നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'എന്റെ ഉമ്മാന്റെ പേരിന്റെ' ടീസര്‍ പുറത്ത് വിട്ടു. ടോവിനോയും ഉര്‍വശിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഉമ്മയെ തിരഞ്ഞിറങ്ങുന്ന ചെറുപ്പക്കാരന്‍ ഹമീദായി ടൊവീനോ എത്തുന്നു. ചിത്രം രസകരമായിരിക്കുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.
എന്റെ സഹോദരന്‍ ടൊവീനോയുടെ അടുത്ത ചിത്രം വളരെ സ്പെഷ്യല്‍ ആയിരിക്കും എന്നൊരു വാഗ്ദാനം തരുന്നുണ്ട്. എത്ര സുന്ദരമായ പേരും ടീസറും. ടൊവീനോയ്ക്കും ടീമിനും എന്റെ ആശംസകള്‍, റോക്ക് ഓണ്‍ ടൊവീ. ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പറഞ്ഞു
ചിത്രത്തില്‍ ഹമീദ് എന്ന കച്ചവടക്കാരനെയാണ് ടൊവിനോ അവതരിപ്പിക്കുക. ഉമ്മ ആയിഷയായിട്ടാണ് ഉര്‍വശി ചിത്രത്തില്‍ എത്തുന്നത്. 'അമ്മ -മകന്‍ ബന്ധത്തിനു ഊന്നല്‍ കൊടുക്കുന്ന ചിത്രമാണിതെന്ന് സംവിധായകന്‍ പറയുന്നു. ഹമീദിന്റെ ജീവിതയാത്രയാണു കഥ. പുതുമുഖം സായിപ്രിയയാണു നായിക. ഉര്‍വ്വശി തന്നെയാണ് 'എന്റെ ഉമ്മാന്റെ പേരി'ലെ പ്രധാന നായിക. 'അരവിന്ദന്റെ അതിഥികള്‍' എന്ന ചിത്രത്തിന് ശേഷം ഉര്‍വ്വശി അഭിനയിക്കുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ചിത്രം ഡിസംബര്‍ 21ന് ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിലെത്തും.
അച്ഛന്റെ ഭാര്യമാരില്‍ തന്നെ പ്രസവിച്ച ഉമ്മയെ തേടി നടക്കുന്നതായാണ് ട്രെയിലറിലുള്ളത്. ഈ ചിത്രത്തിലും ടൊവിനോയുടെ കഥാപാത്രം അനാഥനാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആന്റോ ജോസഫ് ഫിലിം കമ്പനി അല്‍ താരി മൂവീസുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഗോപി സുന്ദറാണ് ഈണം പകരുന്നത്. മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.