ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് സീമ ജി നായർ. -നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി കാഴ്ചവച്ചത്. പ്രേക്ഷകരുടെ ഇടയിൽ താരത്തിന്റെ കഥാപാത്രം പോലെ തന്നെ സീമ ജി നായരുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. തന്റെ അഭിനയ ജീവിതം 35 വര്‍ഷം പിന്നിടുമ്പോള്‍ ജീവിതവും കരിയറും ജീവകാരുണ്യ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോവുകയാണ് സീമ. എന്നാൽ ഇപ്പോള്‍ ഈ ആരോപണങ്ങള്‍ക്ക് വിശദമായി മറുപടി നല്‍കിയിരിക്കുകയാണ് സീമ ജി നായര്‍. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
വലിയ സാമ്പത്തികമുള്ള കുടുംബം ആയിരുന്നില്ല ഞങ്ങളുടേത്. എന്റെ അമ്മ ചേര്‍ത്തല സുമതി ഒരു നാടക നടിയായിരുന്നു. ഒരു ദിവസം അമ്മയ്ക്ക് നൂറ് രൂപയാണ് പ്രതിഫലം കിട്ടുന്നതെങ്കില്‍ ആരുടെയെങ്കിലും കൈയില്‍ നിന്ന് അഞ്ഞൂറോ ആയിരമോ കൂടി കടം വാങ്ങിക്കൊണ്ടാകും അമ്മ വീട്ടില്‍ വരുന്നത്. അത് മുഴുവന്‍ ചെലവാക്കുന്നത് അമ്മയോട് വിഷമം പറയുന്ന മറ്റുള്ള മനുഷ്യര്‍ക്ക് വേണ്ടിയാണ്. അമ്മ കഷ്ടപ്പെട്ടുണ്ടാക്കിയ കാശൊക്കെ മറ്റുള്ളവരുടെ കല്യാണം നടത്തിക്കൊടുക്കാനും ചികിത്സാച്ചെലവിനും ഒക്കെ കൊടുക്കാറുണ്ടായിരുന്നു. അമ്മയുടെ ആ സ്വഭാവമാണ് എനിക്ക് കിട്ടിയിരിക്കുന്നത്.
സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ എനിക്ക് കിട്ടുന്ന ചെറിയ ചെറിയ പോക്കറ്റ് മണി മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് ചെലവാക്കുമായിരുന്നു. അതൊക്കെ എന്റെ സുഹൃത്തുക്കള്‍ക്ക് അറിയാം. എന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതെ കിടക്കുമ്പോഴും ഞാന്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കായി ഓടിയിട്ടുണ്ട്. എന്നെപ്പോലെ തന്നെയാണ് ഇപ്പോള്‍ മകനും മറ്റുള്ളവര്‍ക്ക് വേണ്ടി ഓടാന്‍ അവന്‍ ശ്രമിക്കാറുണ്ട്. ഞാന്‍ ആത്മയുടെ സജീവപ്രവര്‍ത്തകയായിരുന്ന കാലത്താണ് ശരണ്യ ശശിയുടെ അസുഖ വിവരം അറിഞ്ഞത്. കേട്ടപ്പോള്‍ വലിയ സങ്കടമായി. അപ്പോള്‍ എനിക്ക് ശരണ്യയുടെ അവസ്ഥയെക്കുറിച്ചോ അവളുടെ കുടുംബത്തെക്കുറിച്ചോ ഒന്നുമറിയില്ലായിരുന്നു. വീട്ടില്‍ ചെന്ന് സംസാരിക്കുമ്പോഴാണ് ശരണ്യയുടെ അമ്മ അവരുടെ സാഹചര്യങ്ങളും പരാധീനതകളും എന്നോട് പറഞ്ഞത്. ആദ്യത്തെ സര്‍ജറി കഴിഞ്ഞ സമയത്താണത്. പിന്നീട് തുടര്‍ച്ചയായി ഞാന്‍ അവരുടെ കാര്യങ്ങള്‍ തിരക്കാനും സാധിക്കുന്നത്ര സഹായങ്ങള്‍ ചെയ്യാനും തുടങ്ങി.
വര്‍ഷങ്ങളോളം ശരണ്യയ്ക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ ഞാന്‍ പുറത്തറിയിച്ചിട്ടില്ല. അറിയിക്കണമെന്ന് തോന്നിയില്ല. ഏഴാമത്തെ സര്‍ജറിയുടെ സമയമായപ്പോഴാണ് അത് പുറം ലോകം അറിഞ്ഞത്. കൈയില്‍ ഒന്നുമില്ലാതെ വരികയും എനിക്കും സാമ്പത്തികമായി സഹായിക്കാനാകാതെ വരികയും ചെയ്തപ്പോഴാണ് നല്ല മനസ്സുകളുടെ സഹായം തേടിയത്. അതുപോലെ നന്ദു മഹാദേവ അവന്റെ ചികിത്സയ്ക്കുള്ളത് അവന്‍ തന്നെ കണ്ടെത്തുകയായിരുന്നു. ഞാന്‍ സാമ്പത്തികമായി സഹായിച്ചിട്ടില്ല. അവന് ഞാന്‍ സ്വന്തം അമ്മയെ പോലെയായിരുന്നു. അമേരിക്കയില്‍ നിന്ന് അവന്റെ ചികിത്സയ്ക്കായി പണം കിട്ടും എന്ന ഘട്ടം വന്നപ്പോള്‍ സമാനമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റ് രണ്ടുപേര്‍ക്ക് ആ പണം കൊടുക്കണം എന്നാണ് അവന്‍ പറഞ്ഞത്. സാമ്പത്തിക ഞെരുക്കത്തേക്കാളുപരി വേദന തോന്നുന്നത് ചിലരുടെ കുത്തിനോവിക്കലുകളിലാണ്. അപ്പോഴാണ് എന്തിനുവേണ്ടി എന്ന് തോന്നുന്നത്. നമ്മള്‍ സ്വന്തം കഷ്ടപ്പാടിലൂടെയും മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടിയും പലതും ചെയ്യുന്നത് ഇങ്ങനെയുള്ള ആരോപണങ്ങള്‍ കേള്‍ക്കാന്‍ വേണ്ടിയാണോ എന്ന് ചിന്തിക്കും.