ചെന്നൈയിലെ എ ആര്‍ റഹ്മാന്റെ സംഗീത ഷോയുടെ സംഘാടനത്തില്‍ സംഭവിച്ച വീഴ്ച അന്വേഷിക്കാനൊരുങ്ങി തമിഴ്നാട് പോലീസ്. ചെന്നൈയില്‍ നടന്ന ' മറക്കുമാ നെഞ്ചം' എന്ന സംഗീത പരിപാടി സംഘാടക പിഴവുമൂലം അലങ്കോലപ്പെട്ടതിനെ തുടര്‍ന്ന് ആരാധകര്‍ക്കുണ്ടായ നഷ്ടത്തില്‍ എ ആര്‍ റഹ്മാന്‍ മാപ്പ് പറഞ്ഞതിനു തൊട്ടു പിന്നാലെയാണ് നടപടി.
ചെന്നൈയിലെ ആദിത്യറാം പാലസ് സിറ്റിയിലാണ് എ ആര്‍ റഹ്മാന്റെ സംഗീത പരിപാടി സംഘടിപ്പിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകര്‍ക്ക് വേദിയിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ വന്നതോടെയാണ് പ്രശ്നം രൂക്ഷമായത്. പാര്‍ക്കിംഗിന് സ്ഥലമില്ലാത്തതാണ് ഗതാഗത കുരുക്കിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം, തിക്കിലും തിരക്കിനുമിടയില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമമുണ്ടായെന്ന പരാതിയും ഉയര്‍ന്നിരുന്നു.ഇതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത്.
20,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള സ്ഥലത്തു നടത്തിയ പരിപാടിയില്‍ അമ്പതിനായിരത്തിലധികം പേരാണ് പങ്കെടുത്തത്. ഇവിടെ പാര്‍ക്കിങ് സൗകര്യങ്ങളും ഇല്ലായിരുന്നു. സീറ്റ് ബുക്ക് ചെയ്തവര്‍ക്ക് പോലും വേദിയില്‍ നിന്ന് ദൂരെ മാറി തിരക്കിനിടയില്‍ നിന്നാണ് പരിപാടിയില്‍ പങ്കെടുക്കാനായത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ എ ആര്‍ റഹ്മാനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.
വിവാദത്തില്‍ പ്രതികരിച്ച് നടന്‍ കാര്‍ത്തിയും ഖുശ്ബുവുംരംഗത്തെത്തി.
ഇങ്ങനെയൊരു സംഭവമുണ്ടാകാന്‍ കാരണം റഹ്മാനാല്ല, സംഘാടകര്‍ മാത്രമാണ് കാരണമെന്നാണ് കാര്‍ത്തി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറയുന്നത്. താനും കുടുംബവും പരിപാടിയിലുണ്ടായിരുന്നുവെന്നും കാര്‍ത്തി പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിലേറെയായി നിങ്ങള്‍ റഹ്മാന്‍ സാറിനെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നു... കഴിഞ്ഞ ദിവസം സംഗീത പരിപാടിക്കിടെ സംഭവിച്ചത് നിര്‍ഭാഗ്യകരമാണ്. എന്നിരുന്നാലും, ആദ്ദേഹത്തെ അത് വല്ലാതെ ബാധിക്കുമെന്ന് അറിയാമായിരുന്നു. എന്റെ കുടുംബവും ആ പരിപാടിയില്‍ ഉണ്ടായിരുന്നു, പക്ഷേ ഞാന്‍ ഇക്കാര്യത്തില്‍ എ ആര്‍ റഹ്മാന്‍ സാറിനൊപ്പമാണ്. ഇവന്റ് സംഘാടകര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. റഹ്മാന്‍ സാര്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ സ്‌നേഹം എല്ലാവര്‍ക്കും നല്‍കുന്നു, അതിനാല്‍ അദ്ദേഹത്തിനോടുള്ള വെറുപ്പിന് പകരം സ്‌നേഹം തിരികെ നല്‍കണമെന്ന് എല്ലാ ആരാധകരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വെറുപ്പിനു മുകളിലുള്ള സ്നേഹമാകണം... '' , കാര്‍ത്തി കുറിച്ചു.
വിവാദത്തില്‍ പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍റും എത്തി.വില കൂടിയ പാസ് കൈവശമുണ്ടായിരുന്നിട്ടും സംഗീതനിശയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവരില്‍ തന്റെ മകളും ഉണ്ടെന്ന് പറയുന്നു ഖുഷ്ബു. എന്നാല്‍ റഹ്മാന്‍ അല്ല സംഭവവികാസങ്ങള്‍ക്ക് കാരണമെന്നും താരം എക്സിലൂടെ പ്രതികരിച്ചു.'ചെന്നൈ സംഗീത നിശയില്‍ എ ആര്‍ റഹ്മാന്‍ ആരാധകര്‍ നേരിട്ട ദുരവസ്ഥയെക്കുറിച്ച് അറിഞ്ഞു. തന്റെ ആരാധകര്‍ നിരാശരാകാതിരിക്കാന്‍ റഹ്മാന്‍ എല്ലായ്‌പ്പോഴും ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഡയമണ്ട് പാസ് കൈയില്‍ ഉണ്ടായിരുന്നിട്ടും പ്രവേശനം നിഷേധിക്കപ്പെട്ടവരില്‍ എന്റെ മകളും അവളുടെ സുഹൃത്തുക്കളുമുണ്ട്. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാന്‍ അവര്‍ക്ക് മൂന്ന് മണിക്കൂറിലേറെ സമയം എടുത്തു. വളരെ നിര്‍ഭാഗ്യകരമായിപ്പോയി അത്.'
'പക്ഷേ ജനങ്ങള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് എ ആര്‍ റഹ്മാനെ ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍ ആവില്ല. റഹ്മാന്റെ ഒരു ലൈഫ് പെര്‍ഫോമന്‍സ് കാണാന്‍ എത്തുന്ന ജനക്കൂട്ടത്തെക്കുറിച്ച് ധാരണയില്ലാതെയിരുന്ന സംഘാടകരുടെ സമ്പൂര്‍ണ്ണ പരാജയമാണ് ഇത്. തന്റെ സംഗീതത്തിലൂടെയും വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും സ്‌നേഹവും സമാധാനവും പങ്കുവെക്കുന്ന ആളാണ് റഹ്മാന്‍. അദ്ദേഹം അര്‍ഹിക്കുന്നത് എന്താണോ അത് തുടര്‍ന്നും നല്‍കുക. അദ്ദേഹത്തിനൊപ്പം നില്‍ക്കുക. എല്ലാം ശരിയാവുമെന്ന് പറയുക', ഖുഷ്ബു എക്‌സില്‍ കുറിച്ചു.
അതേസമയം വിവാദത്തെ തുടര്‍ന്ന് പരിപാടിയുടെ സംഘാടകര്‍ മാപ്പ് പറഞ്ഞിരുന്നു. പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി റഹ്മാനും രംഗത്തെത്തിയിരുന്നു. 'പുറത്ത് എന്താണ് നടക്കുന്നതെന്ന് അറിയാതെ ഉള്ളില്‍ സന്തോഷത്തോടെ പ്രകടനം നടത്തുകയായിരുന്നു. എല്ലാം നല്ല ഉദ്ദേശത്തോടെയാണ് ചെയ്തത്. പക്ഷേ...', റഹ്മാന്‍ പറഞ്ഞു. തന്റെ ടീം വിവരങ്ങള്‍ ശേഖരിക്കുന്ന മുറയ്ക്ക് ഒരു സര്‍പ്രൈസ് പ്രഖ്യാപനം ഉണ്ടാവുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ പ്രതികരിച്ചിരുന്നു.
പരിപാടിയുടെ സംഘാടകരേയും എ ആര്‍ റഹ്മാനേയും ടാഗ് ചെയ്ത് തിരക്കന്റെ വീഡിയോ പരിപാടിക്ക് എത്തിയവര്‍ പോസ്റ്റ് ചെയ്തിരുന്നു. ഇനി പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതായി ഉറപ്പാക്കുമെന്നും റഹ്മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു