വരുൺ ധവാൻ, ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, സോണാക്ഷി സിൻഹ, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത് എന്നിങ്ങനെ വൻതാരനിര തന്നെ കൈകോർക്കുന്ന കലങ്ക് ട്രെയിലറെത്തി.നിത്യഹരിത പ്രണയത്തിന്റെയും പ്രണയനഷ്ടത്തിന്റെയും ബന്ധങ്ങളിലെ സങ്കീർണതകളുടെയും കഥയാണ് ചിത്രം പറയുന്നതെന്ന സൂചനകളാണ് ട്രെയിലർ തരുന്നത്.
1945-കളുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയവും പ്രണയനഷ്ടവുമൊക്കെ സിനിമയുടെ ഭാഗമാകുന്നുണ്ടെന്നാണ് ട്രെയിലർ തരുന്ന സൂചന. അഭിഷേക് വർമ്മനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുൺ ധവാനും ആദിത്യറോയ് കപൂറുമാണ് ആലിയയുടെ നായകന്മാർ. മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഇരുപത്തിയൊന്ന് വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമാണ് 'കലങ്ക്'. ശ്രീദേവി ചെയ്യാനിരുന്ന റോളാണ് ശ്രീദേവിയുടെ മരണത്തെ തുടർന്ന് മാധുരിയിലെത്തി ചേർന്നത്.
തന്റെ ഡ്രീം പ്രൊജക്റ്റ് എന്നാണ് കരൺ ജോഹർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. 15 വർഷം മുൻപ് കരണിന്റെ പിതാവ് യഷ് ജോഹർ കണ്ട സ്വപ്നമാണ് 'കലങ്കി'ലൂടെ സാക്ഷാത്കരിക്കുന്നതെന്നാണ് കരൺ പറയുന്നത്. നേരത്തെ ചിത്രത്തിലെ 'ഫസ്റ്റ് ക്ലാസ്' എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. അർജിത് സിംഗും നീതി മോഹനും ചേർന്ന് ആലപിച്ച ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രീതമാണ്. ഏപ്രിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.