റിലീസിനെത്തിയ പുതിയ ചിത്രം 'ബെത്ലഹേം കുടുംബ യൂണിറ്റ്' തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. 'പ്രേമലു' ടീമിനൊപ്പം നിവിന്‍ പോളിയും കൂടി ചേര്‍ന്നപ്പോള്‍ മികച്ചൊരു റോം-കോം ജോണര്‍ ചിത്രമാണ് മലയാളത്തിന് ലഭിച്ചതെന്ന് സിനിമ കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. 'സര്‍വ്വം മായ'ക്ക് പിന്നാലെ നിവിന്‍ മറ്റൊരു വമ്പന്‍ ഹിറ്റിനാണ് ബോക്‌സ് ഓഫീസില്‍ കളമൊരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസിന് പിന്നാലെ നിവിന്‍ പോളിയെ അഭിനന്ദിച്ചുകൊണ്ട് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. 'പൊളിച്ചു മുത്തേ, നിന്നെ ഓര്‍ത്ത് ഒരുപാട് സന്തോഷവാനാണ്' എന്നാണ് നിവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നിവിന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായ 'ഓം ശാന്തി ഓശാന' സമ്മാനിച്ച സംവിധായകനാണ് ജൂഡ് ആന്തണി ജോസഫ്.
നസ്രിയയും നിവിനും പ്രധാനവേഷത്തിലെത്തിയ 'ഓം ശാന്തി ഓശാന' ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. 'ഓം ശാന്തി ഓശാന'യിലേതുപോലെ ഏജ്-ഗ്യാപ് റൊമാന്‍സ് പശ്ചാത്തലമാക്കിയുള്ള കഥയാണ് 'ബെത്ലഹേമി'ലും സംവിധായകന്‍ ഗിരീഷ് എ.ഡി. ഒരുക്കിയിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, റോഷന്‍ ഷാനവാസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ജൂഡ് ആന്തണി ജോസഫ്-നിവിന്‍ പൊളി കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ പുറത്തിറങ്ങണമെന്ന ആഗ്രഹവും നിരവധി പേര്‍ കമന്റ് ബോക്‌സിലൂടെ പറയുന്നുണ്ട്.