സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമായി മത്സരിക്കുന്ന കൊച്ചി എഫ്‌സിക്ക് നല്ലൊരു പേര് വേണമെന്ന് ആരാധകരോട് ആവശ്യപ്പെട്ട് പൃഥ്വിരാജ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പേര് ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത്. കൊച്ചി ടീമിനിടുന്നതിനായി പറ്റിയ പേര് നിങ്ങള്‍ പറയൂവെന്നാണ് പോസ്റ്റില്‍ കുറിച്ചത്. പോസ്റ്റിന് പിന്നാലെ വ്യത്യസ്ത ആശയങ്ങളും പേരുകളും പങ്കുവച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്..കുറച്ച് ദിവസങ്ങള്‍ക്ക് മുന്പായിരുന്നു പ്രൊഫഷണല്‍ ടീമായ കൊച്ചി ഫുട്ബാള്‍ ക്‌ളബിനെ പൃഥ്വിരാജ് സ്വന്തമാക്കിയത്.
പൃഥിരാജ് പങ്ക് വച്ച പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ:
ഓരോ ക്ലബിന്റെ പേരിലും ഒരു കഥയുണ്ട്. നിങ്ങള്‍ക്കും അത്തരമൊരു കഥയുടെ ഭാഗമാകാം. സൂപ്പര്‍ ലീഗ് കേരളയില്‍ സുപ്രിയയും ഞാനും കൊച്ചിയ്ക്ക് വേണ്ടി കൊണ്ടുവരുന്ന ടീമിനും വേണം അങ്ങനെയൊരു കിടിലന്‍ പേര്, കൊച്ചിക്കും ഞങ്ങള്‍ക്കും ഒരുപോലെ ചേരുന്നൊരു പേര്' എന്നാണ് പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ഫയര്‍ വിഗ്‌സ് കൊച്ചി, കൊച്ചി സൂപ്പര്‍ കിംഗ്‌സ്, നമ്മുടെ കൊച്ചി, കൊച്ചീസ് ഡയമണ്‍സ്, കിംഗ്‌സ് ഓഫ് കൊച്ചി എമന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
കേരളത്തിലെ ഫുട്ബോളിനെ പ്രൊഫഷണല്‍ തലത്തില്‍ ഉയര്‍ത്താന്‍ സൂപ്പര്‍ ലീഗ് കേരളയ്ക്ക് കഴിയുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. അതുവഴി ഫുട്ബോളിനെ കൂടുതല്‍ വളര്‍ത്താന്‍ സാധിക്കുമെന്നും നമ്മുടെ നാട്ടിലെ മികച്ച ഫുഡ്ബാള്‍ കളിക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല, നമ്മുടെ സംസ്ഥാനത്തിന്റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താനും ഇതുപോലൊരു അന്താരാഷ്ട്ര ടൂര്‍ണമെന്റിനാകും എന്നാണ് നടന്‍ പറഞ്ഞത്. കേരളത്തിന്റെ ഫുഡ്‌ബോള്‍ ആരാധനയെ ലോകം അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്നും കേരളത്തില്‍ നടക്കുന്ന ആദ്യ ഫുട്ബോള്‍ ലീഗില്‍ കൂടുതല്‍ വനിതാ കായിക പ്രേമികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം അതിന് തന്റെ പിന്തുണയുണ്ടാകുമെന്നും സുപ്രിയ പറഞ്ഞു.
ഏതാനും ആഴ്ചകള്‍നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ടീമിനെ പൃഥ്വിരാജ് വാങ്ങിയത്. ഭൂരിപക്ഷം ഓഹരിയും പൃഥ്വിരാജിന്റേതാണെങ്കിലും നിക്ഷേപത്തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ബിസിനസുകാരായ നസ്ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷമീം ബക്കര്‍, മുഹമ്മദ് ഷൈജല്‍ എന്നിവരാണ് സഹഉടമകള്‍.
സൂപ്പര്‍ലീഗ് കേരളയില്‍ പൃഥ്വിരാജ് പങ്കാളിയാകുന്നത് മത്സരത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുമെന്നും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ലീഗിന്റെ ഭാഗമാകാന്‍ പ്രചോദനമാകുമെന്നും സൂപ്പര്‍ലീഗ് കേരള മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു.
ഈ വര്‍ഷം ഓഗസ്റ്റ് അവസാനം മുതല്‍ ആരംഭിക്കുന്ന 60 ദിവസം നീണ്ടുനില്‍ക്കുന്നതാണ് സൂപ്പര്‍ ലീഗ്. കൊച്ചിയ്ക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ടീമുകളാണ് ആദ്യ സീസണില്‍ സൂപ്പര്‍ ലീഗില്‍ മാറ്റുരയ്ക്കുക