Latest News

ഫിലോസഫി പഠിച്ച് അധ്യാപകനാകുമെന്ന് വിചാരിച്ചു;  ജപ്പാനില്‍ പോയി ഇംഗ്ലീഷ് പഠിപ്പിക്കും എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും നടന്നില്ല;  കുട്ടികളുടെ കല്യാണം എന്തായി എന്ന ചോദ്യം ചോദിച്ച് ആള്‍ക്കാരിപ്പോള്‍ മടുത്തു എന്ന് തോന്നുന്നു; സുചിത്ര മോഹന്‍ലാല്‍ കുടുംബവിശേഷം പങ്ക് വക്കുമ്പോള്‍

Malayalilife
ഫിലോസഫി പഠിച്ച് അധ്യാപകനാകുമെന്ന് വിചാരിച്ചു;  ജപ്പാനില്‍ പോയി ഇംഗ്ലീഷ് പഠിപ്പിക്കും എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും നടന്നില്ല;  കുട്ടികളുടെ കല്യാണം എന്തായി എന്ന ചോദ്യം ചോദിച്ച് ആള്‍ക്കാരിപ്പോള്‍ മടുത്തു എന്ന് തോന്നുന്നു; സുചിത്ര മോഹന്‍ലാല്‍ കുടുംബവിശേഷം പങ്ക് വക്കുമ്പോള്‍

ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ വിസ്മയ മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച് സിനിമയെന്ന നിലയില്‍ തിയേറ്ററിലെത്തിയ ചിത്രമായിരുന്നു തുടക്കം. ചിത്രത്തിലൂടെ വിസ്മയയും മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച് കഴിഞ്ഞു. ഇപ്പോളിതാ സുചിത്ര മോഹന്‍ലാല്‍ പുതിയ അഭിമുഖത്തിലുടെ മക്കളുടെ വിശേഷങ്ങള്‍ പങ്കിട്ടിരിക്കുകയാണ്.

സിനിമയില്‍ അഭിനയിക്കാന്‍ പ്രണവിനെ ഒരിക്കലും മാതാപിതാക്കളെന്ന നിലയില്‍ തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും പഠനമൊക്കെ കഴിഞ്ഞപ്പോള്‍ പ്രണവ് അധ്യാപകനാകുമെന്നാണ് താന്‍ വിചാരിച്ചതെന്നും സുചിത്ര വ്യക്തമാക്കി. ഒരു കൊല്ലത്തില്‍ രണ്ട് പടമെങ്കിലും ചെയ്യാന്‍ താന്‍ പ്രണവിനോട് പറയാറുണ്ടെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുചിത്ര.

അപ്പുവിന്റെ കാര്യത്തില്‍ എല്ലാവരും പറയുന്നത് ഞങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടാണ് അവന്‍ സിനിമയില്‍ വന്നതെന്നാണ്. എന്നാല്‍ ഞങ്ങള്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടില്ല. അവന്‍ ഫിലോസഫിയാണ് ചെയ്തത്. അതുകഴിഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചും അവന്‍ അധ്യാപകനാകുമെന്ന്. ഞാന്‍ ജപ്പാനില്‍ പോയി ഇം?ഗ്ലീഷ് പഠിപ്പിക്കും എന്നൊക്കെയാണ് ആ സമയത്ത് അവന്‍ പറഞ്ഞിരുന്നത്.

പിന്നെ അത് നടന്നില്ല. അപ്പോള്‍ ഞാന്‍ നോക്കുമ്പോള്‍ ചുമ്മാ വീട്ടില്‍ ഇരിക്കുന്നു, ഒന്നും ചെയ്യുന്നില്ല. മാതാപിതാക്കളെന്ന നിലയില്‍ നമുക്ക് അത്തരം കാര്യങ്ങളില്‍ കരുതലുണ്ടാകുമല്ലോ. അപ്പോഴാണ് ഞാന്‍ ചോദിച്ചത്, നിനക്ക് എന്തുകൊണ്ട് ശ്രമിച്ചു കൂടാ എന്ന്. ഒരു ദിവസം പറഞ്ഞു, ശരി ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോയിന്‍ ചെയ്യാം. അങ്ങനെ ജീത്തുവിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി പോയി.

പിന്നെ അവനത് ഇഷ്ടമായി. അപ്പോള്‍ ഞാന്‍ പറഞ്ഞു, 9 മണി മുതല്‍ 5 മണി വരെയുള്ള ഒരു ജോലിയും നീ ചെയ്യില്ല എന്ന് എനിക്കറിയാം എന്ന്. ഒരു സ്ഥലത്ത് അപ്പുവിനെ പിടിച്ചു വയ്ക്കാന്‍ പറ്റില്ല. ഇതാണെങ്കില്‍ നിനക്ക് ഒരുപാട് സ്ഥലങ്ങള്‍ കാണാം, ഒരുപാട് ആള്‍ക്കാരെ കാണാം, വ്യത്യസ്തമായ കഥാപാത്രങ്ങളൊക്കെ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു.

ഓരോ സിനിമയ്ക്കും പോകുമ്പോള്‍ പല തരത്തിലുള്ള കൗതുകവും ആയിരിക്കുമല്ലോ. അപ്പോള്‍ നീ ശ്രമിച്ച് നോക്ക്. അങ്ങനൊയൊക്കെ പറഞ്ഞിട്ടാണ്, ഓക്കെ ശരി ഞാന്‍ ട്രൈ ചെയ്യാമെന്ന് അവന്‍ പറയുന്നത്. അപ്പുവിന് മ്യൂസിക് ഭയങ്കര ഇഷ്ടമാണ്. ഇപ്പോള്‍ തന്നെ അവന്റെ കസിന്‍സും സുഹൃത്തുക്കളുമൊക്കെ ചേര്‍ന്ന് കുറേ പാട്ടുകളൊക്കെ കമ്പോസ് ചെയ്തിട്ടുണ്ട്.

അവര്‍ ?ഗിറ്റാര്‍, ജാം ഒക്കെ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. അതൊരു ആല്‍ബം ആക്കാനുള്ള പ്ലാനിലാണ്. അതൊരു സൈഡില്‍ നടക്കുന്നുണ്ട്. പിന്നെ ഒരു നോവല്‍ എഴുതുന്നുണ്ട്. അതെവിടെ വരെയായി എന്ന് എനിക്കറിയില്ല. അവനെപ്പോഴും എല്ലാത്തിലുമൊരു സ്‌പെയ്‌സുണ്ട്.

ഞാനെപ്പോഴും അവനോട് പറയും, എടാ ഒരു കൊല്ലത്തില്‍ രണ്ട് പടമെങ്കിലും ചെയ്യ് എന്ന്. അമ്മാ ഞാനെന്റെ സ്‌പെയ്‌സില്‍ നിന്നു കൊണ്ട് ചെയ്‌തോളാം എന്ന് അവന്‍ പറഞ്ഞു. പിന്നെ ഞാന്‍ വിചാരിച്ചു, അവന്‍ പറയുന്നതും കറക്ടാണ്. അവനൊരു ബാലന്‍സ് കണ്ടുപിടിച്ചിട്ടുണ്ട്, അതും ഇതുമായിട്ട്'.- സുചിത്ര പറഞ്ഞു.

മക്കളായ പ്രണവിന്റെയും വിസ്മയയുടെയും വിവാഹത്തെക്കുറിച്ചുളള ചോദ്യത്തിന് മറുപടിയായി മക്കളുടെ വിവാഹം എന്ന് നടക്കുമെന്ന ചോദ്യങ്ങള്‍ കേട്ട് ജനങ്ങള്‍ക്ക് ഇപ്പോള്‍ മടുത്തു കാണുമെന്നാണ് സുചിത്ര തമാശരൂപേണെ പറയുന്നത്. വിവാഹം കഴിക്കുന്നതും കഴിക്കാതിരിക്കുന്നതുമെല്ലാം പൂര്‍ണ്ണമായും മക്കളുടെ മാത്രം തീരുമാനമാണെനും സുചിത്ര വ്യക്തമാക്കി. 

'കുട്ടികളുടെ കല്യാണം എന്തായി എന്ന ചോദ്യം ചോദിച്ച് ആള്‍ക്കാരിപ്പോള്‍ മടുത്തു എന്ന് തോന്നുന്നു. അതും അവരുടെ ഇഷ്ടം. ഞാന്‍ പറഞ്ഞിട്ടുണ്ട് നിങ്ങള്‍ക്ക് കഴിക്കണം എന്ന് തോന്നുമ്പോള്‍ കഴിക്കാം. ഇനിയിപ്പോള്‍ ഞങ്ങള്‍ കണ്ടുപിടിച്ച് തരണമെന്ന് പറഞ്ഞാല്‍ വന്നു പറഞ്ഞോ. നിങ്ങള്‍ക്ക് സ്വന്തമായി കണ്ടുപിടിക്കണമെങ്കില്‍ അതും ഞങ്ങളോട് തുറന്നു പറയാം. നിങ്ങള്‍ക്ക് ഇനി കല്യാണം വേണ്ടെങ്കില്‍ അതും ഓക്കെ.

നിങ്ങള്‍ നമ്മുടെ കൂടെ ഇരിക്കുന്നത് നമുക്ക് ഏറ്റവും സന്തോഷമാണ്. എപ്പോള്‍ വേണമെങ്കിലും അത് നിങ്ങള്‍ക്ക് ഞങ്ങളോട് തുറന്നു പറയാം എന്ന്. പിന്നെ എല്ലാവരും ഞങ്ങളോട് പറയും നിങ്ങള്‍ക്ക് കൊച്ചുമക്കള്‍ വേണ്ടേ എന്ന്. ഞാന്‍ പറയും എന്റെ ചേട്ടന്റെയും ചേച്ചിയുടെയുമൊക്കെ കൊച്ചുമക്കളുണ്ട്. അതുമതി. ഇവര്‍ക്ക് എപ്പോഴാ വേണ്ടതെന്ന് വച്ചാല്‍ അപ്പോള്‍ നോക്കാം.

ഇപ്പോഴത്തെ ജനറേഷനും അതാണ് ഇഷ്ടം. അവര്‍ ഇപ്പോള്‍ മുതിര്‍ന്ന ആളുകളാണ്. അപ്പുവാണെങ്കില്‍ അവനിപ്പോള്‍ 36 വയസായി. മായക്ക് ആണെങ്കില്‍ ഇപ്പോള്‍ 32 വയസായി. അവര്‍ക്ക് ആ സ്വാതന്ത്ര്യം ഇല്ലെങ്കില്‍ പിന്നെ, അല്ലെങ്കില്‍ നമ്മള്‍ പറയുന്ന പോലെ കേള്‍ക്കണം എന്നൊന്നും പറഞ്ഞാല്‍ പറ്റില്ല,' സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു.

അഭിനയിക്കണമെന്ന ആഗ്രഹം വിസ്മയ ആദ്യം അറിയിച്ചത് സഹോദരന്‍ പ്രണവിനോടാണെന്നും സ്‌കൂള്‍ കാലം മുതല്‍ നാടകങ്ങളില്‍ താല്പര്യമുണ്ടായിരുന്നെങ്കിലും ആത്മവിശ്വാസക്കുറവ് കാരണമാണ് സിനിമയിലേക്ക് വരാന്‍ വൈകിയതെന്നും സുചിത്ര പറയുന്നു. പിന്നീട് സുചിത്ര വിശാഖ് സുബ്രഹ്മണ്യവുമായി ബന്ധപ്പെടുകയും അദ്ദേഹം സംവിധായകന്‍ ജൂഡ് ആന്റണിയെ നിര്‍ദ്ദേശിക്കുകയുമായിരുന്നു. 

ഊട്ടിയിലെ ഹെബ്രോണ്‍ സ്‌കൂളില്‍ പഠിച്ചതിനാല്‍ ഇരുവര്‍ക്കും മലയാളം സംസാരിക്കുന്നതില്‍ തുടക്കത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സിനിമാ സെറ്റുകളിലെ ഇടപെടലുകളിലൂടെ പ്രണവ് തന്റെ മലയാളം മെച്ചപ്പെടുത്തിയെന്നും. ഇംഗ്ലീഷില്‍ ചിന്തിക്കുകയും 'മംഗ്ലീഷില്‍' സ്‌ക്രിപ്റ്റ് എഴുതി പഠിക്കുകയും ചെയ്യുന്ന വിസ്മയയ്ക്ക് ഡയലോഗുകള്‍ കൃത്യമായി പഠിക്കാന്‍ ഒരു മാസമെങ്കിലും സമയം ആവശ്യമാണെന്ന് സുചിത്ര വ്യക്തമാക്കി.

suchitra mohanlal opens up pranav and maya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES