സൈറാ ബാനുവുമായുള്ള വേര്‍പിരിയല്‍ തീരുമാനം ആരാധകരെ അറിയിച്ചെങ്കിലും ഇരുവര്‍ക്കും ഇനിയും ആ തീരുമാനം ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. അതു വെളിപ്പെടുത്തിക്കൊണ്ടാണ് എ ആര്‍ റഹ്മാന്റെ ഏറ്റവും പുതിയ വീഡിയോ പുറത്തു വന്നിരിക്കുന്നത്. വാര്‍ത്ത പുറത്തു വന്നതിനു ശേഷം ആദ്യമായി പൊതുവേദിയില്‍ അദ്ദേഹം എത്തിയദൃശ്യങ്ങളും വാക്കുകളുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഗോവയിലെ 55-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദര്‍ശനത്തില്‍ റഹ്മാന്‍ എത്തി. മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ആശ്വാസമേകാന്‍ സംഗീതത്തിനാകുമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ അടിസ്ഥാന ചോദനകള്‍ക്കപ്പുറം പലതും ജീവിതത്തിലുണ്ടെന്നും റഹ്മാന്‍ പറഞ്ഞു.
'നമ്മള്‍ എല്ലാവരും വിഷാദം ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരാണ്. നമ്മള്‍ എല്ലാവരിലും ഒരു ശൂന്യത ബാക്കികിടക്കുന്നുണ്ട്. കഥപറച്ചിലുകാര്‍ക്കും തത്വശാസ്ത്രത്തിനും വിനോദത്തിനുമെല്ലാം ആ ശൂന്യത തീര്‍ക്കാനാകും. മരുന്ന് കഴിക്കുകയാണെന്ന തോന്നല്‍ പോലുമില്ലാതെയാകും അത് ആശ്വാസം പകരുക. അക്രമവും സെക്സും പോലെയുള്ള ശാരീരിക ചോദനകള്‍ പൂര്‍ത്തീകരിക്കുന്നതിനുമപ്പുറം പലതുമുണ്ട്'-റഹ്മാന്‍ ചൂണ്ടിക്കാട്ടി.
യുവാവായിരിക്കെ തനിക്കും ആത്മഹത്യാ ചിന്തകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. നമ്മള്‍ മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുമ്പോള്‍ ഇത്തരത്തിലുള്ള ചിന്തകളൊന്നും വരില്ലെന്നാണ് അന്ന് അമ്മ തന്നോട് പറഞ്ഞത്. എന്റെ അമ്മയില്‍നിന്നു ലഭിച്ച ഏറ്റവും മനോഹരമായ ഉപദേശങ്ങളിലൊന്നായിരുന്നു അത്. നമ്മള്‍ മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുന്നതോടൊപ്പം സ്വാര്‍ഥരുമല്ലെങ്കില്‍ ജീവിതത്തിന് അര്‍ഥമുണ്ടാകും. ഭാവിയില്‍ എന്തു സംഭവിക്കുമെന്നതിനെ കുറിച്ചു പരിമിതമായ അറിവേ നമുക്കുള്ളൂ. ഒരുപക്ഷേ, അസാധാരണമായ എന്തെങ്കിലും നമ്മെ കാത്തിരിപ്പുണ്ടാകുമെന്നും എ.ആര്‍ റഹ്മാന്‍ പറഞ്ഞു.
ദിവസങ്ങള്‍ക്കുമുന്‍പ് സൈറാ ബാനുവിന്റെ അഭിഭാഷക വന്ദന ഷായാണ് വിവാഹമോചനത്തെ കുറിച്ചുള്ള സൂചനകളുമായി വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യജീവിതത്തിനുശേഷം സൈറയും എ.ആര്‍ റഹ്മാനും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അത്യധികം വേദനയോടെയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നുമായിരുന്നു കുറിപ്പില്‍ അറിയിച്ചത്. ഇരുവരും തമ്മിലുള്ള ദാമ്പത്യപ്രശ്‌നങ്ങളെ കുറിച്ചും വാര്‍ത്താകുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.
പിന്നീട് എ.ആര്‍ റഹ്മാനും സോഷ്യല്‍ മീഡിയയിലൂടെ വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ചു. ദാമ്പത്യം 30 വര്‍ഷം പിന്നിടുമെന്ന പ്രതീക്ഷയിലായിരുന്നുവെന്നും എന്നാല്‍ മറ്റൊരു തലത്തിലേക്കാണു കാര്യങ്ങള്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. തകര്‍ന്ന ഹൃദയങ്ങളുടെ ഭാരത്താല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറക്കുന്നുണ്ടാകുമെന്നും റഹ്മാന്‍ കുറിച്ചിരുന്നു.
അതേസമയം, റഹ്മാനും ഭാര്യയും തമ്മില്‍ ഇപ്പോഴും ഒന്നാകാനുള്ള സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലാണ് അഭിഭാഷകയായ വന്ദനാ ഷാ മണിക്കൂറുകള്‍ക്കു മുമ്പ നടത്തിയിരിക്കുന്നത്. വേര്‍പിരിയാം എന്ന തീരുമാനത്തിലേക്ക് ഇരുവരും മനസില്ലാമനസോടെ എത്തിയെങ്കിലും മറ്റു കാര്യങ്ങളൊന്നും തീരുമാനിച്ചിരുന്നില്ല. 29 വര്‍ഷത്തെ റഹ്മാനൊപ്പമുള്ള ജീവിതം ഉപേക്ഷിച്ച് ഇറങ്ങാന്‍ തീരുമാനിച്ച സൈറാ ബാനു ഒരു ചില്ലിക്കാശ് പോലും അദ്ദേഹത്തില്‍ നിന്നും ജീവനാംശമായി ചോദിച്ചിട്ടില്ല.
ജീവിതത്തില്‍ പണത്തിന് വലിയ റോളില്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് സൈറാ ബാനു. എപ്പോഴും സാധാരണക്കാരന്റെ ജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്നവളും. അതുകൊണ്ടുതന്നെ കോടികളുടെ ആസ്തിയുള്ള ഭര്‍ത്താവിന്റെ സമ്പത്തില്‍ നിന്നും യാതൊന്നും തന്നെ സൈറാ ബാനു ഇതുവരെയ്ക്കും ആവശ്യപ്പെട്ടിട്ടില്ല. ഇതോടൊപ്പമാണ് ഇരുവരും തമ്മിലുള്ള പിണക്കം മാറി അനുരഞ്ജനത്തിനുള്ള സാധ്യതയുണ്ടെന്നും വന്ദനാ ഷാ വെളിപ്പെടുത്തിയത്.
29 വര്‍ഷത്തെ നീണ്ട ദാമ്പത്യമായിരുന്നു അവരുടേത്. അതുപേക്ഷിക്കാന്‍ അവര്‍ ഇരുവരും തീരുമാനിച്ചത് വളരെ നീണ്ട ആലോചനകള്‍ക്കു ശേഷമാണ്. എങ്കിലും ഇരുവരും തമ്മില്‍ വീണ്ടും ഒന്നിക്കാനുള്ള സാധ്യത ഇല്ലായെന്ന് താനെവിടെയും പറഞ്ഞിട്ടില്ലെന്നാണ് വന്ദന വ്യക്തമാക്കിയത്. താനൊരു ശുഭാപ്തിവിശ്വാസിയായതിനാലും അവര്‍ ഇരുവരും തമ്മിലുള്ള പ്രണയ വികാരം തിരിച്ചറിയാന്‍ തനിക്ക് സാധിച്ചതിനാലും താരദമ്പതികള്‍ക്കിടയിലെ മഞ്ഞുരുകലിന് സാധ്യതയുണ്ടെന്ന വാക്കുകളാണ് വന്ദന ഇപ്പോള്‍ പങ്കിട്ടിരിക്കുന്നത്.