സംവിധായകന്‍ എന്ന രീതിയില്‍ പൃഥ്വിരാജിനെ സിനിമാ മേഖലയില്‍ അടയാളപ്പെടുത്തിയ സിനിമയാണ് ലൂസിഫര്‍. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമയിലെ പല റെക്കോര്‍ഡുകളും തിരുത്തിയെഴുതിയ സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാന്‍ തിയേറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന എമ്പുരാന്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ തിയേറ്ററുകളിലെത്തിയേക്കും. ഇടയ്ക്കിടെ ലൊക്കേഷന്‍ വിശേഷങ്ങള്‍ ചിത്രങ്ങളായി സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട് പൃഥ്വിരാജ്. അത്തരത്തില്‍ താരം എമ്പുരാന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെ കുറിച്ച് ഏറ്റവും പുതിയതായി സോഷ്യല്‍മീഡിയയില്‍ പങ്കിട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഇക്കഴിഞ്ഞ ജന്മദിനത്തില്‍ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ തനിക്കുള്ള പിറന്നാള്‍ ആശംസയില്‍ ഒരു കാര്യം ആന്റണിയോട് ആവശ്യപ്പെട്ടിരുന്നു. അന്ന് അത് വൈറലുമായിരുന്നു. എമ്പുരാന്റെ ഷൂട്ടിങ്ങിനായി ഒരു ഹെലികോപ്റ്ററാണ് പൃഥ്വിരാജ് സുകുമാരന്‍ ആവശ്യപ്പെട്ടത്. 'ഞാന്‍ പഠിച്ച കിത്താബില്‍ ആര്‍ക്കെങ്കിലും സഹായം ചെയ്താല്‍ ഇടംകൈ കൊടുക്കുന്നത് വലം കൈ അറിയരുതെന്നാണ്' അന്ന് പൃഥ്വിരാജ് ഈ ആവശ്യം ആന്റണിയെ കമന്റിലൂടെ അറിയിച്ചപ്പോള്‍ നിരവധി ആരാധകര്‍ രസകരമായ കമന്റുകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ പൃഥ്വിയുടെ ആവശ്യപ്രകാരം ഒരു ഹെലികോപ്റ്റര്‍ ആന്റണി എമ്പുരാന്റെ ലൊക്കേഷനില്‍ എത്തിച്ചിരിക്കുകയാണ്.
തന്റെ ആഗ്രഹം നിര്‍മാതാവ് സാധിച്ച് തന്ന വിവരം രസകരമായ പോസ്റ്റിലൂടെ പൃഥ്വിരാജ് തന്നെയാണ് ആരാധകരെ അറിയിച്ചത്. ലെ ആന്റണി: ഹെലികോപ്റ്റര്‍ വരും എന്ന് ഞാന്‍ പറഞ്ഞു... ഹെലികോപ്റ്റര്‍ വന്നു! ഇനി വേറെ എന്തെങ്കിലും...? എന്ന് ക്യാപ്ഷന്‍ നല്‍കിയാണ് തന്റെ മുന്നില്‍ തൊഴുകൈയ്യോടെ ഇരിക്കുന്ന ആന്റണിയുടെ ഒരു ഫോട്ടോ പൃഥ്വിരാജ് സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റും ഫോട്ടോയും അതിവേഗത്തില്‍ വൈറലായി. ഒന്നര ലക്ഷത്തിന് മുകളില്‍ ലൈക്ക് ഇന്‍സ്റ്റഗ്രാമില്‍ കിട്ടിയ പോസ്റ്റിന് ആദ്യം കമന്റുമായി വന്നത് ടൊവിനോ തോമസാണ്.
'ഇനി ഒരു പറക്കും തളിക' എന്നാണ് ടൊവിനോ കുറിച്ചത്. നടന്റെ കമന്റ് ക്ലിക്കായി. ചോദിച്ച് നോക്ക് എങ്ങാനും ബിരിയാണി കിട്ടിയാലോ എന്നാണ് ആരാധകര്‍ ടൊവിനോയ്ക്കുള്ള മറുപടിയായി കുറിച്ചത്. പൃഥ്വിയുടെ ഭാര്യ അടക്കമുള്ളവരും കമന്റുമായി എത്തിയിട്ടുണ്ട്. പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ഫോട്ടോയിലെ ആന്റണിയെ കണ്ടിട്ട് കിഡ്നി ചോദിക്കരുത് അത് മോളെ കെട്ടിക്കാന്‍ വെച്ചേക്കുവാ... എന്ന് പറയാന്‍ ഉദ്ദേശിക്കുന്നതായാണ് തോന്നിയതെന്നാണ് ഒരാള്‍ പോസ്റ്റിന് കമന്റായി കുറിച്ചത്. ലെ ആന്റണി:- ഇനി കൊണ്ട് വരാന്‍ അണുമ്പോബ് കൂടി മാത്രമെ ബാക്കിയുള്ളു. അതുകൂടി ഓര്‍ഡര്‍ കൊടുക്കട്ടെ ഒരു നാലെണ്ണം എന്നിങ്ങനെ തുടങ്ങി ക്രിയേറ്റീവായ നിരവധി രസകരമായ ക്യാപ്ഷനുകള്‍ പൃഥ്വിരാജിന്റെയും ആന്റണിയുടെയും ഫോട്ടോയ്ക്ക് താഴെ ആരാധകര്‍ കുറിച്ചിട്ടുണ്ട്.
ക്യാപ്ഷന്‍ പിഷാരടിയെ കൊണ്ട് എഴുതിക്കാമായിരുന്നില്ലേയെന്നും ചിലര്‍ പൃഥ്വിരാജ് മലയാളത്തില്‍ എഴുതിയെ ക്യാപ്ഷനിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി ചോദിച്ചിട്ടുമുണ്ട്. എമ്പുരാന്‍ സിനിമയുടെ എഡിറ്റിങ് പൂര്‍ത്തിയാക്കാത്ത രംഗങ്ങള്‍ കണ്ട് ഞെട്ടിയെന്നാണ് അടുത്തിടെ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കൂടിയായ ദീപക് ദേവ് പറഞ്ഞത്. ചിത്രത്തിലെ സ്ഫോടന രംഗങ്ങള്‍ ലൈവായിട്ടാണ് ഷൂട്ട് ചെയ്തിരിക്കുന്നതെന്നും ദീപക് ദേവ് വെളിപ്പെടുത്തിയിരുന്നു.