണ്ടാകട്ടെ. എന്നാല്‍ കഴിയുന്നത് എല്ലാം ചെയ്യാമെന്നും പൃഥ്വിരാജ് പറഞ്ഞു.
സിനിമയില്‍ പാര്‍വതിക്ക് മുമ്പ് വിലക്ക് നേരിട്ടയാള്‍ താനാണെന്ന് നടന്‍ പൃഥ്വിരാജ് പറഞ്ഞു. സിനിമയില്‍ വിലക്ക് യാഥാര്‍ഥ്യമാണോ എന്ന ചോദ്യത്തിന്, താന്‍ തന്നെ അതിന് ഉദാഹരണമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ബഹിഷ്‌കരണം പലപ്പോഴും നിരോധനമാകുന്നു. പാര്‍വതിക്കു മുന്‍പ് മാറ്റി നിര്‍ത്തല്‍ നേരിട്ടത് താനാണ്. വ്യക്തിപരമായി ആരെയെങ്കിലും ബഹിഷ്‌കരിക്കാന്‍ വ്യക്തികള്‍ക്ക് സാധിക്കും. എന്നാല്‍ പദവികളിലിരിക്കുന്നവര്‍ അത് ചെയ്താല്‍ അത് നിരോധനത്തിന്റെ ഫലം ചെയ്യും. അങ്ങനെ ചെയ്യാനുള്ള അവകാശമോ അധികാരമോ ആര്‍ക്കുമില്ല. മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടാകാന്‍ പാടില്ല. അത്തരത്തില്‍ സംഘടിതമായി ആരുടെയെങ്കിലും തൊഴില്‍ നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ അതില്‍ നടപടികളുണ്ടാവണം.
അക്രമിക്കപ്പെട്ട നടി 'അമ്മ'യില്‍ എത്തുമോയെന്ന ചോദ്യത്തിന്, എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട സംഘടനകളാണ് സിനിമയില്‍ ആവശ്യമെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഒരു സിനിമാ സെറ്റ് പ്രവര്‍ത്തിക്കുന്നത് സങ്കീര്‍ണമായ പ്രവൃത്തിയാണ്. അത് സിസ്റ്റമാറ്റിക് ആയി പ്രവര്‍ത്തിക്കേണ്ട മേഖലയാണ്. ആഭ്യന്തര പരാതി പരിഹാര സെല്‍ (ഐസിസി) എന്റെ സെറ്റില്‍ നടപ്പാക്കുന്നുണ്ട്. പക്ഷേ അതോടെ എന്റെ ഉത്തരവാദിത്തം തീരുന്നില്ല. ഐസിസി എല്ലാ സെറ്റിലും ഉണ്ടെന്ന് ഉറപ്പിക്കാന്‍ മറ്റൊരു സംവിധാനം വേണം.ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് ഗൗരവമായി അന്വേഷിക്കണമെന്നും തിരുത്തല്‍ മലയാള സിനിമയിലാണ് നടന്നത് എന്ന് ഒരിക്കല്‍ ഇന്ത്യന്‍ സിനിമാ ചരിത്രം വാഴ്ത്തുമെന്നും പൃഥ്വിരാജ് പറഞ്ഞു.