Latest News

എന്നിലര്‍പ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും ഹൃദയത്തില്‍ നിന്ന് നന്ദി'; ക്ലീന്‍ ചിറ്റിന് പിന്നാലെ പ്രതികരിച്ച് നിവിന്‍; 'നടന് പൊലീസുമായി അടുത്ത ബന്ധമെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി; ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ'... എന്ന് ആരാധകര്‍

Malayalilife
 എന്നിലര്‍പ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും ഹൃദയത്തില്‍ നിന്ന് നന്ദി'; ക്ലീന്‍ ചിറ്റിന് പിന്നാലെ പ്രതികരിച്ച് നിവിന്‍; 'നടന് പൊലീസുമായി അടുത്ത ബന്ധമെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി; ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ'... എന്ന് ആരാധകര്‍

കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ കോടതിയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി..'എന്നിലര്‍പ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാര്‍ത്ഥനകള്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദി' എന്നായിരുന്നു ഫേസ്ബുക്കിലൂടെ നിവിന്റെ പ്രതികരണം. എന്നിലര്‍പ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാര്‍ഥനകള്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദി, നിവിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ ലൈംഗികാരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പരാതിക്കാരിയും അറിയിച്ചു. പോാലീസുമായുള്ള നിവിന്‍ പോളിയുടെ അടുത്ത ബന്ധമാണ് കേസില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതെന്ന് യുവതി ആരോപിച്ചു. ലൈംഗികാതിക്രമ കേസില്‍ നിവിന് ക്ലീന്‍ചിറ്റ് ലഭിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അവര്‍.

നിവിന്‍ പോളിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് ആദ്യം മുതല്‍ സ്വീകരിച്ചിരുന്നത്. കൃത്യമായ രീതിയിലല്ലായിരുന്നു കേസന്വേഷണം. സംഭവത്തില്‍ കൃത്യമായ മൊഴിയെടുപ്പ് പോലും അന്വേഷണ സംഘം നടത്തിയില്ല. നിയമപരമായി മുന്നോട്ടുപോകും. തന്റെ പരാതിയില്‍ ഉറച്ചു നില്‍ക്കുമെന്നും യുവതി പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിവിന്‍ പോളി ഉള്‍പ്പടെ ആറുപേരുടെ പേരിലാണ് ഊന്നുകല്‍ പോലീസ് കേസെടുത്തിരുന്നത്. ദുബായില്‍ ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. യുവതിയെ ദുബായില്‍ ജോലിക്കുകൊണ്ടുപോയ ശ്രേയ എന്ന യുവതിയാണ് ഒന്നാംപ്രതി. നിവിന്‍ പോളിയുടെ സുഹൃത്ത് തൃശ്ശൂര്‍ സ്വദേശി സുനില്‍, ബഷീര്‍, കുട്ടന്‍, ബിനു തുടങ്ങിയവരാണ് മറ്റു പ്രതികള്‍. 

എന്നാല്‍, അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യം നടന്ന സമയത്തോ ദിവസമോ നിവിന്‍ പോളി അവിടെ ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞതായി കേസ് അന്വേഷിച്ച ഡിവൈഎസ്പി കോതമംഗലം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ആറാം പ്രതിയായ നിവിന്‍പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറല്‍ ഡിവൈഎസ്പി ടി.എം.വര്‍ഗീസാണ് നിവിന് ക്ലീന്‍ ചിറ്റ് കൊടുത്ത് റിപ്പോര്‍ട്ട് നല്‍കിയത്.

'ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ'... വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലെ നിതിന്‍ മോളി എന്ന കഥാപാത്രം പറയുന്ന ഈ സംഭാഷണത്തോടൊപ്പമാണ് പീഡന പരാതിയില്‍ നടന്‍ നിവിന്‍ പോളിക്ക് പോലീസ് ക്ലീന്‍ ചിറ്റ് നല്‍കിയത് ആരാധകര്‍ ആഘോഷമാക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയെ പിടിച്ചുലച്ച് കൊണ്ടാണ് നിവിനുള്‍പ്പടെയുള്ള പ്രമുഖ നടന്മാര്‍ക്കെതിരേ പീഡന പരാതികളുമായി പലരും രംഗത്ത് വരുന്നത്.

 പരാതികള്‍ വന്നതിന് പിന്നാലെ മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ പത്രസമ്മേളനം വിളിച്ചുവരുത്തി തനിക്കെതിരേയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും അത് തെളിയിക്കാന്‍ നിയമത്തിന്റെ ഏതറ്റം വരെയും പേകുമെന്നും വ്യക്തമാക്കുകയാണ് നിവിന്‍ ചെയ്തത്.


സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനംചെയ്ത് കഴിഞ്ഞ നവംബറില്‍ ദുബായിലെ ഹോട്ടലില്‍വെച്ച് പീഡിപ്പിച്ചെന്നായിരുന്നു നിവിനുള്‍പ്പടെ ആറുപേര്‍ക്കെതിരേ നേര്യമംഗലം സ്വദേശിനിയായ യുവതി പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഊന്നുകല്‍ പോലീസ് എടുത്ത കേസില്‍ ആറാംപ്രതിയായിരുന്നു നിവിന്‍. ഈ പരാതിയില്‍ നിവിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയും യുവതിയുടെ ആരോപണത്തിനു പിന്നില്‍ സിനിമയില്‍നിന്നുള്ളവര്‍ തന്നെയാണെന്നും ഗൂഢാലോചനയുണ്ടെന്നുമുള്ള നിവിന്റെ പരാതിയില്‍ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.


ഇതിന് പിന്നാലെ ട്വിസ്റ്റ് എന്നോണമാണ് താന്‍ നിരപരാധിയാണെന്ന നിവിന്റെ വാദം ശരിവയ്ക്കുന്ന രീതിയില്‍ പരാതി വ്യാജമാണെന്ന് തെളിയിക്കുന്ന രേഖകളുമായി സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ രംഗത്ത് വരുന്നത്.ക്രൗണ്‍ പ്ലാസയില്‍ നിവിന്‍ താമസിച്ചതിന്റെ ഹോട്ടല്‍ ബില്‍ നടനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പുറത്തുവിടുകയും ചെയ്തു. പരാതിക്കാരിയുടെ ആരോപണം അനുസരിച്ച് പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും വിനീത് വ്യക്തമാക്കി. 2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് താന്‍ സംവിധാനം ചെയ്ത 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ സെറ്റിലാണെന്നും 15 ന് പുലര്‍ച്ചെ മൂന്നുമണിവരെ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. 'പതിനാലാം തിയ്യതി രാവിലെ തൊട്ടാണ് നിവിന്റെ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. രാവിലെ 7 മണിയോടെ ഞങ്ങള്‍എല്ലാവരും ഒത്തുകൂടി. 8 30 ആയപ്പോള്‍ തിയേറ്ററിനകത്തെ ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ തുടങ്ങി. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. അതിന് ശേഷം ഒരു ഉദ്ഘാടന രംഗമാണ് ചിത്രീകരിച്ചത്. ഏതാണ്ട് 300 ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അവിടെയുണ്ടായിരുന്നു. ആ രംഗങ്ങള്‍ ഉച്ച മൂന്ന് മണിയോടെ തീര്‍ന്നു. പിന്നീട് ക്രൗണ്‍ പ്ലാസയിലാണ് ചിത്രീകരിച്ചത്. അവിടെ ഇന്‍ട്രോ സീന്‍ അടക്കം അവിടെയാണ് ചിത്രീകരിച്ചത്. പതിനഞ്ചിന് രാവിലെ 3 മണിവരെ ഷൂട്ട് നീണ്ടു. പിന്നെ കുറേ നേരം ഞങ്ങളോട് സംസാരിച്ചതിന് ശേഷമാണ് നിവിന്‍ പോയത്. അത് എളുപ്പം തെളിയിക്കാന്‍ സാധിക്കും. കാരണം ഇത്രയേറെ ആര്‍ട്ടിസ്റ്റുകള്‍ അവിടെയുണ്ടായിരുന്നു. അതിന് ശേഷം ഫാര്‍മ എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനായാണ് നിവിന്‍ പോയത്. അതും കേരളത്തില്‍ തന്നെയായിരുന്നു'- വിനീത് കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യനും ഇക്കാര്യം സ്ഥിരീകരിച്ചു. കൂടാതെ പീഡനം നടന്നുവെന്ന് യുവതി പറഞ്ഞ ദിവസം നിവിനൊപ്പം വര്‍ഷങ്ങള്‍ക്കുശേഷം എന്ന ചിത്രത്തിന്റെ സെറ്റില്‍ താനുമുണ്ടായിരുന്നെന്ന് വ്യക്തമാക്കി നടിയും അവതാരകയുമായ പാര്‍വതി കൃഷ്ണയും രംഗത്തെത്തി. അതും തെളിവുകള്‍ ഉള്‍പ്പടെ തന്നെ. പിന്നാലെ പരാതിക്കാരി പീഡനം നടന്നതായി ആരോപിച്ചദിവസങ്ങളില്‍ താന്‍ കേരളത്തില്‍ സിനിമാ ഷൂട്ടിങ്ങില്‍ പങ്കെടുക്കുകയായിരുന്നുവെന്നും ഇതിന്റെ വിശദാംശങ്ങളും പാസ്പോര്‍ട്ടിന്റെ പകര്‍പ്പുകളും ഉള്‍പ്പടെ ചേര്‍ത്ത് മുഖ്യമന്ത്രി, സാംസ്‌കാരികമന്ത്രി, ഡി.ജി.പി. എന്നിവര്‍ക്കും സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനും നിവിന്‍ പരാതി നല്‍കി. അതോടെ പീഡനം നടന്നുവെന്ന് പറഞ്ഞ തിയതികള്‍ ഉറക്കപ്പിച്ചിലാണെന്ന വാദവുമായി പരാതിക്കാരി വീണ്ടും രംഗത്തെത്തി. അതിക്രമം നടന്ന തിയതി ഇതുവരെ പൊതുസമൂഹത്തോട് വെളിപ്പെടുത്തിട്ടിയില്ലെന്നും പോലീസ് സത്യം അന്വേഷിച്ച് കണ്ടെത്തട്ടെയെന്നുമായിരുന്നു ഇവരുടെ നിലപാട്. കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളുമായി സഹകരിച്ച് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നിവിന്‍ നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയാണ് ഇപ്പോള്‍ നടന് ലഭിച്ചിരിക്കുന്ന ഈ ക്ലീന്‍ ചിറ്റ്. പരാതികളെല്ലാം വ്യാജമാണെന്നല്ല, എങ്കിലും വ്യാജ പരാതികളില്‍ കൂടി ഉത്തരം ലഭിക്കുമ്പോഴല്ലേ യഥാര്‍ഥത്തില്‍ 'ഇര'കള്‍ക്ക് നീതി ലഭിക്കുകയുള്ളൂ.

nivin pauly reacts case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക