സു.. സു... സുധി വാത്മീകം സിനിമയിലൂടെ മലയാളികളുടെ ഇഷ്ട താരമായ നടിയാണ് ശിവദ. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും സജീവ സാന്നിധ്യമാണ് നടി വിവാഹശേഷവും കുഞ്ഞ് പിറന്നതിന് ശേഷവും വലിയ ഇടവേളകളെടുക്കാതെ സിനിമയില്‍ തുടരുകയാണ്.
കുടുംബജീവിതവും ബിസിനസ്സും അഭിനയവുമെല്ലാം ഒരുപോലെ കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ 'ആനീസ് കിച്ചണില്‍' അതിഥിയായി എത്തിയപ്പോള്‍ നടി പങ്ക് വച്ചിരിക്കുകയാണ്.
അച്ഛന്റെ ആഗ്രഹപ്രകാരമാണ് താന്‍ എന്‍ജിനീയറിങ് പഠിച്ചതെന്ന് ശിവദ വെളിപ്പെടുത്തുന്നു. അച്ഛന്‍ എന്‍ജിനീയര്‍ ആയതുകൊണ്ട് മകളും എന്‍ജിനീയര്‍ ആകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. തുടര്‍ന്ന് കോളേജില്‍ പോയി നല്ല മാര്‍ക്കോടെ ആ കോഴ്‌സ് പാസാകുകയും ചെയ്തു. എന്നാല്‍ തനിക്ക് താല്‍പ്പര്യമുള്ളത് സിനിമയിലായതുകൊണ്ടാണ് ഇന്‍ഡസ്ട്രിയിലേക്ക് കടന്നുവന്നതെന്ന് താരം വ്യക്തമാക്കി.
സിനിമയിലേക്ക് വരാന്‍ അമ്മ പൂര്‍ണ്ണ പിന്തുണ നല്‍കിയെങ്കിലും അച്ഛന് അതില്‍ ഒട്ടും സമ്മതമുണ്ടായിരുന്നില്ല. തനിക്ക് താല്‍പ്പര്യമില്ലാത്ത എന്‍ജിനീയറിങ് പഠനത്തിനായി നാല് വര്‍ഷം കളഞ്ഞെന്ന് പറഞ്ഞ് അച്ഛന്‍ വഴക്കുപറയുമ്പോള്‍, താല്‍പ്പര്യമില്ലെന്നറിഞ്ഞിട്ടും എന്തിനാണ് ആ നാല് വര്‍ഷം പഠിപ്പിച്ചതെന്ന് താനും തിരിച്ച് ചോദിക്കുമായിരുന്നു എന്ന് ശിവദ പറയുന്നു. എങ്കിലും തന്റെ ഇന്നത്തെ വിജയങ്ങളില്‍ അച്ഛന്‍ ഇപ്പോള്‍ വളരെ സന്തോഷവാനും അഭിമാനവാനുമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
ആ കോളേജില്‍ പോയതുകൊണ്ടാണ് മുരളിയെ കിട്ടിയത്. ഞങ്ങള്‍ രണ്ട് പേരും തുടക്കത്തില്‍ ഒരുമിച്ചാണ് അവസരങ്ങള്‍ക്ക് വേണ്ടി ശ്രമിച്ചത്. വിനയന്‍ സാറിന്റെ സിനിമയില്‍ മുരളി നായകനായും അഭിനയിച്ചു. പക്ഷേ ക്ലിക്കായില്ല, എന്റെ അവസ്ഥയും അങ്ങനെ തന്നെ. എങ്കില്‍ പിന്നെ കല്യാണം കഴിച്ച് സെറ്റില്‍ഡ് ആവാം എന്ന് കരുതി. അതായിരുന്നു വീട്ടുകാരുടെ ടെന്‍ഷന്‍, രണ്ടാളും എവിടെയും എത്തിയില്ല, അതിന് മുന്‍പേ കല്യാണം എന്നായി. പക്ഷേ മുരളി അപ്പോഴേക്കും പ്രൊഫഷന്‍ സ്വിച്ച് ചെയ്ത് ബിസിനസ്സിലേക്ക് മാറി.
വിവാഹ നിശ്ചയത്തിന് ശേഷമാണ് സുസു സുധി വാത്മീകം വരുന്നത്. സിനിമ ഷൂട്ടിങ് കഴിഞ്ഞ്, ഞാന്‍ തമിഴിലൊരു സിനിമ കമ്മിറ്റ് ചെയ്തതു. രണ്ടും അടുത്തടുത്ത് റിലീസ് ചെയ്തു, രണ്ടും സൂപ്പര്‍ ഹിറ്റുമായി. ആ വിജയത്തില്‍ നില്‍ക്കുമ്പോഴായിരുന്നു കല്യാണം. കല്യാണം ക്ഷണിക്കാന്‍ പോയവരൊക്കെ, ഇത്ര പെട്ടന്ന് കല്യാണമോ, കരിയര്‍ തുടങ്ങിയിട്ടല്ലേ എന്ന് ചോദിക്കാന്‍ തുടങ്ങിയതോടെ എനിക്കും പേടിയായി. കല്യാണം നിര്‍ത്തിവച്ചാലോ എന്ന് പോലും ആലോചിച്ചു. അപ്പോഴാണ് മുരളി ഫുള്‍ സപ്പോര്‍ട്ട് വാഗ്ദാനം ചെയ്തത്. ആ സപ്പോര്‍ട്ട് എനിക്കിപ്പോഴുമുണ്ട്.
കുഞ്ഞ് പിറന്നതിന് പിന്നാലെ ഞാന്‍ ഷൂട്ടിങിന് പോയിട്ടുണ്ട്. ഇപ്പോഴും അവളുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും ബിസിനസ് കാര്യങ്ങളും, യോഗ ക്ലാസുമൊക്കെ എനിക്ക് ബാലന്‍സ് ചെയ്തു പോകാന്‍ പറ്റുന്നത് മുരളിയുടെ സപ്പോര്‍ട്ട് ഉള്ളത് കൊണ്ടാണ്. അതുപോലെ തന്നെ എന്റെ ഫാമിലിയുടെയും മുരളിയുടെ ഫാമിലിയുടെയും സപ്പോര്‍ട്ടുണ്ട്- ശിവദ പറഞ്ഞു