ഈ ഓണക്കാലത്ത് പ്രേക്ഷകര്‍ക്ക് മനോഹരമായ വിരുന്ന് സമ്മാനിച്ച നിവിന്‍ പോളി ചിത്രം രാമചന്ദ്രബോസ്സ് & കോ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നിവിന്‍ പോളി - ഹനീഫ് അദേനി കൂട്ടുകെട്ടില്‍ എത്തിയ ചിത്രം ഉള്ളം നിറയ്ക്കുന്ന ചിരികളും അതോടൊപ്പം ത്രില്ലും കൊണ്ട് സമ്പന്നമായ ഒരു കൊളളയുടെയും കൊള്ളക്കാരന്റെയും കഥയാണ് പറയുന്നത്. എന്നാല്‍ റിലീസ് ദിനം മുതലേ ചിത്രം കനത്ത ഡീഗ്രേഡിംഗ് നേരിട്ട് കൊണ്ടിരിക്കുകയാണ്. ബുക്ക് മൈ ഷോയിലും മറ്റു റിവ്യൂസിലും എല്ലാം കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിംഗ് വ്യക്തമായി മനസ്സിലാകുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ നിയമനടപടികളുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ട് എത്തിയിരിക്കുകയാണ്.
ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ ഒട്ടുമിക്ക സമൂഹ മാധ്യമങ്ങളിലൂടെയും വ്യാജ അക്കൗണ്ടുകള്‍ വഴിയും അല്ലാതെയും ചിത്രത്തെ വളരെയധികം മോശമാക്കി ചിത്രീകരിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും നിരൂപണങ്ങളുമാണ് പങ്ക് വെക്കപ്പെടുന്നത്. ടിക്കറ്റ് ബുക്കിംഗ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോയില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് ഏറ്റവും കുറഞ്ഞ റേറ്റിംഗ് നല്‍കി ഡീഗ്രേഡിംഗും നടക്കുന്നുണ്ട്.
ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ ശ്രമിക്കുന്ന പ്രേക്ഷകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലാണ് ഇത്തരത്തിലുള്ള ഡീഗ്രേഡിംഗ് നടക്കുന്നത്. ഇത്തരത്തില്‍ മനപ്പൂര്‍വം ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയാണ് ബോസ്സ് & കോ ടീം ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നതും മറ്റ് നിയമനടപടികള്‍ നടന്നുകൊണ്ടിരിക്കുന്നതും. റിവ്യൂ ചെയ്ത അക്കൗണ്ടുകള്‍, മോശമായ രീതിയിലുള്ള കമന്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.